ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾക്കായി കേരളം
ഡോ.ടി.പി.സേതുമാധവൻ
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലെത്തിക്കാനുള്ള നീക്കം ഏറെ സ്വാഗതാർഹമാണ്. ഈ മേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾ ഭരണതലത്തിൽ ആരംഭിച്ചുവെന്നത് ദേശീയ സാക്ഷരതയിൽ മുന്നിട്ടുനിൽക്കുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്കും അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്കും പ്രയോജനപ്പെടും.
വിദ്യാഭ്യാസ രംഗത്ത് ആഗോള ഗ്രാമം എന്ന ആശയം വിപുലപ്പെട്ടുവരുമ്പോൾ ഉന്നത വിദ്യാഭ്യാസരംഗ ആഗോളവൽകൃത യുഗത്തിൽ നടക്കുന്ന മാറ്റങ്ങൾ കണ്ടില്ലെന്നു നടിക്കാൻ പറ്റില്ല.
അയൽ സംസ്ഥാനങ്ങളിലെ സ്വകാര്യ, ഡീംഡ് സർവകലാശാലകളിലും വിദേശരാജ്യങ്ങളിലും ഉപരിപഠനം നടത്തുന്നതിൽ കേരളത്തിലെ വിദ്യാർത്ഥികൾ ഏറെ മുന്നിലാണ്. എന്തിനേറെ പ്രതിവർഷം 1500 ലധികം വിദ്യാർത്ഥികളാണ് യുക്രൈനിൽ മെഡിക്കൽ പഠനത്തിനെത്തിയിരുന്നത്. ഇതിലൂടെ മാത്രം 6000 കോടി രൂപയാണ് പ്രതിവർഷം കേരളത്തിൽ നിന്നും ഉക്രൈനിലെത്തുന്നത്.
പ്രതിവർഷം അഞ്ചു ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇന്ത്യയിൽ നിന്നും വിദേശസർവ്വകലാശാലകളിൽ ഉപരിപഠനത്തിനെത്തുന്നത്. ഇവരിൽ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർ അണ്ടർ ഗ്രാഡുവേറ്റ് പഠനത്തിനും, ബിരുദം പൂർത്തിയാക്കിയവർ ഗ്രാഡുവേറ്റ് പഠനത്തിനും, മറ്റുള്ളവർ ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ, സ്‌കില്ലിങ് കോഴ്‌സുകൾക്കും വിദേശത്തെത്തുന്നു.
ഇവരുടെ വ്യക്തമായ ഡാറ്റ ലഭ്യമല്ല എന്നത് അതിശയോക്തി ഉളവാക്കുന്ന വസ്തുതയാണ്. കേരളത്തിൽ നിന്നുമാത്രം പ്രതിവർഷം 25000 ത്തിലധികം വിദ്യാർത്ഥികൾ വിദേശത്തെത്തുന്നു. ഇതിലൂടെ ശരാശരി 37500 കോടി രൂപയാണ് വിദേശത്തേക്കൊഴുകുന്നത്. കൂടാതെ അയൽ സംസ്ഥാനങ്ങളിൽ പ്രൊഫഷണൽ കോഴ്സുകൾക്കടക്കം പഠിക്കുന്നവരുടെ എണ്ണം 70000 തിലധികമാണ്. ഇതിലൂടെ കേരളത്തിൽ നിന്നും അയൽ സംസ്ഥാനങ്ങളിലെത്തുന്നത് പ്രതിവർഷം 10000 കോടി രൂപയിലധികമാണ്. ഡീംഡ്, സ്വകാര്യ സർവ്വകലാശാലകളിലാണ് കൂടുതൽ പേരും എത്തുന്നത്.
എന്തുകൊണ്ടാണ് വിദ്യാർഥികൾ വിദേശത്തും, അയൽ സംസ്ഥാനങ്ങളിലും പോകാൻ താൽപര്യപ്പെടുന്നത്? മികച്ച ഭൗതികസൗകര്യം, പുത്തൻ കോഴ്സുകൾ, ഉന്നത അക്കാഡമിക്, ഗവേഷണ സാഹചര്യം, സ്കിൽ വികസനത്തിൽ ഊന്നിയുള്ള പഠനം, ഇന്റേൺഷിപ്പ് സൗകര്യം, മികച്ച പ്ലേസ്‌മെൻറ്, അന്താരാഷ്ട്ര നിലവാരത്തിലുള്ള കരിക്കുലം, സമയബന്ധിതമായ കോഴ്സുകൾ, വ്യവസായ സ്ഥാപനങ്ങളുമായി അക്കാഡമിക് സ്ഥാപനങ്ങൾക്കുള്ള പങ്കാളിത്തം മുതലായവയാണ് കൂടുതൽ വിദ്യാർത്ഥികളെയും ആകർഷിക്കുവാനുള്ള കാരണം.
