എന്താണ് പേറ്റന്റ് ? അതെങ്ങനെ നേടാം
ഡോ.അജിത് പ്രഭു. വി
തിരുവനന്തപുരം കേരള ശാസ്ത്ര സങ്കേതിക പരിസ്ഥിതി കൗൺസിലിലെ ചീഫ് സയന്റിസ്റ്റും ഇന്റലക്ച്വൽ പ്രോപ്പർട്ടിറൈറ്റ്സ് ഇൻഫർമേഷൻ സെന്റർ – കേരളയുടെ നോഡൽ ഓഫീസറുമാണ് ലേഖകന്‍ . “ബൗദ്ധിക സ്വത്തും അവകാശങ്ങളും ” എന്ന പുസ്തകത്തിന്റെ രചയിതാവു കൂടിയാണ്.
ഒരു തെങ്ങുകയറ്റ യന്ത്രം കണ്ടു പിടിച്ചാൽ അല്ലെങ്കിൽ പുതിയൊരു സോളാർ വാഹനം കണ്ടു പിടിച്ചാൽ അതിന് പേറ്റന്റ് നേടി നിർമ്മാണ രഹസ്യവും വില്പനയുടെ അധികാരവും നമുക്ക് സ്വന്തമാക്കാം. ഒരു ഉപജ്ഞാതാവിന് തന്റെ കണ്ടുപിടുത്തം ഒരു നിശ്ചിതകാലത്തേക്ക് നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നതിനും വില്ക്കുന്നതിനും മറ്റും ഗവണ്മെന്റ് നല്കുന്ന കുത്തകാവകാശമാണ് പേറ്റന്റ്.
കണ്ടുപിടിത്തത്തിന്റെ പൂർണ്ണമായ വെളിപ്പെടുത്തലിനു പകരമായി ഉപജ്ഞാതാവിന് ലഭിക്കുന്ന ഈ അവകാശങ്ങൾ അവരുടെ യുക്തിവൈഭവത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ബന്ധപ്പെട്ട മേഖലയിലെ മെച്ചപ്പെട്ട കണ്ടുപിടുത്തങ്ങൾക്ക് ആക്കംകൂട്ടുകയും ചെയ്യുന്നു. ഉപജ്ഞാതാവിന് സാമ്പത്തികനേട്ടം ലഭിക്കുന്നതിനു പുറമേ, കണ്ടുപിടുത്തത്തിന്റെ വെളിപ്പെടുത്തൽമൂലം പൊതുവിൽ അറിവിന്റെ വ്യാപ്തി കൂട്ടാനും, അതുമൂലമുള്ള പ്രയോജനങ്ങൾ കൊയ്തെടുക്കുവാനും ജനങ്ങൾക്കു സാധിക്കുന്നു. പേറ്റന്റ് വ്യവസ്ഥയുടെ ആത്യന്തികലക്ഷ്യം സമൂഹത്തിന്റെ ഉന്നതിയാണ്.
പേറ്റന്റിനുള്ള അപേക്ഷ സമർപ്പിക്കുന്ന തീയതിമുതൽ ഇരുപതു വർഷമാണ്, ഒരു പേറ്റന്റിന്റെ കാലാവധി. ഈ കാലയളവിനുള്ളിൽ തന്റെ പേറ്റന്റ് മറ്റാർക്കെങ്കിലും സമ്മാനിക്കാനോ, പിന്തുടർച്ച നൽകാനോ വിൽക്കാനോ ഉള്ള അധികാരം ഉപജ്ഞാതാവിനുണ്ട്. പേറ്റന്റ് അവകാശത്തിന്റെ സാധുത രാജ്യാതിർത്തിക്കുള്ളിലാണ്. അതായത്, ഇന്ത്യയിൽ അനുവദിച്ച പേറ്റന്റ് ഇന്ത്യയിൽ മാത്രമേ പ്രാബല്യത്തിലാക്കാൻ സാധിക്കുകയുള്ളൂ. ഉപജ്ഞാതാവിന് മറ്റു രാജ്യങ്ങളിലും പേറ്റന്റ് അവകാശം വേണമെന്നുണ്ടെങ്കിൽ അതിനായുള്ള നിർദ്ദിഷ്ടമാർഗ്ഗങ്ങൾ സ്വീകരിക്കണം.
