കാല്‍വിരലുകള്‍ കൊണ്ട് ഇളയദളപതി ചിത്രം
തമിഴ് നടന്‍ ഇളയ ദളപതി വിജയ് യുടെ ജന്മദിനമായ ജൂണ്‍22 ന് ആശംസകളറിയിച്ചു കൊണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥി ഇന്ദ്രജിത്ത് കാല്‍ വിരലുകള്‍ കൊണ്ട് ചിത്രം വരച്ചു. അക്രിലിക് കളറില്‍ കിടപ്പ് മുറിയിലെ ചുമരിലാണ് ചിത്രം തീര്‍ത്തത്. ഇന്ദ്രജിത്തിന് അഞ്ചു വയസുള്ളപ്പോഴാണ് ഇഷ്ടതാരം വിജയ് യെ നേരിട്ട് കാണുന്നത്. ശില്പിയും ചിത്രകാരനുമായ കൊടുങ്ങല്ലൂരിലെ ഡാവിഞ്ചി സുരേഷിന്‍റെ മകനാണ് ഇന്ദ്രജിത്ത്. ചെറുപ്പം മുതലേ വിജയ് ആരാധകനായ
ഇന്ദ്രജിത്തിന്‍റെ ഇഷ്ട പ്രകാരം സുരേഷ് റബ്ബറില്‍ ഉണ്ടാക്കിയ ഡാന്‍സ് ചെയ്യുന്ന വിജയ്‌ശില്പം അദ്ദേഹത്തെ നേരിൽ കാണിച്ചിരുന്നു. കാവലന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിന് വിജയ് വരിക്കാശ്ശേരി മനയില്‍ എത്തിയപ്പോഴാണ് സുരേഷും കുടുംബവും അവിടെ ശില്പവുമായി എത്തുന്നത്. ശില്പം ഉണ്ടാക്കാനുള്ള
കാരണക്കാരനായ അഞ്ചു വയസുകാരനെ കണ്ടപ്പോൾ വിജയ് കുഞ്ഞന്‍ ആരാധനെ വാരിയെടുത്തിരുന്നു. പതിനൊന്നു വര്‍ഷത്തിനു ശേഷം ഇന്ദ്രജിത്ത് ബ്രഷിന്‍റെ സഹായമില്ലാതെ കാൽ വിരലുകള്‍ ഉപയോഗിച്ച് ചുമരില്‍ മാസ്റ്റര്‍ സിനിമയിലെ വിജയ് ചിത്രം വരച്ച് ജന്മദിനാശംസകള്‍ നേരുകയാണ് ചെയ്തത്. നാലടി വലുപ്പമുള്ള ചിത്രം കട്ടിലില്‍ മലര്‍ന്നു
കിടന്നു രണ്ടു ദിവസമെടുത്താണ് വരച്ചത്. കാലുകൊണ്ട് വരച്ചു തുടങ്ങുന്നത് മുതല്‍ അവസാനം വരെയുള്ള വീഡിയോയും എടുത്തിട്ടുണ്ട്. പേപ്പറില്‍ കളര്‍ പെന്‍സിലില്‍ ചെറിയ ചിത്രങ്ങള്‍ മാത്രം വരച്ചിരുന്ന ഇന്ദ്രജിത്ത് ഈയിടെ കൈ വിരലുകള്‍ ഉപയോഗിച്ച് ടോവിനോ തോമസിന്‍റെ ചിത്രം വരച്ചത് വാര്‍ത്തയായിരുന്നു.
കൊടുങ്ങല്ലൂര്‍ അമൃത വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ഇന്ദ്രജിത്ത്. വ്യത്യസ്ത മീഡിയങ്ങളില്‍ നിരവധി ചിത്രങ്ങള്‍ തീര്‍ത്തിട്ടുള്ള അച്ഛൻ ഡാവിഞ്ചി സുരേഷിൻ്റെ പാത പിന്തുടര്‍ന്ന് വിവിധ മേഖലകള്‍ തേടുകയാണ് മകൻ.