കേരളോത്സവത്തെ വരവേൽക്കാൻ വർണ്ണക്കൂട്ടായ്മ
കേരളോത്സവത്തിന് സ്വാഗതമോതി കലാകാരന്മാരുടെ കൂട്ടായ്മ. കലാകാരന്മാർ വർണ്ണങ്ങൾ ചാലിച്ചപ്പോൾ കണ്ണൂരിന്റെ പ്രൗഢി ക്യാൻവാസിൽ ചിത്രങ്ങളായി. സംസ്ഥാന കേരളോത്സവത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച ചിത്രകലാ കൂട്ടായ്മയാണ് കലാകേരളത്തിന് വരവേൽപ്പ് നൽകിയത്.
ചിത്രകാരന്മാരായ സെൽവൻ മേലൂർ, ഹരീന്ദ്രൻ ചാലാട്, വർഗീസ് കളത്തിൽ, ബി.ടി.കെ. അശോക് തുടങ്ങിയവരുടെ നേതൃത്വത്തിൽ 18 കലാകാരന്മാരാണ് ദൃശ്യ വിരുന്നൊരുക്കിയത്. തെയ്യം, നൃത്തം, ചെണ്ടമേളം, ചാക്യാർകൂത്ത് തുടങ്ങിയ ചിത്രങ്ങളായിരുന്നു കൂടുതലും. ഇവ ഡിസംബർ 18 മുതൽ 21 വരെ കണ്ണൂരിൽ നടക്കുന്ന കേരളോത്സവ വേദികളിൽ പ്രദർശിപ്പിക്കും.
സിനിമാതാരം സുബീഷ് സുധി ചിത്രം വരച്ച് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജിമ്മി ജോർജ് ഹാളിലെ സംഘാടക സമിതി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സി.പി.ഷിജു അധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോർഡ് അംഗം വി.കെ.സനോജ്, ജില്ലാ യൂത്ത് പ്രോഗ്രാം കോ ഓർഡിനേറ്റർ സരിൻ ശശി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ കെ. പ്രസീത, പ്രചാരണ കമ്മറ്റി ഭാരവാഹികളായ പി.പ്രശാന്ത്, റിഗേഷ് കൊയിലി എന്നിവർ സംസാരിച്ചു.