കലവൂരിലെ അസാപ് സ്‌കില്‍ പാര്‍ക്ക്  ഉദ്ഘാടനത്തിന് ഒരുങ്ങി

ഉന്നത വിദ്യാഭ്യാസ വകുപ്പ് ആലപ്പുഴ ചെറിയ കലവൂരില്‍ നിര്‍മിച്ച അസാപ് (അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) സ്‌കില്‍ പാര്‍ക്ക് കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങി. ചെറിയ കലവൂര്‍ ക്ഷേത്രത്തിന് സമീപം എ.എസ്. കനാലിനോട് ചേര്‍ന്ന് ജില്ല പഞ്ചായത്തിന്റെ 1.5 ഏക്കര്‍ സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിച്ചത്. 16 കോടി രൂപ ചെലവില്‍ 25,000 ചതുരശ്ര അടിയില്‍ നിര്‍മിച്ച കെട്ടിടത്തില്‍ ഒരേ സമയം 600 വിദ്യാര്‍ഥികള്‍ക്ക് പഠിക്കാം.

ഐ.ടി, ആക്ടിവിറ്റി ബേസ്ഡ്, ഹെവി മെഷിനറി, പ്രിസിഷന്‍ ബേസ്ഡ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് നൈപുണ്യ പരിശീലനം നല്‍കുന്നത്. ഇതോടൊപ്പം മെക്കാനിക്കല്‍, ഫാഷന്‍ ഡിസൈനിങ്, കയര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി തുടങ്ങിയവയും വിവിധ രാജ്യങ്ങളിലെ ഭാഷാപഠനത്തിലുള്ള പരിശീലനവും നല്‍കും.

വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം നൈപുണ്യ പരിശീലനം കൂടി നല്‍കി തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കുക എന്നതാണ് ആസാപ്പിന്റെ ലക്ഷ്യം. ഈ സേവനങ്ങള്‍ പൊതുസമൂഹത്തിന് കൂടി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍. പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പൊതു- സ്വകാര്യ പങ്കാളിത്തരീതിയിലാണ് പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നത്.

സ്‌കില്‍ പാര്‍ക്കുകളിലെ കോഴ്‌സുകള്‍ തീരുമാനിക്കാനും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുമായി ജില്ല കളക്ടര്‍ അധ്യക്ഷനായും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വാര്‍ഡ് അംഗം, വിദ്യാഭ്യാസ വിദഗ്ദ്ധന്‍, വ്യവസായിക പ്രമുഖര്‍, അസാപ്പ് പ്രതിനിധി എന്നിവര്‍ അംഗങ്ങളായുമുളള ഗവേണിംഗ് കമ്മിറ്റിയുമുണ്ട്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ദേശീയ-അന്തര്‍ദേശീയ തലത്തില്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *