ജീവൻ തുടിക്കുന്ന ശിവൻ കൈലാസ് ചിത്രങ്ങൾ


 ശിവൻ കൈലാസ് എന്ന ചിത്രകാരന്റെ വർണ്ണപ്പകിട്ട് സ്ഥാനം പിടിച്ചിരിക്കുന്നത് ഉത്തരേന്ത്യൻ മ്യൂസിയങ്ങളിലും പള്ളി മേടകളിലും ഒമാൻ കൊട്ടാരത്തിലുമാണ്.

കടും വർണ്ണങ്ങളിൽ ശിവൻ ചാലിച്ചെടുക്കുന്ന പ്രകൃതി ദൃശ്യങ്ങളും ഛായാചിത്രങ്ങളും നാം കണ്ണെടുക്കാതെ നോക്കി നിന്നു പോകും. വളരെ വേഗത്തിൽ ചിത്രങ്ങൾ രചിക്കുന്ന കലാകാരൻ എന്ന നിലയിലാണ് ശിവൻ ആസ്വാദകർക്കിടയിൽ അറിയപ്പെടുന്നത്.

ശിവൻ വരച്ച സംഗീത പ്രതിഭ ദക്ഷിണാ മൂർത്തിയുടെയും ഹരിപ്രസാദ് ചൗരസ്യയുടെയും ഗായിക സുബ്ബലക്ഷ്മിയുടെയും മുഹമദ് റഫിയുടെയും ഛായാചിത്രങ്ങൾ ജീവൻ തുടിക്കുന്നവയാണ്. കടുംനിറങ്ങളിൽ വളരെ സൂക്ഷ്മതയോടെ വരച്ചുണ്ടാക്കുന്ന പ്രകൃതി ദൃശ്യങ്ങളെല്ലാം കമനീയമാണ്. ഒരാളുടെ ഛായാചിത്രം വരയ്ക്കാൻ ഒറ്റ ദിവസം മതിയെന്ന് ശിവൻ പറയുന്നു.

ഒന്നര പതിറ്റാണ്ടായി ചിത്രകലാരംഗത്തുള്ള ഇദ്ദേഹം ചിത്രരചന തൊഴിലാക്കി നാടുചുറ്റുകയും ചെയ്യുന്നു. ഡൽഹി, നാഗ്പൂർ, ഡറാഡൂൺ, ഇൻഡോർ തുടങ്ങിയ സ്ഥലങ്ങിലെ ചർച്ചുകളിലും മ്യൂസിയങ്ങളിലും ശിവന്റെ ചിത്രങ്ങൾ ഇന്നും ആസ്വാദകർക്ക് ഹരം പകരുന്നു. പല ചർച്ചുകളിലും പ്രദർശിപ്പിച്ചുള്ള  പുരോഹിതരുടെ ചിത്രങ്ങൾ കണ്ട് ശിവനെ പല ഉന്നത വ്യക്തികളും പ്രശംസിച്ചിട്ടുണ്ട്.

ചർച്ചുകളിലും മറ്റും മാസങ്ങളോളം ക്യാമ്പു ചെയ്താണ് ചിത്രങ്ങൾ വരക്കുന്നത്. തളിപ്പറമ്പ് കീഴാറ്റൂർ സ്വദേശിയാണ്.സ്ക്കൂൾ പഠനകാലത്ത് ചിത്രരചനയിൽ താല്പര്യമുണ്ടായിരുന്നു.അങ്ങിനെ പത്താം ക്ലാസിനു ശേഷം കെ.ജി.ടി.ഇ.പെയിന്റിങ്ങ് ഡിപ്ലോമ കഴിഞ്ഞ് തളിപ്പറമ്പിൽ ശിവൻ ആർട്സ് എന്ന പേരിൽ കമേഴ്സ്യൽ ആർട്ട് സ്ഥാപനം തുടങ്ങി.

2008 വരെ ഈ സ്ഥാപനം നടത്തിയെങ്കിലും ഫ്ലക്സിന്റെ വരവോടെ സ്ഥാപനം പൂട്ടേണ്ടി വന്നു.അതു കഴിഞ്ഞ് ഒമാനിലേക്ക് പോയി. അവിടെ പുതുതായി പണിത ഒമാൻ കൊട്ടാരത്തിന്റെ ചുമരുകളിൽ ചിത്രങ്ങളും ഡിസൈനും വരച്ചു.രണ്ടു വർഷമെടുത്താണ് ഇത് പൂർത്തിയാക്കിയത്‌.

