ഈ പൂന്തോട്ടത്തിലുണ്ട് 30 അടി വലുപ്പമുള്ള കഥകളി
പൂന്തോട്ടം കാണാൻ ഭംഗിയാണ്. എന്നാൽ പൂന്തോട്ടത്തിൽ ഒരു കഥകളി ചിത്രം കൂടിയായാൽ അതിലേറെ ഭംഗിയാകില്ലേ. ചെറുതൊന്നുമല്ല, 30 അടി വലുപ്പമുള്ള കഥകളി മുഖം. ഈ കാഴ്ച കാണാൻ മാടക്കത്തറയിലേക്ക് വരൂ.
അലങ്കാര ചെടികള്‍ കൊണ്ട് കഥകളി മുഖം രൂപപ്പെടുത്തിയിരിക്കുന്നത് കൊടുങ്ങല്ലൂരിലെ ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷാണ്. വിവിധ നിറങ്ങളിലുള്ള ചെടികള്‍ നിരത്തി വെച്ച് മണ്ണുത്തിയിലെ
മാടക്കത്തറ സ്കൂളിന് അടുത്തുള്ള പയനീര്‍ അഗ്രി ഫാമിലാണ് ഈ കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്. വെയിലും മഴയും വകവെക്കാതെ ചെടികളുടെ ഇലയുടെ നിറങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി പത്തു മണിക്കൂര്‍ കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചതെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു.
അമ്പാടി പെബിള്സ് വിനോദും അഗ്രിഫാം ഉടമ സോജനുമാണ് സുരേഷിന്‍റെ നൂറു മീഡിയം ലക്ഷ്യത്തിലെ എഴുപത്തി രണ്ടാമത്തെ മീഡിയമായ
ചെടികളില്‍ കഥകളി മുഖം ചെയ്യാനായി അവസരമൊരുക്കിയത്. പച്ച, മഞ്ഞ, വെളുപ്പ്, വയലറ്റ് എന്നീ നിറത്തിലുള്ള ചെടികളും പൂക്കളുമാണ് പൂന്തോട്ടത്തിൽ കഥകളിക്കായി ഉപയോഗിച്ചിരിക്കുന്നത്. നിലത്ത് കഥകളിയുടെ മുഖം സ്‌ക്കെച്ചിട്ട് അതിലാണ് ചെടികൾ നിരത്തിയത്. കൂറ്റൻ ചിത്രമായതിനാൽ അടുത്തു നിന്ന് നോക്കിയാൽ രൂപം വ്യക്തമാകില്ല. ആകാശദൃശ്യത്തിലൂടെ മാത്രമെ കഥകളി തെളിഞ്ഞു വരു.
സഹായത്തിനായി ക്യാമറാമേന്‍ സിംബാദും രാകേഷ് പള്ളത്ത്, ഫെബി, കൂടാതെ അഗ്രിഫാമിലെ തൊഴിലാളികളും ഉണ്ടായിരുന്നു. ഈയിടെ സുരേഷ് മൂവായിരം പവൻ്റെ സ്വർണ്ണാഭരണങ്ങൾ ജ്വല്ലറിയുടെ തറയിൽ നിരത്തി മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിൻ്റെ ചിത്രം ഒരുക്കിയിരുന്നു.
അതൊന്ന് കാണണമല്ലോ