കാഞ്ഞങ്ങാട്ടെ തെയ്യശില്പം രാഷ്ട്രപതി ഭവനിലേക്ക്
കാഞ്ഞങ്ങാട് പെരിയയിലെ കേന്ദ്ര സർവ്വകലാശാല ആസ്ഥാനത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സർവ്വകലാശാല നൽകിയ ഉപഹാരം കാഞ്ഞങ്ങാട് നിന്നുള്ള തെയ്യ ശില്പം. ഒറ്റമരത്തിൽ കൊത്തിയെടുത്ത് അനുയോജ്യമായ ചായക്കൂട്ടുകൾ അതിസൂക്ഷ്മതയോടെ വരച്ച് ചേർത്താണ് ശില്പം തയ്യാറാക്കിയത്. കാഞ്ഞങ്ങാട്ട് വിശ്വകർമ്മ സമുദായാംഗവും പാരമ്പര്യ ശില്പിയുമായ
അനിൽ കാർത്തികയുടെ നേതൃത്വത്തിൽ ഏഴ് ശില്പികൾ ചേർന്നാണ് വേട്ടക്കൊരുമകൻ തെയ്യരൂപം നിർമ്മിച്ചത്. ഒന്നേമുക്കാൽ അടി ഉയരത്തിൽ കുമിഴ് മരത്തിലാണ് ഇത് കൊത്തിയെടുത്തത്.
ഉത്തര കേരളത്തിൽ കെട്ടിയാടുന്ന തെയ്യക്കോലങ്ങളിൽ രൂപ ഭംഗിയിലും ശില്പശാസ്ത്രത്തിലും സൗന്ദര്യ സങ്കൽപത്തിലും ഏറെ മുന്നിലാണ് വേട്ടക്കൊരുമകൻ തെയ്യം. ഭാരതത്തിൻ്റെ പ്രഥമ പൗരന് നൽകുന്ന ഉപഹാരത്തിൽ ഉത്തര കേരളത്തിൻ്റെ അനുഷ്ഠാന കലയായ തെയ്യരൂപം വേണമെന്ന് നിർദ്ദേശിച്ചത് ഫോക് ലാൻ്റ് ചെയർമാനായ ഡോ.വി.ജയരാജനാണ്. ഉത്തരകേരളത്തിൽ പ്രത്യേകിച്ച്
കാസർകോട് ജില്ലയിൽ തെയ്യമായും, കണ്ണൂർ കോഴിക്കോട് ജില്ലകളിൽ തിറയായും ആരാധിക്കുന്ന വേട്ടക്കൊരുമകൻ ഈശ്വരൻ കേരളത്തിൽ മറ്റിടങ്ങളിലും അന്യസംസ്ഥാനങ്ങളിലും വിവിധ രൂപത്തിൽ ആരാധിക്കപ്പെടുന്നുണ്ട്.
പാട്ട് രൂപത്താലും (വേട്ടക്കൊരുമകൻ പാട്ട്), കള മെഴുത്തായും (വേട്ടക്കൊരു മകൻ കളം) വിഗ്രഹാരാധനയായും, കെട്ടിക്കോലമായും വേട്ടക്കൊരുമകനെ ആരാധിച്ച് വരുന്നുണ്ട്. അതു കൊണ്ടു തന്നെ വേട്ടക്കൊരുമകൻ കേരളത്തെ മുഴുവൻ പ്രതിനിധീകരിക്കുകയും, ഇതിൻ്റെ തെയ്യരൂപം ഉത്തരകേരളത്തിൻ്റെ സ്വന്തമായി മാറുകയും
ചെയ്യുന്നു. ശില്പ കലയും ചിത്രകലയും ഉത്തര കേരളത്തിൻ്റെ സ്വന്തം അനുഷ്ഠാന കലയും ഒരുമിച്ച് ചേർന്ന ഉപഹാരമെന്ന ബഹുമതിക്ക് ഇത്
അർഹമാവുമെന്ന് ജയരാജൻ പറയുന്നു.
