എൻജീനീയറിംഗ് രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2023 ലെ സംസ്ഥാനത്തെ എൻജിനീയറിംഗ് കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റും ആർക്കിടെക്ചർ കോഴ്സിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റും www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെന്റ് ലഭിച്ച കോഴ്സ് കോളേജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർഥിയുടെ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഹോം പേജിൽ നിന്നും അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ് ഔട്ട് എടുക്കണം. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അവരുടെ ഹോം പേജിലെ ‘Data Sheet’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ എന്നിവയും പ്രോസ്പെക്ട്സ് ക്ലോസ് 11.7.1 -ൽ പറഞ്ഞിരിക്കുന്ന ബാധകമായ രേഖകളും കോളേജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കണം.
അലോട്ട്മെന്റ് പ്രകാരം പുതുതായി അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടയ്ക്കേണ്ടതുമായ ഫീസ് ഓഗസ്റ്റ് 19ന് ഉച്ചക്ക് രണ്ടു വരെ ഓൺലൈൻ പേയ്മെന്റ് മുഖേനയൊ ഹെഡ് പോസ്റ്റ് ഓഫീസുകൾ മുഖേനയൊ ഒടുക്കിയതിനുശേഷം 19നു വൈകുന്നേരം മൂന്നിനുള്ളിൽ പ്രവേശനം നേടണം. പോസ്റ്റ് ഓഫീസുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭിക്കും.
നിശ്ചിത സമയത്തിനുള്ളിൽ ഫീസ്/അധിക തുക (ബാധകമെങ്കിൽ) ഒടുക്കാത്ത വിദ്യാർഥികളുടെയും കോളേജുകളിൽ ഹാജരായി പ്രവേശനം നേടാത്ത മുഴുവൻ വിദ്യാർഥികളുടെയും അലോട്ട്മെന്റും ബന്ധപ്പെട്ട സ്കീമിലെ ഹയർ ഓപ്ഷനുകളും റദ്ദാകുന്നതാണ്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.