കേരളത്തിന്റെ ഭരണ നിർവ്വഹണം അടുത്തറിയാൻ ബീഹാറിൽ നിന്ന്
ബീഹാര്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ ഭരണ നിർവ്വഹണം അടുത്തറിയാൻ കേരളത്തിൽ എത്തി. ബീഹാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് റൂറൽ ഡെവലപ്മെൻ്റിൽ നിന്നുള്ള 55 പേരാണ് പരിശീലനത്തിന്റെ ഭാഗമായി എറണാകുളം കളക്ടറേറ്റിൽ എത്തിയത്.
ഐ.ടി വകുപ്പിന്റെ പരിശീലനത്തിന്റെ ഭാഗമായാണ് ഇവർ എത്തിയത്. കേരളത്തിൽ ഐ.ടി വകുപ്പാണ് ഇവരുടെ പരിശീലനം ഏകോപിക്കുന്നത്. ഇവരുമായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷും അസിസ്റ്റൻറ് കളക്ടർ അൻജീത് സിംഗും ആശയ വിനിമയം നടത്തി.
ഐ.എ.എസ് ജീവിതത്തിലെ സവിശേഷ അനുഭവങ്ങള്‍ ജില്ലാ കളക്ടർ രസകരമായി പങ്കുവെച്ചു. ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും എല്ലാവരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ഓരോരുത്തരും ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വിനയമുള്ളവരാകുക, യോഗങ്ങൾ ചേർന്ന് ഭരണകാര്യങ്ങള്‍ ഏകോപിപ്പിക്കുക തുടങ്ങിയ നിര്‍ ദ്ദേശങ്ങളും അദ്ദേഹം ബി.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ശരിയായ തീരുമാനമെടുക്കാന്‍ കഴിയുക എന്നതാണ് ഒരു ഉദ്യോഗസ്ഥന്റെ ഏറ്റവും വലിയ മികവെന്ന് അദ്ദേഹം പറഞ്ഞു.
യാത്രകള്‍ ചെയ്ത് പ്രശ്‌നങ്ങള്‍ മനസിലാക്കണം. ഓരോ ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ എഴുതി വെക്കണം. വായനയുടെ വിശാലമായ ലോകത്തേക്ക് പ്രവേശിക്കുമ്പോള്‍ ആരും ഒന്നുമല്ലെന്ന് നാം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് സമാനമായി ബിഹാറിലെ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ നിന്നുള്ള പുതിയ ഉദ്യോഗസ്ഥരാണ് ഇവർ. ജില്ലയിലെത്തുന്ന ആറാമത് ബാച്ച് ആണിത്. നേരത്തെയുള്ള പരിശീലനങ്ങൾ ഇൻഫോപാർക്കിൽ ആയിരുന്നു സംഘടിപ്പിച്ചിരുന്നത്.
അസിസ്റ്റൻറ് കളക്ടർ അൻജീത് സിംഗും ഐ.എ.എസ് അനുഭവങ്ങൾ പങ്കുവച്ചു. കേരളത്തിലെ അനുഭവം വളരെ സവിശേഷമാണെന്ന് സംഘത്തിലുള്ളവർ അഭിപ്രായപ്പെട്ടു.
ഐ.ടി മിഷന്റെയും അക്ഷയ പ്രൊജക്ടിന്റെയും വിവിധ പദ്ധതികളെക്കുറിച്ച് സ്റ്റേറ്റ് ഐ. ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ ചിഞ്ചു സുനിൽ, അക്ഷയ ജില്ലാ കോ- ഓഡിനേറ്റര്‍ സി. പി. ജിന്‍സി എന്നിവര്‍ ക്ലാസെടുത്തു.