പരമ്പരാഗതമായ കോഴ്സുകൾക്ക് പകരം കാലത്തിനിണങ്ങിയ കോഴ്സുകൾ, സാങ്കേതിക വിദ്യകൾ, പ്രവർത്തനക്ഷമത, ഗുണനിലവാരം എന്നിവ മലയാളിവിദ്യാർത്ഥികളെ ആകർഷിക്കുന്നു. മേൽസൂചിപ്പിച്ച കാര്യങ്ങൾ കേരളത്തിൽ പ്രാവർത്തികമാക്കാവുന്നതേയുള്ളു. ക്രെഡിറ്റ് ട്രാൻസ്ഫർ, ഫാക്കൽറ്റി എക്സ്ചേഞ്ച്, സ്റ്റുഡൻറ് എക്സ്ചേഞ്ച്, വിദേശ സർവ്വകലാശാലകളുമായുള്ള സഹകരണം, ലോക നിലവാരത്തിലുള്ള വിദേശ സർവകലാശാലകളുടെ ക്യാമ്പസ്സുകൾ എന്നിവയ്ക്ക് പ്രസക്തിയേറെയുണ്ട്.
ദേശീയ വിദ്യാഭ്യാസ നയത്തിലും ഇത് ഊന്നിപ്പറഞ്ഞിട്ടുണ്ട്. യഥേഷ്ടം സംരംഭകർ സ്വകാര്യ , ഡീംഡ് സർവ്വകലാശാലകൾ കേരളത്തിൽ ആരംഭിക്കാൻ താല്പര്യപ്പെട്ടുവരുന്നു. സഹകരണ മേഖലയിലുള്ളവർക്കും, പ്രവാസി ഇന്ത്യക്കാർക്കും ഇതിൽ പങ്കാളിയാകാം. നീറ്റ് യോഗ്യതയ്ക്കുശേഷം 20000 ത്തോളം വിദ്യാർത്ഥികളാണ് മെഡിക്കൽ കോഴ്സുകൾ പഠിക്കാൻ വിദേശത്തെത്തുന്നത്.
കേരളത്തിൽ പ്ലസ്ടുവിനുശേഷം ഉന്നതവിദ്യാഭ്യസത്തിനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം 37 ശതമാനമാണ്. എന്നാൽ ദേശീയ തലത്തിലിത് 24 ശതമാനത്തിൽ താഴെയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗ്രോസ് എൻറോൾമെൻറ് അനുപാതം (GER) 2030 ഓടെ 50 ശതമാനമാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്.
ഈ ലക്ഷ്യം നിറവേറ്റാനും വർധിച്ചുവരുന്ന ദേശീയ ശരാശരിയേക്കാൾ കൂടുതലുള്ള തൊഴിലില്ലായ്‌മ പരിഹരിക്കുവാനും കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല പരിഷ്കരണം ആവശ്യമാണ്. കൃഷി അഗ്രിബിസിനെസ്സിലേക്കും, സേവനമേഖലയിലെ ഉയർന്ന വളർച്ചയും വ്യവസായ മേഖലയുടെ ഉയർന്ന സാധ്യതകളും ലക്ഷ്യമിട്ടാകണം ഇവ നടപ്പിലാക്കേണ്ടത്.
അന്താരാഷ്ട്ര തൊഴിൽ സംഘടനയായ ഐ.എൽ.ഒ യുടെ കണക്കനുസരിച് 2040 ൽ ഇപ്പോഴുള്ള 40 ശതമാനം തൊഴിലുകൾ അപ്രസക്തമാകും. പകരം അറിയപ്പെടാത്ത പുതിയ തൊഴിലുകൾ രൂപപ്പെടും. ഭാവി തൊഴിലുകൾ വരാനിരിക്കുന്ന ഇന്നോവേഷനുകളെ ആശ്രയിച്ചിരിക്കും. സ്‌റ്റാർട്ടപ്പുകളുടെ കാര്യത്തിൽ രാജ്യത്ത് മുൻനിരയിലുള്ള കേരളത്തിൽ ഈ രംഗത്ത് ഇനിയും വൻ വളർച്ച കൈവരിക്കാം.