പേറ്റന്റ് ലഭിക്കുന്നതിനുള്ള യോഗ്യത
ഒരു കണ്ടുപിടിത്തം പേറ്റന്റിന് യോഗ്യമാവണമെങ്കിൽ അതിൽ നവീനത, യുക്തിവൈഭവം, വ്യാവസായികാടിസ്ഥാനത്തിലുള്ള നിർമ്മാണ യോഗ്യത എന്നീ മൂന്നു ഘടകങ്ങൾ നിർബ്ബന്ധമായും ഉണ്ടാവണം. ഒരു കണ്ടുപിടിത്തം നൂതനമായി അംഗീകരിക്കപ്പെടണമെങ്കിൽ അത് ലോകത്തെവിടെയും പ്രസിദ്ധീകരണത്തിലൂടെയോ, മുൻ ഉപയോഗത്തിലൂടെയോ മറ്റൊരാളുടെ അറിവിൽ പെടാത്തതാവണം. അതാതു മേഖലയിൽ സാമാന്യം സാങ്കേതികയറിവും പരിജ്ഞാനവുമുള്ള ഒരു വ്യക്തിക്ക് ആ കണ്ടുപിടിത്തത്തിൽ യുക്തിവൈഭവം ഉള്ളതായി തോന്നണം. ആ വ്യത്യസ്തതയാണ് കണ്ടുപിടിത്തത്തിന്റെ സാങ്കേതികമുന്നേറ്റത്തിന് കാരണഹേതുവായ സവിശേഷത.
പേറ്റന്റ് ഉടമയുടെ അവകാശങ്ങൾ
പേറ്റന്റ് ലഭിക്കുന്നതിലൂടെ അതിന്റെ ഉടമയ്ക്ക് സർക്കാർ ചില പ്രത്യേക അധികാരങ്ങൾ നൽകുന്നുണ്ട്. പേറ്റന്റ് അവകാശം നേടിയ തന്റെ ഉൽപന്നത്തെയോ അല്ലെങ്കിൽ പ്രക്രിയയെയോ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും വിൽപ്പനാവകാശം നൽകുന്നതിനും കയറ്റുമതിചെയ്യുന്നതിനും പേറ്റന്റുടമയ്ക്ക് പരമമായ അധികാരമുണ്ട്. അതായത്, മറ്റാർക്കും തന്റെ അനുവാദം കൂടാതെ തന്റെ കണ്ടുപിടുത്തത്തെ സംബന്ധിച്ച് മേൽപ്പറഞ്ഞ അധികാരങ്ങൾ ഉപയോഗിക്കുവാൻ കഴിയുകയില്ല. തന്റെ അനുവാദം നേടാതെ ഈ അധികാരങ്ങൾ അതിക്രമിച്ചു കടക്കുന്ന ഒരാളെ തടയുവാനുള്ള അധികാരം പേറ്റന്റുടമയ്ക്ക് ഉണ്ട്.
ഇത്തരത്തിലുള്ള കയ്യേറ്റം കോടതിക്കു മുമ്പിൽ സ്ഥാപിക്കാൻ പേറ്റന്റുടമയ്ക്കു സാധിച്ചാൽ അയാളിൽനിന്നും നഷ്ടപരിഹാരം നേടിക്കൊടുക്കുവാനും, അത്തരം പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുവാനും കയ്യേറ്റംചെയ്യപ്പെട്ട വസ്തുക്കളെ കസ്റ്റഡിയിലെടുക്കുവാനും മറ്റും കോടതിക്ക് ഉത്തരവിടാം.എന്നാൽ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന ഒരു ഘട്ടത്തിൽ ഗവൺമെന്റിന് ഈ പേറ്റന്റ് അവകാശങ്ങളെ കയ്യേറുവാനുള്ള അധികാരമുണ്ട്. പകർച്ചവ്യാധി പടരുന്നതുപോലെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ അതിനുള്ള മരുന്നുകൾ ജനങ്ങൾക്ക് താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കുവാനായി നിർബ്ബന്ധിതലൈസൻസ് കൊടുക്കുവാനും അത്തരം മരുന്നുകൾ ഇറക്കുമതിചെയ്ത് ആവശ്യാനുസരണം വിതരണംചെയ്യുവാനും ഗവൺമെന്റിന് അധികാരമുണ്ട്.
( പേറ്റന്റ് ഉടമയുടെ കാലശേഷം അവകാശങ്ങൾ ആർക്ക്, പേറ്റന്റ് രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ,
പേറ്റന്റ് ഫയൽ ചെയ്യുമ്പോൾ, തുടങ്ങിയ വിവരങ്ങൾ വരും ലക്കങ്ങളിൽ വായിക്കാം )
ഡോ അജിത് പ്രഭുവിന്റെ ഈ ലേഖനം തീർച്ചയായും നല്ല ഒരു തുടക്കമാണ്. ബൗദ്ധിക സ്വത്തവകാശം കാലാന്തരത്തിൽ എല്ലാവർക്കും താത്പര്യമുള്ള ഒരു വിഷയമായി മാറിയിട്ടുണ്ട്. സമൂഹത്തിൽ പല തട്ടിലുമുള്ളവർ കണ്ടുപിടിക്കുന്ന വിലപിടിപ്പുള്ള കണ്ടുപിടിത്തത്തിന് ആവശ്യമായ സംരക്ഷണവും വിപണന സാധ്യതയും ഉണ്ടാവണം. അതിലേക്ക് ഈ ഉദ്യമം വഴി തുറക്കട്ടെ എന്ന് ആശംസിക്കുന്നു