കലാകാരന്മാരുടെ കൂട്ടായ്മയിൽ വിപിന്റെ ആർട്ട്കട
കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിച്ച് വിപണി കണ്ടെത്താൻ ഒരു ചിത്രകാരന്റെ പ്രയത്‌നം. കാസർകോട് ജില്ലയിലെ ചെറുവത്തൂർ സ്വദേശിയായ വിപിൻ ഇരിട്ടി എന്ന കലാകാരനാണ് ആർട്ട് കട എന്ന പേരിൽ ചെറുവത്തൂർ ജംഗ്ഷനിൽ സ്ഥാപനം തുടങ്ങിയിരിക്കുന്നത്.
കലാകാരന്മാർക്ക് സ്വന്തം സൃഷ്ടികൾ പ്രദർശിപ്പിച്ച് വില്പന നടത്താനുള്ള സങ്കേതമാണ് ആർട്ട് കട കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വിപിൻ പറയുന്നു. ആർട്ട്, ക്രാഫ്റ്റ് ഇനത്തിൽപ്പെട്ട എല്ലാ കലാസൃഷ്ടികളും സ്ഥാപനത്തിലുണ്ട്. കലാസ്വാദകർക്ക് ഓൺലൈനായി തിരഞ്ഞെടുത്ത് എത്തിച്ചു കൊടുക്കാനുള്ള സംവിധാനവും ഉണ്ടാക്കിയിട്ടുണ്ട്.
കലാകാരന്മാർ വീട്ടിലിരുന്ന് ഉണ്ടാക്കുന്ന ശില്പങ്ങളും വാട്ടർ കളർ – അക്രിലിക് ചിത്രങ്ങളും മ്യൂറൽ പെയിന്റിങ്ങുകളുമെല്ലാം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. എന്റെ ചിത്രം മാത്രമല്ല നാട്ടിലെ കലാകാരന്മാരടെ ചിത്രങ്ങളും ആളുകളുടെ കൈയിലെത്തണം അതിനാണ് ഈ പരിശ്രമം – വിപിൻ പറഞ്ഞു.
ചിത്രകാരിയായ ഭാര്യ അമൃതയും ഈ സംരംഭത്തിൽ ഒപ്പമുണ്ട്. ഇരിട്ടി അങ്ങാടിക്കടവിലെ വേലു – സുശീല ദമ്പതികളുടെ മകനായ വിപിൻ സ്ക്കൂൾ പഠനകാലത്തു തന്നെ ചിത്രകലയിൽ തൽപ്പരനായിരുന്നു. പെയിന്റിങ്ങ് ഡിപ്ലോമ പാസ്സായ ശേഷമാണ് കലാരംഗത്തേക്ക് തിരിഞ്ഞത്.
എല്ലാ മീഡിയത്തിലും ചിത്രങ്ങൾ വരക്കുകയും ശില്പങ്ങൾ ഉണ്ടാക്കുകയും ചെയ്യും. മ്യൂറൽ ചിത്രങ്ങൾക്ക് ഇപ്പോൾ അവശ്യക്കാർ കൂടുതലാണെന്ന് വിപിൻ പറയുന്നു. പുതുതായി പണിയുന്ന വീടുകളിലെല്ലാം ഇത്തരം ചിത്രങ്ങൾ സ്ഥാനം പിടിക്കുന്നുണ്ട്.
ഒട്ടേറെ വീടുകളിൽ ചുവർ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. തൃശ്ശൂരിൽ ഒരു വീട്ടിൽ പലയിടത്തായി 8000 ചതുരശ്ര അടി സ്ഥലത്ത് ചിത്രം വരച്ച് അടുത്ത കാലത്താണ് പൂർത്തിയാക്കിയത്. പരമ്പരാഗത ചുവർ ചിത്രശൈലിയിൽ നിന്ന് മാറി സ്വന്തം ആശയങ്ങളും ചേർത്താണ് വിപിൻ ചുവർ ചിത്രങ്ങൾ വരയ്ക്കുന്നത്.
ചിത്രങ്ങൾ കുറേക്കൂടി വർണ്ണാഭമാണ്. മുംബൈ, ഹരിയാന, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. അമേരിക്ക, അയർലന്റ്, ആസ്ത്രേലിയ എന്നിവിടങ്ങളിലെല്ലാം ചിത്രങ്ങൾ വില്പന നടത്തിയിട്ടുണ്ട്.
art gallery
ആശംസകൾനേരട്ടെ ആദ്യം തന്നെ.വിപിനോടൊത്തുള്ള നിമിഷങ്ങൾ വിജ്ഞാനദായകവും ചിത്ര,ശില്പ കലാ രംഗത്ത് വർത്തിക്കുന്നവർക്ക് പുതിയൊരു ദിശാബോധവും നൽകുന്നതാണെന്ന് നേരനുഭവത്തിലൂടെ പറയട്ടെ.