പിന്നീട് തിരിച്ചു വന്ന് തിരുവനന്തപുരത്ത് ബെൽ ആർട്ട് എന്ന ബെൽജിയം കമ്പനിയിൽ രേഖാ ചിത്രകാരനായി ജോലി ചെയ്തു. ഇതിനിടയിലെ ഒഴിവു സമയങ്ങളിൽ  യേശുദാസിന്റെ തരംഗ നിസരി സ്ക്കൂളിൽ ചിത്രകലാ അധ്യാപകനായും പ്രവർത്തിച്ചു. ഒരിക്കൽ യേശുദാസും സച്ചിൻ തെണ്ടുൽക്കറും ഒന്നിച്ച് നിൽക്കുന്ന പെയിന്റിങ്ങ് യേശുദാസിന് സമ്മാനിച്ചു. ചിത്രം അദ്ദേഹത്തിന് വളരെ ഇഷ്ടമായി.

യേശുദാസിന് ചിത്രം സമ്മാനിച്ചപ്പാൾ

“ഞാൻ സച്ചിനെ നേരിൽ കണ്ടിട്ടില്ല. അപ്പോൾ ഒന്നിച്ചുള്ള ഈ ചിത്രം എങ്ങിനെ വന്നു എന്നു ആളുകൾ ചോദിച്ചാൽ ഇത് ചിത്രകാരൻ ശിവന്റെ ഭാവനയാണെന്ന് പറയേണ്ടി വരും “- എന്നാണ് ദാസേട്ടൻ അന്ന് തമാശയായി കമന്റ് ചെയ്തതെന്ന് ശിവൻ പറയുന്നു. എറണാകുളത്ത് സ്വകാര്യ ആർട്ട് ഗാലറിയിലും വടകര ക്രാഫ്റ്റ് വില്ലേജിലുമെല്ലാം ചിത്രങ്ങൾ വരച്ച് പ്രദർശിപ്പിച്ചിട്ടുണ്ട്. സച്ചിൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചപ്പോൾ ക്രാഫ്റ്റ് വില്ലേജിൽ

ശിവനും മറ്റ് നാല്  ചിത്രകാരന്മാരും ചേർന്ന് 17 അടി നീളവും 10 അടി വീതിയുള്ള കൂറ്റൻ കാൻവാസിൽ അക്രലിക് വർണ്ണത്തിൽ സച്ചിന്റെ ചിത്രം വരച്ചിരുന്നു. കൊല്ലം, ചേർത്തല, ആലപ്പുഴ എന്നിവിടങ്ങളിലെ ചർച്ചിലും ചിത്രങ്ങൾ വരച്ചു. അട്ടപ്പാടിയിലെ സെഹിയോന്‍ ധ്യാന കേന്ദ്രത്തിലും മറ്റും ചിത്രങ്ങൾ വരച്ചിട്ടുണ്ട്.

മംഗളൂരു ഉർസുലകോ ൺവെന്റ് മ്യൂസിയത്തിൽ ഛായാചിത്രങ്ങളും പ്രകൃതി ദൃശ്യങ്ങളുമായി നാല്പതിലേറെ പെയിന്റിങ്ങുകൾ ഉണ്ട്. ഇപ്പോൾ നാഗപ്പൂർ പള്ളോട്ടി സ്ക്കൂൾ ഓഫ് ഫൈനാർട്സിൽ പ്രവർത്തിച്ചു വരികയാണ്. അക്രലിക്കിലാണ് സാധാരണ ചിത്രങ്ങൾ വരക്കുന്നത്.

പ്രകൃതി ദൃശ്യങ്ങളും ഛായാചിത്രങ്ങളുമായി ശിവൻ വരച്ച ചിത്രങ്ങൾക്ക് കണക്കില്ല. കേരളത്തിലെ പല റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും വേണ്ടി ചിത്രങ്ങൾ വരച്ചു നൽകിയിട്ടുണ്ട്.
മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങൾ അടക്കം ഇന്ത്യയിലെ പല നഗരങ്ങളിലും ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

ഇപ്പോൾ  കുടുംബത്തോടൊപ്പം കാസർകോട് ഉപ്പള ജോഡ്കലിലാണ് താമസം. ഭാര്യ ജ്യോതി ശിവൻ അധ്യാപികയാണ്. മകൾ വിദ്യാർത്ഥിനിയായ ദേവികയും ചിത്രം വരയ്ക്കും.

One thought on “ജീവൻ തുടിക്കുന്ന ശിവൻ കൈലാസ് ചിത്രങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *