മിടുക്കരെ കണ്ടെത്തിയ ആ ‘ഡിസ്ക്കവറി ട്രക്ക് ‘
ഡോ.വി.ശശികുമാർ
സയൻസിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ എല്ലാ വിഷയങ്ങളിലുമുള്ള പ്രഗത്ഭരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഏതാണ്ട് രണ്ടു ദശാബ്ദങ്ങൾക്കുമുമ്പ് “ഡിസ്ക്കവറി ട്രക്ക് ” എന്ന പേരിൽ ഒരു പരിപാടി ഞാനുൾപ്പെട്ട ഒരു സംഘം നടത്തിയിരുന്നു. എന്റെ ഒരു ബന്ധുവായിരുന്ന പ്രൊഫ. എം.എൻ.വി. നായരായിരുന്നു അത് വിഭാവനം ചെയ്തതും നടത്താനുള്ള പണവും സൗകര്യങ്ങളും കണ്ടെത്തിയതും. എന്നാൽ ദൈനംദിന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തീരുമാനിച്ചിരുന്നത് ഞാനുൾപ്പെട്ട ഒരു ചെറിയ സംഘമായിരുന്നു. എന്നോടൊപ്പം ഉണ്ടായിരുന്നവർ ആർ.ആർ.എല്ലിൽ ശാസ്ത്രജ്ഞയായിരുന്ന ഡോ. റോഷൻ ശശികുമാർ, എന്റെ സഹപ്രവർത്തകനായിരുന്ന ഡോ. ജി. മോഹൻകുമാർ, എസ്.ബി.ടിയിൽ ഉദ്യോഗസ്ഥനായിരുന്ന ഗോപീകൃഷ്ണ എന്നിവരായിരുന്നു.
ഏതാണ്ട് അമേരിക്കയിലെ “ഗിഫ്റ്റഡ് സ്റ്റുഡന്റ്സ്” പ്രോഗ്രാമിനോട് സാമ്യമുള്ള രീതിയിൽ നടത്താം എന്നായിരുന്നു ഞങ്ങൾ ഉദ്ദേശിച്ചത്. എന്നാൽ ആ പരിപാടിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ലഭിച്ചത് വൈകിയായതിനാൽ ഞങ്ങൾതന്നെ രൂപകല്പന നൽകിയ രീതിയിൽ മുന്നോട്ടുപോകുകയായിരുന്നു ആദ്യകാലത്ത് ചെയ്തത്.
പ്രൊഫ. നായരുടെ നിശ്ചയപ്രകാരം ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കായി ഒരു പരീക്ഷ ഞങ്ങൾ തയാറാക്കി. സാധാരണഗതിയിലുള്ള ചോദ്യങ്ങളേ ആയിരുന്നില്ല അവിടെ ചോദിച്ചത്. എല്ലാം ചിന്തിച്ച് ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളായിരുന്നു. ചോദ്യക്കടലാസിൽ മൂന്നു ഭാഗങ്ങളുണ്ടായിരുന്നു. ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, മറ്റുള്ളവ എന്നിങ്ങനെ. ഇതിൽ ഗണിതശാസ്ത്ര ചോദ്യങ്ങൾ തയാറാക്കിയത് യൂണിവേഴ്സിറ്റി കോളജിൽ ഗണിതശാസ്ത്രാദ്ധ്യപകനായിരുന്ന ഡോ. ഇ. കൃഷ്ണനായിരുന്നു. ബാക്കിയുള്ളവ ഞങ്ങളെല്ലാം കൂടി തയാറാക്കി.