നിരവധി പുത്തൻ സാങ്കേതിക വിദ്യകളാണ് ലോകം കീഴടക്കാൻ പോകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ഡേറ്റ അനലിറ്റിക്‌സ്, ബ്ലോക്ക് ചെയിൻ ടെക്നോളജി, സൈബർ സെക്യൂരിറ്റി, ഓട്ടോമേഷൻ, ഇ കോമേഴ്‌സ് മുതലായവ ഇവയിൽ ചിലതുമാത്രം. ഇവയ്ക്ക് ആനുപാതികമായി നിരവധി പുത്തൻ കോഴ്സുകൾ രൂപപ്പെടും. ഇവ സാധ്യമാക്കാൻ ഉന്നതവിദ്യാഭ്യാസ രംഗത്തെ മികച്ച ഇടപെടലുകളിലൂടെ മാത്രമേ സാധിക്കു. വിദേശനിക്ഷേപ സാധ്യതകളും ഈ രംഗത്ത് കേരളം പ്രയോജനപ്പെടുത്തണം
2030 ഓടെ ഇന്ത്യയിലും ലോകത്താകമാനവും വരാനിരിക്കുന്ന സാധ്യതയുള്ള മേഖലകൾ .
ഓട്ടോമേഷൻ എല്ലാ മേഖലകളിലും കൂടുതലായി പ്രാവർത്തികമാക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവ എല്ലാ മേഖലകളിലും വിപുലപ്പെടും. ഡിജിറ്റൽ മാർക്കറ്റിംഗ്, ഇ കോമേഴ്‌സ്, അഗ്രിബിസിനസ്, ഭക്ഷ്യസംസ്കരണം, നേരിട്ട് കഴിക്കാവുന്നതും പാചകം ചെയ്യാവുന്നതുമായ ഭക്ഷ്യോത്പന്നങ്ങൾ, ഇ ഭക്ഷ്യ റീറ്റെയ്ൽ, കൃത്രിമ ഇറച്ചി, വെർട്ടിക്കൽ കൃഷി, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഡെലിവറി ഡ്രോണുകൾ, ഡിജിറ്റലൈസേഷൻ, വിർച്ച്വൽ സ്വാധീനം, ഇലക്ട്രിക്ക് വെഹിക്കിൾ ടെക്നോളജി, എനർജി, സുസ്ഥിര സാങ്കേതിക വിദ്യ, 6 ജി കണക്റ്റിവിറ്റി, സോളാർ ജിയോ എഞ്ചിനീയറിംഗ്, ഡയറക്റ്റ് കാർബൺ ക്യാപ്ചർ, സൂപ്പർസോണിക് എയർ ക്രാഫ്റ്റുകൾ, പറക്കുന്ന കാറുകൾ , ഓപ്പൺ റാൻ സാങ്കേതിക വിദ്യ, പ്രീഫാബ് കൺസ്ട്രക്ഷൻ, ഗ്രീൻ കൺസ്ട്രക്ഷൻ, കാലാവസ്ഥാ മാറ്റത്തിനിണങ്ങിയ ഭൗതിക സൗകര്യ വികസനം, 3 ഡി പ്രിന്റഡ് വീടുകൾ, ഹെൽത്ത് കെയർ ടെക്നോളോജിസ്, ബയോമെഡിക്കൽ സയൻസ്, മോളിക്യൂലാർ ബയോളജി, ഹെൽത്ത് ജനറ്റിക്‌സ്, വ്യക്തിഗത മരുന്നുകൾ, ഹെൽത്ത് ട്രാക്കറുകൾ, വ്യക്തിഗത പോഷണം, സ്ലീപ് ടെക്നോളോജിസ് , 3 ഡി പ്രിന്റഡ് ബോൺ ഇമ്പ്ലാന്റുകൾ, .ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിംഗ് ടെക്നോളജി, കോമിക്‌സ്, സൈക്കോളജി, ഡെവലപ്പ്‌മെന്റൽ സയൻസ് , പാരിസ്ഥിതിക ശാസ്ത്രം, ബിസിനസ്സ് എക്കണോമിക്‌സ്, ഗവേഷണം-കാലാവസ്ഥാ വ്യതിയാനം, എന്റർടൈൻമെന്റ് സ്ട്രീമിംഗ്, മെറ്റാ വേർസ്. (ബംഗളൂരു ട്രാൻസ് ഡിസ്‌സിപ്ലിനറി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആൻ്റ് ടെക്നോളജിയിലെ പ്രൊഫസറാണ് ലേഖകന്‍ )