പേറ്റന്റ് രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ ?

ഡോ.അജിത് പ്രഭു. വി

ഒരു കണ്ടുപിടിത്തത്തിന്റെ യഥാർത്ഥ ഉപജ്ഞാതാവിനോ, ആ വ്യക്തിയാൽ നിയോഗിക്കപ്പെട്ട മറ്റൊരാളിനോ, ഉപജ്ഞാതാവിന്റെ മരണശേഷമാണെങ്കിൽ നിയമപ്രകാരമുള്ള പ്രതിനിധിക്കോ ഒറ്റയ്ക്കോ അല്ലെങ്കിൽ ഒരുമിച്ചോ പേറ്റന്റിനായി പേറ്റന്റ് ഓഫീസിൽ അപേക്ഷിക്കാം. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്തെ എന്നിവിടങ്ങളിലാണ് ഇന്ത്യൻ പേറ്റന്റ് ഓഫീസുകൾ സ്ഥിതിചെയ്യുന്നത്.

അപേക്ഷാർത്ഥിയുടെ വാസസ്ഥലമോ ബിസിനസ്സ് ആസ്ഥാനമോ കണ്ടുപിടിത്തം രൂപപ്പെട്ട സ്ഥലമോ അല്ലെങ്കിൽ ഇടനില നിൽക്കുന്ന ഓഫീസോ ഇതിൽ ഏതു പേറ്റന്റ് ഓഫീസിന്റെ പരിധിയിൽ പെടുന്നുവോ അവിടെയാണ് അപേക്ഷകൻ പേറ്റന്റ് ഫയൽ ചെയ്യേണ്ടത്.

കംപ്ലീറ്റ് സ്പെസിഫിക്കേഷൻ

പേറ്റന്റ് അപേക്ഷയിൽ കണ്ടുപിടിത്തത്തിന്റെ വിശദവിവരങ്ങൾ അടങ്ങിയ രേഖയെ കംപ്ലീറ്റ് സ്പെസിഫിക്കേഷൻ (Complete Specification) എന്നാണ് പറയുന്നത്. പേറ്റന്റ് അപേക്ഷ ഫയൽചെയ്യുന്ന തീയതിയാണ് അതിന്റെ ‘മുൻഗണനാതീയതി’യായി കണക്കാക്കുന്നത്. അതുകൊണ്ട്, പൂർത്തീകരണത്തിൽ എത്താത്ത പ്രബലമായ കണ്ടുപിടിത്തങ്ങൾക്ക് ‘പ്രൊവിഷണൽ സ്പെസിഫിക്കേഷൻ’ ഫയൽചെയ്യാനായും ഒരു ഉപാധിയുണ്ട്.

കണ്ടുപിടിത്തത്തിന്റെ സാരാംശം അടങ്ങുന്ന ഈ രേഖ സമർപ്പിക്കുന്നതുവഴി, ഉപജ്ഞാതാവിന് മുൻഗണനാതീയതിയും, കംപ്ലീറ്റ് സ്പെസിഫിക്കേഷൻ ഫയൽചെയ്യുവാനായി ഒരു വർഷത്തെ കാലയളവും ലഭിക്കുന്നു. പേറ്റന്റ് സ്പെസിഫിക്കേഷൻ തയ്യാറാക്കുന്നതിനും പേറ്റന്റ് സംബന്ധമായ ഏത് ആധികാരികസംശയങ്ങൾക്കും മറ്റും സാധാരണ ഒരു അംഗീകൃതപേറ്റന്റ് ഏജന്റിന്റെ സേവനം ചിലർ പ്രയോജനപ്പെടുത്താറുണ്ട്.

പേറ്റന്റ് അപേക്ഷാപരിശോധന

മതിയായ രേഖകളുടെ പിൻബലത്തോടെ പേറ്റന്റിനായുള്ള ഒരു അപേക്ഷ പേറ്റന്റ് ഓഫീസിൽ സമർപ്പിച്ചുകഴിഞ്ഞാൽ 18 മാസങ്ങൾക്കു ശേഷം അത് പേറ്റന്റ് ഓഫീസിന്റെ ജേർണലിൽ പ്രസിദ്ധീകരിക്കപ്പെടും. അതിലും നേരത്തെ പ്രസിദ്ധീകരിക്കുന്നതിന് പ്രത്യേകം അപേക്ഷ നൽകാവുന്നതാണ്. പരിശോധനയ്ക്കുള്ള അപേക്ഷ ലഭിച്ചാൽ പ്രസിദ്ധീകരണ ത്തിനുശേഷം പേറ്റന്റ് അപേക്ഷയിന്മേൽ ആവശ്യമായ പരിശോധന നടത്തുന്നു.

അപേക്ഷയിൽ വിവരിച്ചിട്ടുള്ള കണ്ടുപിടിത്തം പേറ്റന്റ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ, ഇന്ത്യൻ പേറ്റന്റ് ആക്ടിന് അനുസൃതമാണോ എന്നൊക്കെയുള്ള ഒരു ഒത്തുനോക്കലാണ് ഈ പരിശോധനയിൽ നടത്തുന്നത്. പരിശോധകന്റെ സംശയങ്ങൾ നിവാരണംചെയ്യുന്നതിനും, തന്റെ വാദം കൺട്രോളർക്കു മുന്നിൽ ഉന്നയിക്കുന്നതിനും ഇതിനിടെ അവസരം ലഭിക്കുന്നു. ഈ കാലയളവിൽ മതിയായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു പേറ്റന്റിനെ എതിർക്കുവാനുള്ള അവസരം ഏതൊരാൾക്കുമുണ്ട്. എതിർപ്പുകളൊന്നും ഇല്ലാത്തപക്ഷം, അപേക്ഷകന് പേറ്റന്റ് നൽകപ്പെടും. പേറ്റന്റ് നല്‍കുന്നതിനു മുമ്പുള്ള എതിർപ്പിന് ഒരു വർഷത്തെ കാലയളവുണ്ട്‌. അതിനുള്ള അപേക്ഷയും പേറ്റന്റ് ഓഫീസിൽത്തന്നെ സമർപ്പിക്കാവുന്നതാണ്. പിന്നീടുള്ള എതിർപ്പുകളും കേസുകളും കൈകാര്യംചെയ്യുന്നത് ഇന്റലക്ച്വൽ പ്രോപ്പർട്ടി അപ്പലേറ്റ് ബോർഡ് (IPAB) ആണ്.

(പേറ്റന്റ് ഫയൽ ചെയ്യുമ്പോൾ, പേറ്റന്റ് ഉടമയുടെ കാലശേഷം അവകാശങ്ങൾ ആർക്ക് തുടങ്ങിയ വിവരങ്ങൾ അടുത്ത ലക്കത്തില്‍ വായിക്കാം )

Leave a Reply

Your email address will not be published. Required fields are marked *