വായനാശീലവും ആഗ്രഹങ്ങളുമാണ് എന്നെ കളക്ടറാക്കിയത്

ഗ്രാമത്തിൽ വീടിനടുത്തായിരുന്നു  കളക്ടറേറ്റ്. എല്ലാ ദിവസവും കളക്ടറുടെ വാഹനം പോകുന്നതും വരുന്നതും കാണാം. അന്നു തുടങ്ങിയതാണ് ആ ആഗ്രഹം. ആഗ്രഹങ്ങളും ലക്ഷ്യവുമാണ് എന്നെ കളക്ടറാക്കിയത്. സ്‌കൂള്‍ കാലം മുതൽ പിന്തുടര്‍ന്ന വായനശീലവും  ലക്ഷ്യ ബോധവുമാണ് ഇതിനായി വഴികാട്ടിയായത്.

കര്‍ണ്ണാടകയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് ജില്ലാ കളക്ടര്‍ പദവിയിലെത്തിയ ഡി.ആര്‍.മേഘശ്രി പിന്നിട്ട പഠന വഴികളെക്കുറിച്ച് പറഞ്ഞു. വയനാട് കളക്ട്രേറ്റില്‍ കുട്ടികളുമായുള്ള ‘ഗുഡ്മോണിങ്ങ് കളക്ടര്‍’ പ്രതിവാര സംവാദ പരിപാടിയിലാണ് സ്വന്തം പഠനകാലങ്ങളെക്കുറിച്ചെല്ലാം ജില്ലാ കളക്ടര്‍ മനസ്സ് തുറന്നത്.

മുണ്ടേരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളായിരുന്നു ജില്ലാ കളക്ടറുടെ ചേംബറില്‍ ഇത്തവണ അതിഥികളായി എത്തിയത്. മാതാപിതാക്കളുടെ പിന്തുണ കുട്ടികളുടെ ഭാവി നിര്‍ണ്ണയത്തില്‍ വളരെ വലുതാണ്. ചെറുപ്പത്തിലെ ഇത്തരത്തിലുള്ള പഠന പ്രോത്സാഹനങ്ങള്‍ കിട്ടിയിരുന്നു.

അക്കാലം മുതലെല്ലാം കളക്ടര്‍ എന്താണെന്നാല്ലാം ചെറിയ രീതിയില്‍ അറിയാമായിരുന്നു. സ്‌കൂളും കളക്ട്രേറ്റും തമ്മില്‍ അധിക ദൂരമുണ്ടായിരുന്നില്ല. ദിവസവും രാവിലെ റോഡിലൂടെ കളക്ടറുടെ വാഹനം വരുന്നതുമെല്ലാം കാണാം. ഒരുപാട് ആളുകള്‍ കളക്ട്രേറ്റിലൊക്കെ വന്നുപോകുന്നതെല്ലാം കാണാനിടയായി. പൊതുജന സേവനത്തിന് കളക്ടര്‍ ഉദ്യോഗത്തിന് വലിയ പങ്കുണ്ടെന്ന തിരിച്ചറിവിലാണ് ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങിയത്.

ആദ്യം ഐ.ടി സെക്ടറുകളിലെല്ലാം ജോലി കിട്ടി. എന്നാല്‍ ഇതെല്ലാം വേണ്ടെന്നു വെച്ച് ജനങ്ങളുമായി ഇടപഴകുന്ന കളക്ടര്‍ ഉദ്യോഗം തന്നെ നേടാന്‍ തീരുമാനിച്ചു. ഈ മോഹങ്ങളുടെ കനലുകളൂതിയാണ് കളക്ടറായത്. ഭരണ സിരാകേന്ദ്രത്തില്‍ കളക്ടറുമായുള്ള അരമണിക്കൂര്‍ സംവാദം കുട്ടിപ്പോലീസുകാര്‍ക്കും പ്രചോദനമായി.ചിട്ടയായ പഠനവും ലക്ഷ്യബോധവുമുണ്ടെങ്കില്‍ ആര്‍ക്കും മുന്നേറാം. എത്രയോ തൊഴില്‍ മേഖലകള്‍ മുന്നിലുണ്ട്. ഇതായിരുന്നു കുട്ടികളോടുള്ള ഉപദേശം.

ജില്ലയുടെ ടൂറിസം മേഖലയിലെ അതിജീവനം തുടങ്ങി മാലിന്യ സംസ്‌കരണം വരെയുള്ള നടപടികളെല്ലാം കളക്ടര്‍ കുട്ടികളോട് വിശദീകരിച്ചു. കുട്ടികളുടെ സംശയങ്ങളും പരാതികളുമെല്ലാം ശ്രദ്ധയോടെ കേട്ട  കളക്ടര്‍ ഡി.ആര്‍.മേഘശ്രീ കുട്ടികള്‍ ചൂണ്ടിക്കാണിച്ച പരാതികളില്‍ ഉടനടി പരിഹാരം കാണാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

എല്ലാ ബുധനാഴ്ചയും രാവിലെ 9.30 മുതല്‍ 10 വരെയാണ് കുട്ടികള്‍ക്കായുള്ള ഗുഡമോണിങ്ങ് കളക്ടര്‍ സംവാദം. പരമാവധി 15 കുട്ടികള്‍ക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് പങ്കെടുക്കാം. ഇതിനായി ഗൂഗിള്‍ഫോം ലിങ്ക് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ലിങ്ക് ജില്ലാ കളക്ടറുടെ കള്കടര്‍ വയനാട് ഫേസ്ബുക്ക് പേജില്‍ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *