ഗുഡ്മോർണിംഗ് കളക്ടർ പ്രോഗ്രാമിൽ പോളിടെക്നിക് വിദ്യാർത്ഥികൾ
വയനാട് ജില്ലാ കളക്ടറുടെ ഗുഡ്മോർണിംഗ് കളക്ടർ പ്രോഗ്രാമിലെ അതിഥികളായി മാനന്തവാടി ഗവ. പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥികൾ.
വയനാട് ജില്ലയിലെ വികസന പ്രവർത്തനങ്ങളില്‍ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തണമെന്നും മുണ്ടക്കൈ ചൂരൽമല നിവാസികൾക്ക് നിർമ്മിക്കുന്ന ടൗൺഷിപ്പിന്റെ നിർമ്മാണത്തിൽ പങ്കാളികളാകുവാൻ താല്പര്യമുണ്ടെന്നും വിദ്യാർത്ഥികൾ കളക്ടർ ഡി. ആര്‍. മേഘശ്രീയെ അറിയിച്ചു.
മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി വെൽഡിങ്, റിപ്പയറിങ് തുടങ്ങിയ കാര്യങ്ങൾക്ക് ജില്ലാ അടിസ്ഥാനത്തിൽ ടീമായി വിദ്യാർത്ഥികൾ പങ്കെടുക്കാമെന്നും അവർ കളക്ടറെ അറിയിച്ചു. ദുരന്തനിവാരണത്തിന്റെ ഭാഗമായി വയനാട് ജില്ലയിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകണമെന്ന ആശയവും കുട്ടികൾ ജില്ലാകളക്ടറുമായി പങ്കുവെച്ചു .
ക്യാമ്പസ് ടു കമ്മ്യൂണിറ്റിയുടെ ഭാഗമായി ജില്ലയിലെ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തുമെന്നും ജില്ലയിലെ സ്കൂളുകളിലെ ലഹരിയുടെ ഉപയോഗം കുറക്കാൻ വിദ്യാർത്ഥികളുടെ സഹായം ആവശ്യമാണെന്നും കളക്ടർ അറിയിച്ചു.