പരീക്ഷ എഴുതിയവരിൽനിന്ന് ഏറ്റവും കൂടുതൽ മാർക്കുനേടിയ മുപ്പതു കുട്ടികളെ തിരഞ്ഞെടുത്തു. പ്രൊഫ. നായരുടെ നിർദ്ദേശാനുസരണം തിരഞ്ഞെടുത്ത വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ഒരു മീറ്റിങ്ങിനു ക്ഷണിച്ചു. ക്ലാസുകൾ നടത്താനും കുട്ടികളെ വിളിച്ചുകൊണ്ടുവരാനും മറ്റുമുള്ള സൗകര്യം ചെയ്തുതന്നത് തിരവനന്തപുരത്തെ ഭാരതീയ വിദ്യാഭവനാണ്. അവിടെ കൂടിയ ആദ്യത്തെ മീറ്റിങ്ങിൽ പ്രൊഫ. നായർ രണ്ടു കാര്യങ്ങൾ പറഞ്ഞു. ഈ കോഴ്സിന്റെ ഫീസ് വളരെ ഉയർന്നതാണ്. എന്തെന്നാൽ ഇത് നടത്തുന്നതിന്റെ ചെലവുമുഴുവനും ഫീസിൽ നിന്ന് ലഭിച്ചാലേ പറ്റൂ. എന്നാൽ അത് നൽകാൻ മാർഗ്ഗമില്ലാത്തതു കൊണ്ട് ഒരു കുട്ടിയെയും മാറ്റിനിർത്തില്ല. അത്രയും പണം നൽകാൻ നിവൃത്തിയില്ല എന്ന ഒരു കത്തുമാത്രം തന്നാൽമതി. അങ്ങനെ പറഞ്ഞ ഒരു വിദ്യാർത്ഥി മാത്രമാണുണ്ടായിരുന്നത്. അവന്റെ അച്ഛൻ ഒരു ഓട്ടോ ഡ്രൈവറാണെണ് പിന്നീട് മനസ്സിലായി.
അന്ന് ചെയ്ത മറ്റൊരു കാര്യം ഓരോ കുട്ടിയും എന്താകണമെന്ന് ചോദിക്കുകയായിരുന്നു. മിക്ക കുട്ടികളും എഞ്ചിനീയർ എന്നോ ഡോക്ടർ എന്നോ ഒക്കെ പറഞ്ഞപ്പോൾ ഒരു കുട്ടി പറഞ്ഞത് ആർക്കിയോളജിസ്റ്റ് ആവണം എന്നായിരുന്നു. മറ്റൊരു കുട്ടിക്ക് റോബോട്ടിക്സ് വിദഗ്ദ്ധനാകണം. തുടർന്ന് കുട്ടികളെ മാറ്റി നിർത്തി മാതാപിതാക്കളോടു ചോദിച്ചു, കുട്ടി എന്താകണമെന്നാണ് ആഗ്രഹമെന്ന്. അവിടെയും ചിലരെല്ലാം എഞ്ചിനീയർ എന്നോ ഡോക്ടർ എന്നോ പറഞ്ഞെങ്കിലും ഭൂരിഭാഗവും പറഞ്ഞത് ഒരു നല്ല വ്യക്തി ആയാൽമതി എന്നായിരുന്നു. ഒരു മാതാവു പറഞ്ഞത് ഇപ്പോഴും ഓർമ്മിക്കുന്നു, മറ്റുള്ളവർക്കോ സമൂഹത്തിനോ ഉപദ്രവമാകാതെ ആകുന്ന ഉപകാരം മാത്രം ചെയ്യുന്ന ഒരു വ്യക്തി ആയാൽ മതി എന്നായിരുന്നു അത്.
അവധിക്കാലമുൾപ്പെടെ സ്ക്കൂൾ ഇല്ലാത്ത ദിവസങ്ങളിലെല്ലാം ഒമ്പതുമണി മുതൽ വൈകിട്ടു് മൂന്നുമണിവരെ അവിടെ വെച്ച് പഠനം നടക്കും. എന്നും ലൈബ്രറിയും കമ്പ്യൂട്ടർ സെന്ററുമുൾപ്പെടെ ആ സ്ക്കൂളിലെ എല്ലാ സൗകര്യങ്ങളും പരിപാടിക്കുവേണ്ടി ഉപയോഗിക്കാം എന്നും അവർ ഞങ്ങളെ അറിയിച്ചു. ക്ലാസെടുക്കാനായി ഞങ്ങൾ തിരഞ്ഞെടുത്തത് വിവിധ വിഷയങ്ങൾ രസകരമായി പഠിപ്പിക്കുന്ന കോളജ് അദ്ധ്യാപകരെയും ശാസ്ത്രജ്ഞരെയുമാണ്. നടത്തിപ്പു കമ്മിറ്റിയിലുണ്ടായിരുന്നവരിൽ റോഷനും മോഹൻകുമാറും ഞാനും ക്ലാസെ ടുത്തു.
