72 മീറ്റർ കാൻവാസിൽ 72 കലാകാരന്മാര്‍ മൺചിത്രങ്ങൾ ചാലിച്ചു

സാഗരം സാക്ഷിയാക്കി 72 കലാകാരന്മാര്‍ 72 മീറ്റർ കാൻവാസിൽ മൺ ചിത്രങ്ങൾ വരച്ചു. ഈ വർണ്ണ വിസ്മയം കാണാൻ കോഴിക്കോട് കടപ്പുറത്ത് ആസ്വദകർ തിങ്ങിക്കൂടി. ചിത്രകാരന്മാരുടെ കൂട്ടായ്മയായ ബിയോണ്ട് ദ ബ്ലാക്ക് ബോര്‍ഡിന്റെ നേതൃത്വത്തിലാണ് ക്യാൻവാസിൽ മൺചിത്രങ്ങൾ വരച്ച് റെക്കോർഡിട്ടത്. ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിൻ്റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും വലിയ മൺചിത്രരചന ഒരുക്കിയത്.

‘ലോങ്ങസ്റ്റ് മഡ് പെയിന്റിംഗ്‘ കാറ്റഗറിയിലുള്ള യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ യു.ആർ.എഫ്. വേൾഡ് റെക്കോർഡാണ് ‘മണ്ണിൻ വർണ്ണ വസന്തം’ എന്ന പരിപാടി സ്വന്തമാക്കിയത്. ജൂറി ഹെഡും ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് കേരളയുടെ സംസ്ഥാന പ്രസിഡന്റുമായ ഗിന്നസ് സത്താർ ആദൂർ ലോകറെക്കോര്‍ഡ് പ്രഖ്യാപനം നടത്തി.

മണ്‍ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകനും ശില്‍പ്പിയുമായ രാജീവ് അഞ്ചല്‍ നിര്‍വഹിച്ചു. വിവിധ വർണ്ണങ്ങളിലുള്ള മണ്ണ് കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള പ്രസിദ്ധമായ 106 സ്ഥലങ്ങളിൽ നിന്ന് സമാഹരിച്ചാണ് മണ്‍ചിത്ര ചായക്കൂട്ട് ഒരുക്കിയത്. ചരിത്രസ്മാരകങ്ങളും സാമൂഹ്യപരികര്‍ത്താക്കളും നവോത്ഥാന നായകരും ചരിത്ര പ്രസിദ്ധ സ്ഥലങ്ങളുമെല്ലാം ക്യാന്‍വാസില്‍ ഇടം പിടിച്ചു.

വടക്കുനാഥ ക്ഷേത്രം മുതൽ നിലക്കൽ, പമ്പ, പരുമലപ്പള്ളി, ചേരമാൻ പള്ളി, വാവര് പള്ളി, ചാലിയംപുഴക്കര പള്ളി, കന്യാകുമാരി തിരുവള്ളുവർ പ്രതിമ,പുനലൂര്‍ തൂക്കുപാലം, തളി മഹാക്ഷേത്രം, മിശ്ക്കാൽപ്പള്ളി , മോയിൻകുട്ടി വൈദ്യർ സ്മാരകം, ശാന്തിഗിരിയിലെ താമരപ്പര്‍ണ്ണശാല, തുടങ്ങിയ കേന്ദ്രങ്ങളുടെ ചിത്രങ്ങളും കാൻവാസിൽ പുനർജനിച്ചു.

ശ്രീനാരായണ ഗുരു,ചട്ടമ്പിസ്വാമികൾ, സ്വാമിവിവേകാന്ദൻ, വാക്ഭടാനന്ദൻ, അയ്യങ്കാളി, ശങ്കരാചര്യർ, സ്വാതി തിരുന്നാൾ, രവിവര്‍മ്മ, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, വി.ടി.ഭട്ടത്തിരിപ്പാട്, കേളപ്പജി, മന്നത്ത് പദ്മനാഭൻ, വയലാർ  തുടങ്ങിയവരുടെ ചിത്രങ്ങളും ചിത്രകാരന്മാർ ആലേഖനം ചെയ്തു. ഓരോ ചിത്രങ്ങളും വരച്ചത് അതുമായി ബന്ധപ്പെട്ട സ്ഥലത്ത് നിന്നുള്ള മണ്ണ് സംഭരിച്ചാണ് എന്നത് പ്രത്യേകതയാണ്.

സതീഷ് പാലോറ, രാംദാസ് കക്കട്ടില്‍, കൃഷ്ണൻ പാത്തിരിശ്ശേരി, സുരേഷ് ഉണ്ണി, ശശി കോട്ട്, സിഗ്നി ദേവരാജ്, ഹാറൂൺ അൽ ഉസ്മാൻ , യു.കെ. രാഘവൻ , മേരി എർമിന റോഡ്രിഗസ് , ബിവീഷ്.കെ തുടങ്ങി 72 ചിത്രകാരന്മാരാണ് അണിനിരന്നത്. വൈകുന്നേരം മൂന്ന് മണിയ്ക്ക് തുടങ്ങിയ ചിത്രം വര ആറ് മണിയോടെ പൂർത്തിയായി.

One thought on “72 മീറ്റർ കാൻവാസിൽ 72 കലാകാരന്മാര്‍ മൺചിത്രങ്ങൾ ചാലിച്ചു

Leave a Reply

Your email address will not be published. Required fields are marked *