എറണാകുളത്ത് കേരള ബാംബൂ ഫെസ്റ്റ് തുടങ്ങി
എറണാകുളത്ത് കേരള ബാംബൂ ഫെസ്റ്റ് തുടങ്ങി. സംസ്ഥാന ബാംബൂ മിഷന്‍ സംഘടിപ്പിക്കുന്ന 21-ാമത് കേരള ബാംബൂ ഫെസ്റ്റിന് തുടക്കമായി. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. എറണാകുളം മറൈന്‍ ഡ്രൈവിൽ 12 വരെയാണ് ഫെസ്റ്റ്. മുള മേഖലയിലെ കരകൗശല നിർമാതാക്കളും മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റില്‍ പങ്കെടുക്കും.
രാവിലെ 10.30 മുതല്‍ രാത്രി 8.30 വരെയാണ് മേളയുടെ പ്രവേശന സമയം. പ്രവേശനം സൗജന്യമാണ്. 180 സ്റ്റാളുകളിലായി കേരളത്തില്‍ നിന്ന് മുന്നൂറും മറ്റ്10 സംസ്ഥാനങ്ങളില്‍ നിന്ന് 50 ഓളം കരകൗശല പ്രവര്‍ത്തകരും മുള അനുബന്ധ സ്ഥാപനങ്ങളും ബാംബൂ ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. ഭൂട്ടാനില്‍ നിന്നുമുള്ള ബാംബൂ കരകൗശല നിർമാതാക്കളും മേളയില്‍ പങ്കെടുക്കുന്നു.
സംസ്ഥാന ബാംബൂ മിഷന്‍ മുഖേന സംഘടിപ്പിച്ച ഡിസൈന്‍ വര്‍ക്ക്ഷോപ്പിലും, പരിശീലന പരിപാടികളിലും രൂപകല്‍പ്പന ചെയ്ത ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പ്രത്യേക ബാംബൂ ഗ്യാലറിയും സജ്ജമാക്കിയിട്ടുണ്ട്.
ഫെസ്റ്റ് ദിവസങ്ങളില്‍ വൈകുന്നേരം മുള വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള കലാ സാംസ്‌കാരിക പരിപാടികള്‍ ഉണ്ട്. കൂടാതെ, മുളയരി, മുളകൂമ്പ് എന്നിവയില്‍ നിര്‍മ്മിച്ച ഭക്ഷ്യ ഉല്പന്നങ്ങളുടെ സ്റ്റാളുകളും മുള നഴ്സറികളും മേളയിലുണ്ട്. ചടങ്ങില്‍ ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം.പി. മുഖ്യ പ്രഭാഷണം നടത്തി.