സ്ക്കൂളിൽ പഠിക്കാനുള്ളതല്ല ഞങ്ങൾ പഠിപ്പിച്ചത്. ഒരർത്ഥത്തിൽ അത് പഠിപ്പിക്കൽ അല്ലായിരുന്നു. ആധുനിക രീതിയനുസരിച്ച് സ്വയം കണ്ടെത്താൻ സഹായിക്കുകയായിരുന്നു. അത് കുറച്ചു കൂടുതൽ സമയം എടുക്കുമെങ്കിലും കുട്ടികൾക്ക് വളരെ നന്നായി മനസ്സിലാകും എന്നൊരു ഗുണമുണ്ടായിരുന്നു. മാത്രമല്ല, അടിസ്ഥാനതത്വങ്ങൾ നന്നായി മനസ്സിലാക്കിയാൽ പിന്നെ തുടർന്നുള്ളത് ബുദ്ധിമുട്ടില്ലാതെയും ചിലപ്പോൾ അദ്ധ്യാപകന്റെ സഹായംപോലുമില്ലാതെയും കുട്ടിക്ക് കണ്ടെത്താനും കഴിയുമായിരുന്നു.
ആ ബാച്ചിലെ വിദ്യാർത്ഥികൾ ഏഴാം ക്ലാസ്സിൽനിന്നു പാസ്സായപ്പോൾ അവർക്കുള്ള ക്ലാസുകൾ തുടരുന്നതോടൊപ്പം പുതിയ ബാച്ചിനുള്ള പരീക്ഷ നടത്തുകയും അവർക്കായി വേറെ ക്ലാസ്സുകൾ തുടങ്ങുകയും ചെയ്തു. പക്ഷെ അപ്പോഴേക്കും ഞങ്ങൾക്ക് ഒരുകാര്യം വ്യക്തമായി. വിദ്യാർത്ഥികൾ വരുന്നത് നഗരത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായിരുന്നു. അവരിൽ ആദ്യം പുറപ്പെടുന്നവർക്ക് രാവിലെ ഏഴുമണിയോടെ ബസ്സിൽ കയറേണ്ടിയിരുന്നു. തിരികെ എത്തുമ്പോഴേക്കും മണി അഞ്ചോ അഞ്ചരയോ ഒക്കെ ആകുകയും അവർ ക്ഷീണിതരാകുകയും ചെയ്യുന്നു. ശനിയും ഞായറും ഇങ്ങനെയാകുമ്പോൾ കുട്ടികൾക്ക് സ്ക്കൂളിൽനിന്നു നൽകുന്ന പണികൾ ചെയ്യാനും മറ്റും സമയം കിട്ടാതെവരികയും ചെയ്തിരുന്നു.
അങ്ങനെ ഞങ്ങൾ നഗരത്തിനു നടുവിലേക്ക് ക്ലാസ്സുകൾ മാറ്റാൻ തീരുമാനിച്ചു. അടുത്ത രണ്ടുവർഷക്കാലം നഗരത്തിലെ രണ്ടു സ്ക്കൂളുകളിൽ i ക്ലാസുകൾ നടത്തി. എന്നാൽ രണ്ടു സ്ക്കൂളുകളും ഞങ്ങൾക്കും വിദ്യാർത്ഥികൾക്കും തൃപ്തികരമായിരുന്നില്ല. അങ്ങനെ 2002-03 സ്ക്കൂൾവർഷം കഴിഞ്ഞതോടെ ആ പരിപാടി ഉപേക്ഷിക്കേണ്ടിവന്നു.