തെയ്യത്തിൻ്റെ മുടിയിൽ മയിൽപ്പീലികൾ കൊണ്ട് അലങ്കരിച്ചാണ് വേട്ടക്കൊരുമകൻ്റെ മുടി തയ്യാറാക്കുന്നത്. അലങ്കാര വസ്ത്രങ്ങൾ ചിറകുടുപ്പാണ്. മുഖത്തെഴുത്തിൽ അപൂർവ്വമായ കട്ടാരപ്പുള്ളി എന്ന എഴുത്താണ് ഈ തെയ്യത്തിൻ്റേത്. പച്ച നിറം ഉപയോഗിച്ച് മുഖത്തെഴുതുന്ന അപൂർവ്വം തെയ്യക്കോലങ്ങളിലൊന്നാണിത്. കറുത്തതാടിയാണ് മറ്റൊരലങ്കാരം. കേരള സർക്കാർ ടൂറിസം വകുപ്പിൻ്റെ കീഴിൽ
2018 ൽ രജിസ്റ്റർ ചെയ്ത കാഞ്ഞങ്ങാട് പുതിയകണ്ടം വിശ്വകർമ്മ ക്ഷേത്ര പരിസരത്ത് പ്രവർത്തിക്കുന്ന സംരഭമായ ‘ഗ്രാമീണം’ എന്ന സാംസ്കാരിക ടൂറിസം സംഘടനയുടെ പ്രവർത്തനത്തിന് ലഭിക്കുന്ന അംഗീകാരം
കൂടിയാണിത്. നാൽപ്പത്തി ഒന്ന് അംഗങ്ങളുള്ള ഈ സംരംഭം മരത്തിൽ കൊത്തിയെടുത്ത ഭസ്മ കൊട്ടയും, വിളക്കുകളും, മറ്റ് കരകൗശല ഉല്പന്നങ്ങളും ഇതിനകം അന്യസംസ്ഥാനങ്ങളിലേക്കും അന്യ രാജ്യങ്ങളിലേക്കും പോയിട്ടുണ്ട്. നേതൃ സ്ഥാനത്തുള്ള അനിലിന് ശില്പ നിർമ്മാണത്തിൽ 22 വർഷത്തെ അനുഭവജ്ഞാനമുണ്ട്. ഉത്തരകേരളത്തിലെ തച്ചുശാസ്ത്ര വിധിയിലും ശില്പ നിർമ്മാണത്തിലും പേരുകേട്ട കുടുംബ പാരമ്പര്യത്തിൻ്റെ അഞ്ചാം തലമുറക്കാരനാണ് അനിൽ കാർത്തിക. വാസ്തുശില്പി കെ. വി. ഗംഗാധരനാണ് അനിലിൻ്റെ പിതാവ്. പുരുഷോത്തമനാണ് ഗുരുനാഥൻ.
കാലഘട്ടത്തിനനുയോജ്യമായ രീതിയിൽ പുതിയ ഉല്പന്നങ്ങളും പഴയവ പുതിയ രൂപത്തിലും ഭാവത്തിലും മെനഞ്ഞെടുക്കാനാണ് അനിൽ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഭസ്മക്കൊട്ട, വാതിൽ പടികൾ, നെയിം ബോർഡുകൾ, കളിക്കോപ്പുകൾ തുടങ്ങിയവയിൽ ആരംഭിച്ച തൻ്റെ ശില്പസപര്യയാണിപ്പോൾ ഏറെ ശ്രദ്ധയും സൗന്ദര്യ ബോധവും ആത്മ സമർപ്പണവും ആവശ്യമുള്ള തെയ്യം ശില്പകലയിലെത്തിയിരിക്കുന്നത്. ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാഷ്ട്രപതിക്ക് നൽകിയ വേട്ടക്കൊരുമകൻ ശില്പം.