കൂടരഞ്ഞിയിൽ ആധുനിക സൗകര്യങ്ങളോടെ ബഡ്സ് സ്കൂൾ
കൂടരഞ്ഞിയിലെ സാധാരണക്കാരുടെ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി ബഡ്സ് സ്ക്കൂൾ ഒരുങ്ങുന്നു. ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കും യുവാക്കൾക്കും പ്രാഥമിക വിദ്യാഭ്യാസം, തൊഴിൽ പരിശീലനം എന്നിവ നൽകുന്നതിനായി കേരള സാമൂഹ്യ സുരക്ഷ മിഷൻ ആവിഷ്കരിച്ചതാണ് ബഡ്‌സ് പദ്ധതി.
കോഴിക്കോട് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറ വാർഡിൽ വി. എം. മാത്യു നൽകിയ 25 സെന്റ് സ്ഥലത്താണ് സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ 6,66,020 രൂപയും ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപയും ജില്ലാ കളക്ടറുടെ ഡി.എം.എഫ് ഫണ്ടിലെ 25 ലക്ഷം രൂപയുമായി 46 ലക്ഷം രൂപയിലധികം ചിലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.
182 ചതുരശ്ര മീറ്റർ കെട്ടിടത്തിന്റെ അവസാന ഘട്ട പണികളാണ് പൂർത്തിയാകാനുള്ളത്. ഇതിലേക്ക് ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും കൂടരഞ്ഞി പഞ്ചായത്ത് 20 ലക്ഷം രൂപയും മാറ്റി വെച്ചിട്ടുണ്ട്. ജൂൺ മാസത്തോടെ ടർഫ് അടക്കമുള്ള സംവിധാനത്തോടെ സ്ക്കൂൾ കെട്ടിടം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
കൂടരഞ്ഞിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മറ്റു ഗ്രാമപഞ്ചായത്തുകളിലെ സ്കൂളുകളെ ആശ്രയിക്കുന്നത് പ്രയാസമായതിനെ തുടർന്നാണ് ഇത്തരം ഒരു മാതൃകാ സ്കൂൾ നിർമ്മിക്കുന്നതെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് വ്യക്തമാക്കി.