ഡിജിറ്റൽ സയൻസ് പാർക്ക് രാജ്യത്തിന് മാതൃക- മുഖ്യമന്ത്രി
രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിച്ച് കേരളം രാജ്യത്തിന് മാതൃകയാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മംഗലപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനോദ്ഘാടനം നിർവഹി ക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ചും ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചും രാജ്യത്തിന് കേരളം മാതൃകയായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യ പുരോഗതിക്കായി വിനിയോഗിക്കുക എന്നതാണ് സർക്കാരിന്റെ നിലപാട്. സംസ്ഥാനത്ത് സ്ഥാപിക്കുന്ന നാല് സയൻസ് പാർക്കുകളിൽ ഒന്നാണ് ഡിജിറ്റൽ സയൻസ് പാർക്ക്. രണ്ടു വർഷം മുൻപ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് തുടക്കം കുറിച്ച് ഐ.ടി മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിനാകെ മാതൃകയായിരുന്നു. ഈ യൂണിവേഴ്‌സിറ്റിയോടു ചേർന്നാണ് ഡിജിറ്റൽ സയൻസ് പാർക്ക് യാഥാർഥ്യമാകുന്നത്.
ഏകദേശം 1,515 കോടി രൂപയാണ് ഡിജിറ്റൽ സയൻസ് പാർക്കുമായി ബന്ധപ്പെട്ടു പ്രതീക്ഷിക്കുന്ന ആകെ നിക്ഷേപം. കിഫ്ബിയിൽ നിന്ന് 200 കോടി രൂപ അനുവദിച്ചു. ഇതിന്റെ തറക്കല്ലിടൽ നടന്നത് ഏപ്രിൽ 25 നാണ്. മൂന്നു മാസത്തിനുള്ളിൽത്തന്നെ ഡിജിറ്റൽ സയൻസ് പാർക്കിനുവേണ്ട പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാനും അതിന്റെ പ്രവർത്തനം ആരംഭിക്കാനും കഴിഞ്ഞു.
കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹവുമായി മാറ്റുന്നതിനുള്ള പ്രധാനപ്പെട്ട ചുവടുവയ്പ്പാണ് ഡിജിറ്റൽ സയൻസ് പാർക്ക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ചിപ്പ് ഡിസൈൻ തുടങ്ങിയ വിവിധ മേഖലകളിലായി സ്പെയിൻ, ഓസ്ട്രേലിയ, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ഭാഗമാകുകയാണ്.
വിജ്ഞാന വ്യവസായ മേഖലയുടെയും ഗവേഷണങ്ങളുടെയും വളർച്ചക്കും ഉന്നത വിദ്യാഭ്യാസമേഖലയുടെ സമൂലമായ മാറ്റത്തിനും മികവിന്റെ കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നതിനും പങ്കുവഹിക്കാൻ ഡിജിറ്റൽ സയൻസ് പാർക്കിനാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ കമ്പനികളുടെ ഒക്കുപ്പൻസി സർട്ടിഫിക്കറ്റുകളും മുഖ്യമന്ത്രി വിതരണം ചെയ്തു.
മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു. ഇലക്ട്രോണിക്സ് ഐ.ടി വകുപ്പ് സെക്രട്ടറി രത്തൻ ഖേൽക്കർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ഡിജിറ്റൽ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ഗവേണൻസ് മെമ്പർ സി.മോഹൻ ,ടാറ്റ സ്റ്റീൽ മുൻ മേധാവി കാമേഷ് ഗുപ്ത, ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.