ജനറേറ്റിവ് നിർമിത ബുദ്ധി: കോൺക്ലേവിന് തുടക്കമായി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കും- മന്ത്രി ഡോ.ആർ. ബിന്ദു
നിർമിത ബുദ്ധി ഉന്നത വിദ്യാഭ്യാസ രംഗത്ത് തുറന്നിടുന്ന ഭാവി സാധ്യതകൾ ചർച്ച ചെയ്യുന്ന ദ്വിദിന രാജ്യാന്തര കോൺക്ലേവിന് തുടക്കമായി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഐ.എച്ച്.ആർ.ഡി.യാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ഐ.എം.ജിയിൽ കോൺക്ലേവ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് വിദ്യാഭ്യാസ മേഖലയിൽ പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. അധ്യാപന രീതികൾ, മൂല്യനിർണയം, പരീക്ഷാ നടത്തിപ്പ് എന്നീ രംഗങ്ങളിൽ വലിയ മാറ്റം സാധ്യമാകും. പഠനം കൂടുതൽ രസകരമാകാനും അധ്യാപനം കൂടുതൽ ആസ്വാദ്യകരമാക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾക്കു കഴിയും -മന്ത്രി പറഞ്ഞു.
ഐ.എച്ച്.ആർ.ഡി. ഡയറക്ടർ ഡോ. വി.എ. അരുൺ കുമാർ അധ്യക്ഷത വഹിച്ചു. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ഗവ. മോഡൽ എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ് വി, ആറ്റിങ്ങൽ ഗവൺമെന്റ് കോളജ് പ്രിൻസിപ്പൽ ഡോ. വൃന്ദ വി.നായർ, യു.എസ്.എയിലെ ഗ്രീൻ മാംഗോ അസോസിയേറ്റ്സ് പ്രിൻസിപ്പൽ കൺസൾട്ടന്റ് ഡോ.ക്ലിസ് കുസ്മാൾ തുടങ്ങിയവർ പങ്കെടുത്തു.
ജനറേറ്റീവ് നിർമിത ബുദ്ധിയുടെ കാലത്ത് വിദ്യാഭ്യാസരംഗത്തിന്റെ സംശുദ്ധി, വിദ്യാഭ്യാസരംഗത്തെ ഐ.പിയും പ്ലേജിയറിസവും, ജെനെറേറ്റീവ് നിർമ്മിത ബുദ്ധിയുടെ കാലത്തെ അധ്യാപക പരിശീലനം, നിർമിതബുദ്ധിയുടെ കാലത്ത് വിദ്യാർഥികളെ വിലയിരുത്തൽ, വിദ്യാഭ്യാസ മൂല്യങ്ങൾ കാത്തുസൂക്ഷിക്കൽ, ജനറേറ്റീവ് എ.ഐയുടെ ഉപയോഗമാതൃകകൾ തുടങ്ങിയ വിഷയങ്ങളാണ് കോൺക്ലേവിൽ ചർച്ച ചെയ്യുന്നത്.
‘ഒരു പടി പിറകോട്ട് രണ്ടടി മുന്നോട്ട്: ഭാവിയുടെ ഉൾക്കാഴ്ചകൾ പഴയ നവീകരണങ്ങളിൽ നിന്നും’ എന്ന വിഷയത്തിൽ ഡോ. ക്ലിഫ് കുസ്മാൾ പ്രബന്ധം അവതരിപ്പിച്ചു. ന്യൂഡൽഹി ബെന്നറ്റ് യൂണിവേഴ്സിറ്റിയിലെ ഡോ. അജിത് അബ്രഹാം, ബെംഗളൂരു ഐ.ഐ.എസ്സിയിലെ ഡോ. വിരാജ് കുമാർ, മദ്രാസ് ഐ.ഐ.ടിയിലെ ഡോ. ജയകൃഷ്ണൻ എന്നിവരും ക്ലാസെടുത്തു.
ഐ.എച്ച്.ആർ.ഡി. സ്ഥാപനങ്ങളിലെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർഥികളെ പങ്കെടുപ്പിച്ച് നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ആപ്പ് നിർമാണം, പോസ്റ്റർ നിർമാണം എന്നീ മത്സരങ്ങളുമുണ്ടായിരുന്നു. കോൺക്ലേവ് ഒക്ടോബർ ഒന്നിന് സമാപിക്കും.