എന്നാൽ വർഷങ്ങൾക്കുശേഷമാണ് ഡി സ്ക്കവറി ട്രെക്കിന്റെ മേന്മ ഞങ്ങൾക്കു ബോദ്ധ്യമായത്. ഒരു സുപ്രഭാതത്തിൽ എനിക്ക് പുതുതായി കിട്ടിയ മൊബൈൽ ഫോണിലേക്ക് ഒരജ്ഞാത നമ്പരിൽനിന്നുള്ള വിളി വന്നു. “ശശി കുമാർ സാറാണോ?” എന്ന ചോദ്യമാണ് ഞാൻ ഫോണെടുത്തപ്പോൾ കേട്ടത്. “നിങ്ങൾ നടത്തിയിരുന്ന ഡിസ്ക്കവറി ട്രെക് എന്ന പരിപാടിയിൽ പങ്കെടുത്തിരുന്ന ഒരു വിദ്യാർത്ഥിയാണ്. സാറിന് എന്നെ ഓർമ്മയുണ്ടാവില്ല. ഞാൻ സെന്റ് തോമസ് സ്ക്കൂലിലാണു് പഠിച്ചത്. അവിടത്തെ ശരാശരി മാർക്കുമാത്രം മേടിക്കുന്ന കുട്ടിയായിരുന്നു. ഞങ്ങൾക്ക് ആരും ഒരു വിലയും കല്പിച്ചിരുന്നില്ല. പക്ഷെ നിങ്ങളുടെ എൻട്രൻസ് പരീക്ഷയാണ് എനിക്കും എന്നെപ്പോലെ ചിലർക്കും വലിയ ആത്മവിശ്വാസം തന്നത്. കാരണം വലിയ മാർക്കു മേടിച്ചിരുന്ന പലർക്കും നിങ്ങളുടെ പരീക്ഷ ജയിക്കാനായില്ല. എന്നാൽ എന്നെപ്പോലെ ശരാശരി മാർക്കു മേടിച്ചിരുന്നവരാണ് പരീക്ഷ പാസായത്. അത് ഞങ്ങളുടെ ആത്മവിശ്വാസം ഒരുപാട് കൂട്ടി. ഇപ്പോൾ ഞങ്ങളിൽ പലർക്കും ഐ.ഐ.ടി.യിലും മറ്റും കിട്ടിയിരിക്കുകയാണ്. എനിക്കു് മദ്രാസ് ഐ.ഐ.ടി.യിൽ ഇൻസ്ട്രുമെന്റേഷണ് കിട്ടി. അതു സാദ്ധ്യമാക്കിയത് നിങ്ങളൊക്കെയാണ്.” ഇതായിരുന്നു വിളിച്ചയാൾ പറഞ്ഞത്.
സ്വാഭാവികമായും എനിക്കുണ്ടായ സന്തോഷത്തിന് അതിരില്ല. ആ പരിപാടി നടത്തുന്നതിൽ പ്രധാനപങ്കുവഹിച്ച ആളെന്ന നിലയിൽ ഇതിൽക്കൂടുതൽ എന്താണ് കിട്ടേണ്ടത് ? ഈ സംഭവവും ഞാൻ പറഞ്ഞപ്പോൾ അണ് ഇതുമായി സഹകരിച്ചവരെല്ലാംതന്നെ പറഞ്ഞത് ഒരൊറ്റ കാര്യമായിരുന്നു: “അതൊരു നല്ല പരിപാടിയായിരുന്നു. അതു വീണ്ടും തുടങ്ങണം.”
എന്നാൽ, സ്ക്കൂൾകുട്ടികളിൽ ശാസ്ത്രാവബോധം വളർത്താനും ശാസ്ത്രഗവേഷണം എങ്ങനെയാണ് നടത്തുന്നതെന്നു മനസ്സിലാക്കാനും താൽപ്പര്യമുള്ള കുട്ടികളെ സഹായിക്കും എന്ന് ഞാൻ കരുതുന്ന ഒരു പരിപാടിയുടെ രൂപരേഖ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് വിദ്യാഭ്യാസമന്ത്രിയെ നേരിട്ടുകണ്ട് സമർപ്പിച്ചതാണ്. അത് എവിടെപ്പോയി എന്നുപോലും അറിയില്ല.