ഐസിഫോസ് കോൺഫറൻസ്: പ്രബന്ധങ്ങൾ ക്ഷണിച്ചു
കേരളസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) സംഘടിപ്പിക്കുന്ന രണ്ടാം ഇന്റർനാഷണൽ കോൺഫറൻസ് മാർച്ച് 21,22 തീയതികളിൽ കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസ് ക്യാമ്പസിൽ നടക്കും.
‘കമ്പ്യൂട്ടേഷണൽ ഇന്റലിജൻസിലെയും ഭാഷാ സാങ്കേതിക വിദ്യയിലെയും സ്വതന്ത്ര സോഫ്റ്റ് വെയർ (ഫോസ്) സമീപനങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന കോൺഫറൻസിലേക്ക് ജനുവരി 30 വരെ പ്രബന്ധങ്ങൾ സമർപ്പിക്കാം.
കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് ചർച്ചകളിലൂടെ തങ്ങളുടെ ന്യൂതനാശയങ്ങൾ പങ്കുവെക്കുന്നതിനും ഫോസ് അടിസ്ഥാനത്തിലുള്ള കമ്പ്യൂട്ടേഷണൽ ഇന്റലിജൻസിലെയും ഭാഷാസാങ്കേതികതയിലെയും നവീന മുന്നേറ്റങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനുള്ള അവസരം നൽകുന്നു. പ്രബന്ധാവതാരകർക്ക് തങ്ങളുടെ ഗവേഷണത്തെക്കുറിച്ച് വ്യത്യസ്ത മേഖകളിൽ നിന്നുള്ള ഗവേഷകരോടൊപ്പം ആശയങ്ങൾ പങ്കുവെയ്ക്കുന്നതിനും ചർച്ചകളിൽ ഏർപ്പെടുന്നതിനും കോൺഫറൻസ് വഴിയൊരുക്കും.
കൂടാതെ കോൺഫറൻസിൽ ഉൾപ്പെടുത്തിയിട്ടുള്ള പോസ്റ്റർ സെഷനിൽ ഗവേഷകർക്ക് അവരുടെ ഗവേഷണങ്ങൾ പോസ്റ്റർ രൂപത്തിൽ പ്രദർശിപ്പിക്കുന്നതിനും സമാന മേഖലയിൽ പ്രവർത്തിക്കുന്ന ഗവേഷകരിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനുമുള്ള അവസരവും ലഭിക്കും.
യു.ജി.സി-കെയർ ലിസ്റ്റിൽ (ഗ്രൂപ്പ്-1) പട്ടികയിൽപ്പെടുത്തിയിട്ടുള്ള അനുയോജ്യമായ ഐ.സി.ടി.എസി ജേണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിനായി ശുപാർശ ചെയ്യും. ഐ.സി.ടി.എസി അക്കാദമിയുടെ പിയർ റിവ്യുവിന് ശേഷം മാത്രമേ ഈ പ്രബന്ധങ്ങൾ പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുക്കു.
കോൺഫറൻസിൽ അവതരിപ്പിക്കുന്ന മറ്റ് പ്രബന്ധങ്ങൾ പിയർ റിവ്യു നടത്തിയതിനുശേഷം സ്‌കോപ്പസ് ഇൻഡെക്‌സ്ഡ് ജേണലുകളിൽ പ്രസിദ്ധീകരിക്കും. കോൺഫറൻസ് വിധികർത്താക്കൾ തെരഞ്ഞെടുക്കുന്ന മികച്ച പ്രബന്ധത്തിനും പോസ്റ്ററിനും അവാർഡുകൾ സമ്മാനിക്കും. പൂർണ്ണ രൂപത്തിലുള്ള പ്രബന്ധം https://fosscilt.icfoss.org എന്ന വെബ്‌സൈറ്റ് മുഖേന സമർപ്പിക്കണം. രജിസ്‌ട്രേഷനും ഫീസും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് https://fosscilt.icfoss.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.