ഉമ്മൻ ചാണ്ടിയുടെ ഏഴ് ഭാവങ്ങളുമായി റഷ്യൻ മത്രൂഷ്ക്ക പാവകൾ
ഉമ്മൻ ചാണ്ടിയുടെ ഏഴ് ഭാവങ്ങളുമായി റഷ്യയിൽ നിന്ന് മത്രൂഷ്ക്ക പാവകൾ. റഷ്യയിൽ വീടുകളിലെ സ്വീകരണ മുറികൾ അലങ്കരിക്കുന്ന ഈ പാവകൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മയ്ക്കായി പുതുപ്പള്ളിയിലെത്തി. റഷ്യയിലെ ശില്പിയുടെയും ചിത്രകാരൻ്റെയും കൈകളിൽ പിറന്ന പാവയ്ക്കു പിന്നിൽ അവിടത്തെ മലയാളി കൂട്ടായ്മയാണ്.
റഷ്യ, ഉക്രെയിൻ, ഖസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ദേവദത്തൻ നായർ, യു.പി.ആർ. മേനോൻ, എ.അലക്സാണ്ടർ, ഡോ.പി.സി.രതീഷ്, ജോർജി എന്നിവരാണ് സ്നേഹോപഹാരം
ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തിച്ചത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൻ്റെ നാല്പതാം ദിവസമായ ശനിയാഴ്ച പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം ഇത് ചാണ്ടി ഉമ്മന് കൈമാറി.
ചിരിച്ചു കൊണ്ട് കൂപ്പുകൈകളുമായി നിൽക്കുകയും ഫോൺ ചെയ്യുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടിയുടെ ചിത്രങ്ങൾ അടക്കം ഏഴ് ഭാവങ്ങളാണ് പാവകളിൽ വരച്ചിരിക്കുന്നത്. ഏഴ് പാവകളിൽ
ഏറ്റവും വലുതിന് ഒരടി ഉയരമുണ്ട്. ലിൻഡെൻ എന്ന മരത്തടിയിലാണ് പാവകൾ കൊത്തിയെടുക്കുന്നത്. മധ്യഭാഗം തിരിച്ച് ഊരിയെടുക്കാൻ കഴിയുന്ന പാവകൾ ഒന്നിനുള്ളിൽ മറ്റൊന്ന് എന്ന രീതിയിൽ അടുക്കി വെക്കാം.
പരമ്പരാഗത വേഷമിട്ട ഗ്രാമീണ സ്ത്രീയുടെ രൂപമാണ് സാധാരണ മത്രൂഷ്ക്ക പാവകൾക്ക് ഉണ്ടാവുക. റഷ്യയിൽ ഒരു ശില്പിയെ സമീപിച്ച് ഉമ്മൻ ചാണ്ടിയുടെ വിവിധ ഫോട്ടോകൾ കൊടുത്ത് പ്രത്യേകം ഓർഡർ നൽകിയാണ് പാവകൾ ഉണ്ടാക്കിയതെന്ന് മോസ്കോയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനി കൺട്രി മാനേജരായി പ്രവർത്തിച്ച ഡോ. പി.സി.രതീഷ് പറഞ്ഞു.1890 മുതൽ പ്രചാരത്തിലുള്ള ഈ പാവകൾ വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
👍