ഗ്ലോബൽ ഡെവലപ്പർ കോർപ്സ് (എ.ഐ) വർക്ക്ഫോഴ്സ് സ്കീം
എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല ദേശീയ ആരോഗ്യ മിഷനുമായി സഹകരിച്ച് ഗ്ലോബൽ ഡെവലപ്പർ കോർപ്സ് ( എ.ഐ )വർക്ക്ഫോഴ്സ് സ്കീം നടപ്പിലാക്കാൻ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ആർ. ബിന്ദുവിൻ്റെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പിട്ടു .
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സർക്കാർ സന്നദ്ധ മേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ പാലിയേറ്റീവ് കെയർ യൂണിറ്റുകളേയും സംയോജിപ്പിച്ചു കൊണ്ട് ‘കേരള കെയർ’ പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിക്കും. എ.ഐ സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ ഉപയോഗിച്ച് രോഗികളുടെ ഡാറ്റ പങ്കിടുന്നതിനും പാലിയേറ്റീവ് കെയറിന്റെ വിവിധ മേഖലകളെ ബന്ധിപ്പിക്കുന്നതിനും ഗ്രിഡ് നെറ്റ്‌വർക്ക് സഹായകരമാകും.
എ.ഐ സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ ഈ മേഖലയിൽ വിനിയോഗിക്കാനായി സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള വിദ്യാർത്ഥികളെ ഈ പരിശീലനത്തിലൂടെ നിർമിതബുദ്ധി അധിഷ്ഠിത സോഫ്റ്റ്‌വെയർ വികസനത്തിന് സജ്ജരാകും അത് വഴി കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് മികച്ച മുന്നേറ്റം കൈവരിക്കും.
ജി.ഡി.സി എഐ വർക്ക്ഫോഴ്സ് സ്കീം വിദ്യാർത്ഥികൾക്കായി വ്യത്യസ്ത പഠന പാതകൾ രൂപകൽപ്പന ചെയ്‌തിട്ടുണ്ട്. ഫെലോഷിപ്പ് ട്രാക്ക് (സൗജന്യ, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ്), ലേണിംഗ് ട്രാക്ക് (സൗജന്യമായി ആറ് മാസത്തെ കോഴ്‌സ്), സ്കോളർഷിപ്പ് ട്രാക്ക് (സാമൂഹിക-സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പൂർണ്ണമായും സ്കോളർഷിപ്പോടെ നൽകുന്നത്)
യോഗ്യരായ വിദ്യാർത്ഥികൾക്ക് നാഷണൽ ഹെൽത്ത് മിഷനിൽ ഇന്റേൺഷിപ്പിനും പ്രതിമാസം 27,000 രൂപ വരെ സ്റ്റൈപെൻഡ് ലഭിക്കുന്നതിനും അവസരമുണ്ടാകും. പ്രോഗ്രാം പൂർത്തിയാക്കുന്ന ആദ്യത്തെ 40 വിദ്യാർത്ഥികൾക്ക് കേരള പാലിയേറ്റീവ് കെയർ ഗ്രിഡിൽ എ.ഐ – പവർഡ് ഹെൽത്ത്കെയർ സൊല്യൂഷനുകളിലേക്ക് ആറ് മാസത്തെ ഇന്റേൺഷിപ്പിനുള്ള അവസരവും ലഭിക്കും.
ചടങ്ങിൽ എം.എൽ.എയും സിൻഡിക്കേറ്റ് അംഗവുമായ അഡ്വ.ഐ.ബി.സതീഷ്, രജിസ്ട്രാർ ബിന്ദുകുമാരി.കെ, ഡയറക്ടർ ഡോ.ലിബീഷ് ആർ, അസിസ്റ്റന്റ് ഡയറക്ടർ ഡോ. കെ.ബിജു എന്നിവർ പങ്കെടുത്തു.