1800 വിദ്യാർത്ഥിനികൾ ഒത്തു പാടി,’ഇന്ത്യ രാഗ്’ ദേശഭക്തി ഗാനം
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 1800 ലേറെ വിദ്യാർത്ഥിനികൾ പങ്കെടുത്ത മെഗാ ദേശഭക്തി ഗാനം ‘ഇന്ത്യ രാഗ് 2023’ അരങ്ങിലെത്തി. ഒരു വേദിയിൽ എട്ട് ഇന്ത്യൻ ഭാഷകളിലാണ് ഏഴ് ഗാനങ്ങൾ അവതരിപ്പിച്ചത്. കോഴിക്കോട് ചാലപ്പുറം ഗവ.ഗണപത് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനികളാണ് പാട്ടുമായി രംഗത്തെത്തിയത്. അഞ്ചാം ക്ലാസ് മുതൽ പ്ലസ്‌ടു വരെയുള്ള കുട്ടികളാണ് പാടിയത്.
ഗാനാലാപന പരിപാടി തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. നാനാ ജാതി മതവിഭാഗങ്ങളെയും വ്യത്യസ്ത ഭാഷകളെയും സമന്വയിച്ചു കൊണ്ടു പോകുന്ന രാജ്യം എന്ന നിലയ്ക്കാണ് ഇന്ത്യ മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാകുന്നതെന്ന് മന്ത്രി പറഞ്ഞു. മെഗാ ദേശഭക്തിഗാനത്തിനായി അണിനിരന്ന എല്ലാവരെയും മന്ത്രി അഭിനന്ദനം അറിയിച്ചു.
15 മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിൽ കന്നട, സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദി, കൊങ്ങിണി, ബംഗാളി, മലയാളം ഭാഷകൾ ഉൾപ്പെടുത്തിയിരുന്നു. സംഗീതജ്ഞരായ ഡൊമിനിക് മാർട്ടിൻ (കീബോർഡ്), ശശികൃഷ്‌ണ (ബേയ്‌സ് ഗിറ്റാർ), സോമൻ (ലീഡ് ഗിറ്റാർ) പീതാംബരൻ (റിഥം പാഡ്) എന്നിവരാണ് തത്സമയ പശ്ചാത്തല സംഗീതം നൽകിയത്. സ്കൂളിലെ സംഗീതാധ്യാപികയായ ഡി.കെ. മിനിയാണ് കുട്ടികളെ പരിശീലിപ്പിച്ചത്.
സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രേഖ സി, ആർ.ഡി.ഡി.ഇ. സന്തോഷ് കുമാർ എം, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷാദിയ ഭാനു, എ.ഇ.ഒ എം. ജയകൃഷ്ണൻ, പ്രിൻസിപ്പൽ മധു എ.കെ, എച്ച്.എം. ഉമ്മുകുൽസു കെ.ടി എന്നിവർ പങ്കെടുത്തു.