കൊച്ചിയില്‍16 മുതല്‍ 25 വരെ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി

അഗ്‌നിപഥ്  പദ്ധതിയുടെ ഭാഗമായി ആര്‍മി റിക്രൂട്ട്‌മെന്റ് റാലി കൊച്ചിയില്‍ നടക്കും  നവംബര്‍ 16 മുതല്‍ 25 വരെയാണിത്. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് റാലി. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികളാണ് പങ്കെടുക്കുക. പ്രാഥമിക എഴുത്തു പരീക്ഷയില്‍ വിജയിച്ച ആറായിരം പേര്‍ റാലിക്കെത്തുമെന്നാണ് പ്രതീക്ഷ. പ്രതിദിനം ആയിരം പേരായിരിക്കും എത്തുക.

റാലിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അവലോകന യോഗം തിരുവനന്തപുരം ആര്‍മി റികൂട്ടിംഗ് ഓഫീസ് ഡയറക്ടര്‍ കേണല്‍ കെ. വിശ്വനാഥത്തിന്റെയും ജില്ലാ കളക്ടര്‍ എന്‍.എസ്. കെ. ഉമേഷിന്റെയും അധ്യക്ഷതയില്‍ ചേര്‍ന്നു. രാവിലെ മൂന്നിന് റാലിയുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കും. രജിസ്‌ട്രേഷന് ശേഷം രാവിലെ ആറു മുതല്‍ 9.30 വരെയായിരിക്കും ശാരീരിക പരിശോധന. വിവിധ ഗ്രൂപ്പുകളായി തിരിച്ചായിരിക്കും ടെസ്റ്റുകള്‍ നടത്തുന്നത്. ശാരീരിക പരിശോധനയ്ക്ക് ശേഷം ശാരീരിക അളവ് പരിശോധന നടക്കും. തുടര്‍ന്ന് രേഖകളുടെ പരിശോധന നടക്കും.

വിദ്യാഭ്യാസ യോഗ്യതയും കായികക്ഷമതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനു ശേഷം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി സമ്പൂര്‍ണ്ണ വൈദ്യ പരിശോധന നടത്തും. പൂര്‍ണ്ണമായും മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ആര്‍മി റിക്രൂട്ട്‌മെന്റ് നടക്കുകയെന്നും പണം നല്‍കിയുള്ള ജോലി വാഗ്ദാന തട്ടിപ്പിന് ആരും ഇരയാകരുതെന്നും കേണല്‍ കെ. വിശ്വനാഥം അറിയിച്ചു.

റാലിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഉദ്യോഗാര്‍ഥികള്‍ക്കും ആര്‍മി ഓഫീസര്‍മാര്‍ക്കും ആവശ്യമായ ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം ഉറപ്പാക്കും.  റാലിയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് ഉറപ്പാക്കും. റാലി നടക്കുന്ന സ്ഥലത്ത് രണ്ട് ആംബുലന്‍സുകളും ഒരു മെഡിക്കല്‍ ഓഫീസറുടെ സേവനവും ലഭ്യമാകും.  സബ്ബ് കളക്ടര്‍ പി. വിഷ്ണു രാജ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍, അസിസ്റ്റന്റ് കളക്ടര്‍ നിഷാന്ത് സിഹാര തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *