എറണാകുളത്ത് കേരള ബാംബു ഫെസ്‌റ്റ് 2025 തുടങ്ങി
സംസ്‌ഥാന ബാംബൂ മിഷൻ്റെ 22-ാമത് കേരള ബാംബു ഫെസ്‌റ്റ് 2025 എറണാകുളം ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തുടങ്ങി. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
പൊതുജനങ്ങൾക്ക് മുളകരകൗശല ഉത്പ്പന്നങ്ങളുടെ നിർമാണ രീതികൾ തത്സമയം നേരിട്ട് മനസ്സിലാക്കുന്നതിനും കലാകാരന്മാരോട് ആശയവിനിമയം നടത്തുന്നതിനും ഒപ്പം വിപണന സാധ്യത പ്രയോജനപ്പെടുത്തുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്.
കേരളത്തിൽ നിന്നും അന്യസംസ്‌ഥാനങ്ങളിൽ നിന്നുമായി മുന്നൂറോളം കരകൗശല തൊഴിലാളികളും മുള അനുബന്ധ സ്‌ഥാപനങ്ങളും ബാംബൂ ഫെസ്‌റ്റിൽ പങ്കെടുക്കുന്നുണ്ട്. ഭൂട്ടാനില്‍ നിന്നുമുള്ള ബാംബൂ കരകൗശല പ്രവര്‍ത്തകരും മേളയില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന ബാംബൂ മിഷൻ പരിശീലകർ രൂപകൽപ്പന ചെയ്‌ത വിവിധ കരകൗശല ഉത്പ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനായി പ്രത്യേക ബാംബൂ ഗ്യാലറിയും സജ്ജമാക്കുന്നുണ്ട്.
മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ ഗവേഷണ സ്ഥാപനങ്ങളും ഫെസ്‌റ്റിലുണ്ട്. 2025 ഡിസംബർ 31 വരെ രാവിലെ 10.30 മുതൽ രാത്രി 8.30 വരെയും, 2026 ജനുവരി 1 ന് ഉച്ചക്ക് 2.30 മുതൽ രാത്രി 8.30 വരെയുമായിരിക്കും മേളയുടെ സമയം. പ്രവേശനം സൗജന്യമാണ്.




















