എൻജിനീയറിംഗ് പ്രവേശന പരീക്ഷ ഓൺലൈനായി നടത്തും- മന്ത്രി
സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന എൻജിനീയറിംഗ് പ്രവേശന പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈൻ ആയി നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഓൺലൈനായി എൻജിനീയറിങ് പ്രവേശന പരീക്ഷ നടത്തുന്നതിനുള്ള പ്രാരംഭ പ്രവർത്തികൾ തുടങ്ങിയതായും മന്ത്രി അറിയിച്ചു.
സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് തിരുവനന്തപുരം തമ്പാനൂരിലെ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കെട്ടിടത്തിലേക്ക് മാറ്റിയതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. കൂടുതൽ സൗകര്യത്തോടെയും സജ്ജീകരണങ്ങളോടെയും, എല്ലാവർക്കും എളുപ്പം എത്തിച്ചേരാവുന്ന സ്ഥലത്തേക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് മാറിയതോടെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഏഴ് പ്രവേശന പരീക്ഷകളും 14 കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെൻറ് നടപടികളും കൈകാര്യം ചെയ്യുന്ന പ്രധാന ഓഫീസാണ് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ്. 1983 മുതൽ പ്രവർത്തിച്ചുവരുന്ന ഓഫീസ് സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയായിരുന്നു. ഇതിനാലാണ് സംസ്ഥാനത്തെ പ്രൊഫഷണൽ കോഴ്‌സ് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും എളുപ്പം എത്തിച്ചേരാവുന്ന വിധം തമ്പാനൂരിൽ, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റിയതെന്ന് മന്ത്രി പറഞ്ഞു.
കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് 9,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയിൽ പുതിയ ഓഫീസ്. നാല് കോടിയിൽപ്പരം രൂപ ചെലവിട്ട് പുതിയ ഓഫീസ് തയാറാക്കിയത് യു.എൽ.സി.സി.എസ് ആണ്.
വിദ്യാർഥികളുടെ സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നതിനുള്ള കോൾ സെന്റർ, ഇന്റെഗ്രേറ്റഡ് ഗ്രീവൻസ് റിഡ്രസൽ ആൻഡ് ഹെൽപ്പ്‌ലൈൻ ഇൻഫർമേഷൻ സിസ്റ്റം എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഐ.ടി മിഷൻ സഹായത്തോടെയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർ അരുൺ കെ.വിജയൻ, ഫിനാൻസ് ഓഫീസർ റാൻസം ഷിമ്മി കെ. ഇ, ജോയിന്റ് കമ്മീഷണർ ബേബി സൈല.എൽ എന്നിവർ സംസാരിച്ചു.