അഴീക്കോട് മുനക്കല്‍ ബീച്ചില്‍ കോവിഡ് പ്രതിരോധ ശില്പം
അഴീക്കോട് മുനക്കല്‍ ബീച്ചില്‍ മുസിരീസ് പ്രോജക്റ്റിന്‍റെ ഭാഗമായി കോവിഡ് പ്രതിരോധ ശില്പം തീർത്ത് ഡാവിഞ്ചി സുരേഷ്.
കോവിഡിൽ നിന്ന് സാധാരണ നിലയിലേക്ക് മടങ്ങിവരാന്‍ ലോകത്തിന് ഇനി എന്ന് കഴിയും എന്ന ചോദ്യ ചിഹ്നമാണ് ശില്പത്തിന്റെ നട്ടെല്ലായി രൂപപെടുത്തിയിരിക്കുന്നത്. ചെവിയിൽ തൂങ്ങിക്കിടക്കുന്ന മാസ്ക്കിനുള്ളില്‍ മറഞ്ഞിരിക്കുന്ന വേദനയാര്‍ന്ന മനുഷ്യ മുഖത്തിന്‍റെ
പ്രതീക്ഷകള്‍ക്ക് സുരക്ഷതന്നെയാണ് മുഖ്യമായ പ്രതിരോധം എന്നോര്‍മ്മപ്പെടുത്തുകയാണ് ശില്പം. ചോദ്യചിഹ്നത്തിന്‍റെ അടിയിലെ കുത്തായി ലോകത്തിന്‍റെ മാതൃകയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചൈനയില്‍ നിന്ന് പൊട്ടിപുറപ്പെട്ട മഹാമാരിയെ സൂചിപ്പിച്ചു കൊണ്ട് തലയുടെ പിന്നില്‍ ചൈനീസ് ഡ്രാഗന്‍റെ മുള്ളുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
പത്തടി ഉയരമുള്ള ശില്പം ഒരാഴ്ചയോളം സമയമെടുത്താണ് നിര്‍മിച്ചതെന്ന് ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷ് പറഞ്ഞു. ഇരുമ്പ് കമ്പികളും തകിടും ഫൈബറുമാണ്
ശില്പനിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ശില്പം അഴീക്കോട് മുനക്കല്‍ ബീച്ചില്‍ വരുന്നവര്‍ക്ക് ആസ്വദിക്കുവാനും ആശയമുള്‍ ക്കൊള്ളുവാനും മുസിരീസ് പ്രോജക്റ്റ് അവസരമൊരുക്കിയിട്ടുണ്ട്. ഏപ്രിൽ ഒന്നിന് രാവിലെ 10 മണിയ്ക്ക് കോവിഡ് പ്രതിരോധ ശില്പം ജനങ്ങൾക്കായി സമർപ്പിക്കും. സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയരക്ടർ ഡോ. മുഹമ്മദ് ഹഷീൽ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്
ജാഗ്രതാശില്പം ഉണ്ടാക്കി ഡാവിഞ്ചി സുരേഷ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് മാര്‍ച്ച് 24ന് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ദിവസവും തുടര്‍ച്ചയായി കോവിഡുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വരക്കാന്‍ തുടങ്ങി. 63 ദിവങ്ങള്‍ കൊണ്ട് 63 കോവിഡ് ബോധവല്‍ക്കരണ ചിത്രങ്ങള്‍ വരച്ചു. പിന്നീട് കാര്‍ട്ടൂണ്‍ അക്കാദമിയും കേരള സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തിയ കാര്‍ട്ടൂണ്‍ മതിലില്‍ പങ്കെടുത്ത് കാര്‍ട്ടൂണുകള്‍ വരച്ചു.