ഗുഡ് മോണിങ് കളക്ടർ പരിപാടിയിൽ ഡയറ്റ് വിദ്യാർത്ഥികൾ
ഗുഡ് മോണിങ് കളക്ടർ പരിപാടിയിൽ വയനാട് ജില്ലാ കളക്ടറുമായി ഇത്തവണ സംവദിക്കാൻ എത്തിയത് ഡയറ്റ് സുൽത്താൻ ബത്തേരിയിലെ വിദ്യാർത്ഥികൾ. കളക്ടർ ഡി.ആർ. മേഘശ്രീയുടെ ഇരുപതാമത്തെ സംവാദമാണിത്. തലമുറയ്ക്ക് അറിവ് പകർന്നു നൽകുന്ന നല്ല അധ്യാപകരായി മാറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ കളക്ടറുമായി ആശയങ്ങൾ പങ്കുവെച്ചു.
ക്യാമ്പസ് ടു കമ്മ്യൂണിറ്റിയിലും, ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷൻ നടപ്പിലാക്കുന്ന വിവിധ പരിപാടികളിലും തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ വിദ്യാർഥികൾ ശ്രമിക്കുന്നതിൽ കളക്ടർ സന്തോഷം പ്രകടിപ്പിച്ചു. ഓൺലൈൻ പരീക്ഷ സെൻറുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്തു . എൻജിനീയറിങ് കോളേജ് മാനന്തവാടിയുമായി സഹകരിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു വരികയാണെന്ന് കളക്ടർ പറഞ്ഞു.
കുട്ടികളുടെ ഇടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം കുറയ്ക്കാൻ ജില്ലയിലെ എല്ലാ വിഭാഗങ്ങളും ഫലപ്രദമായി പ്രവർത്തിച്ചുവരുന്നുണ്ട്.
നല്ല അധ്യാപകരായി മാറുവാൻ എല്ലാ വിദ്യാർത്ഥികൾക്കും സാധിക്കട്ടെ എന്ന് കളക്ടർ ആശംസിച്ചു.