യക്ഷഗാന ഗുരു രാമചന്ദ്രറാവുവിന് കഥകളിയിലൂടെ ആദരം

ഡോ. വി. ജയരാജൻ

യക്ഷഗാന കലയ്ക്ക് കഥകളിയോടുള്ള ഇഴയടുപ്പം ആസ്വാദക സദസ്സിന് മുമ്പാകെ അവതരിപ്പിച്ച് കാണിക്കാൻ ഉഡുപ്പി യക്ഷഗാന കലാ രംഗയും പയ്യന്നൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫോക് ലാൻ്റും കൈകോർത്തു. യക്ഷഗാനത്തിലെ കുലപതിയായ കൊളിയൂർ രാമചന്ദ്രറാവു വിൻ്റെ തൊണ്ണൂറാം ജന്മദിനത്തിൽ ഉഡുപ്പിയിലായിരുന്നു ഇത്. ‘കൊളിയൂർ വൈഭവ’ മെന്ന പേരിൽ ഉഡുപ്പിയിൽ സംഘടിപ്പിച്ച തൊണ്ണൂറാം ജന്മദിനത്തിലെ ഏറ്റവും വലിയ ആകർഷണം കഥകളി ഗുരുവായ പത്മശ്രീ കലാമണ്ഡലം ഗോപിയുടെ ആശംസയും ഫോക് ലാൻ്റ് അവതരിപ്പിച്ച കുചേലവൃത്തം കഥകളിയുമായിരുന്നു. കോട്ടയ്ക്കല്‍ കേശവൻ കുണ്ടലായരുടെ

കൃഷ്‌ണനും കലാമണ്ഡലം ഹരിദാസിൻ്റെ കുചേലനും കാണികളുടെ മനം കവർന്നു. കാസർകോട് ജില്ലയിലെ കൊളിയൂരിൽ ജനിച്ച് കാസർകോടുള്ള പ്രസിദ്ധ യക്ഷഗാന ഗുരുവായ കുരിയ വിട്ടല ശാസ്ത്രിയിൽ നിന്നും യക്ഷഗാനം അഭ്യസിച്ച് മംഗലാപുരത്തും ധർമ്മസ്ഥലയിലും ഉഡുപ്പിയിലുമുള്ള അനേകം യക്ഷഗാന വേദികൾക്ക് ജീവൻ നൽകിയ പ്രതിഭയാണ് ഡോ. രാമചന്ദ്ര റാവു. സ്ത്രീകഥാപാത്രങ്ങളെ മാത്രമേ രാമചന്ദ്രറാവു സൃഷ്ടിച്ചിട്ടുള്ളു. കെട്ടിയ വേഷങ്ങൾ പതിനായിരത്തിലധികം വരും. യക്ഷഗാനത്തിലെ നായികാ വേഷങ്ങളായ ദ്രൗപതിയും ദമയന്തിയും ചന്ദ്രമതിയും സുഭദ്രയും ജനലക്ഷങ്ങളുടെ ഹൃദയത്തിൽ രാമചന്ദ്രറാവുവിന്

സ്ഥാനം കൊടുത്ത വേഷങ്ങളാണ്. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡുൾപ്പെടെ ചെറുതും വലുതുമായ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. കാസർകോട് താമസിക്കുന്ന കാലത്ത് ഉത്തരകേരളത്തിലുണ്ടായിരുന്ന കഥകളിയോഗങ്ങളിൽ നിന്ന് കഥകളി കാണാറുണ്ടായിരുന്നുവെന്നും അത് തൻ്റെ കലാസപര്യയെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും രാമചന്ദ്ര റാവു പറഞ്ഞു. തലമുറകളില്‍
പ്പെട്ട കലാകാരന്മാരുമായി വേദി പങ്കിടാനുള്ള അപൂർവ്വ സൗഭാഗ്യം ലഭിച്ച കലാകാരൻ കൂടിയാണിദ്ദേഹം. 

മംഗലാപുരം സർവ്വകലാശാല കലാജീവിതത്തെ മാനിച്ച് ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. “അരങ്ങിലെ വെള്ളിവെളിച്ചമെന്നാണ്” തദവസരത്തിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

കർണ്ണാടകത്തിലെ യക്ഷഗാനത്തിന്‌ പ്രധാനമായി രണ്ട് വിഭാഗങ്ങളുണ്ട്. തെക്കൻ ശൈലിയായ തെങ്ക്തിട്ടുവും വടക്കൻ ശൈലിയായ ബഡഗ് തിട്ടുവും. അതിൽ തെങ്ക്തിട്ടുവിന് കേരളവുമായി ഏറെ അടുപ്പമുണ്ട്. കാസർകോട് ജില്ലയിൽ നീലേശ്വരം വരെ വ്യാപിച്ച ഒരു പാരമ്പര്യമാണ് തെക്കൻ ശൈലിയിലുള്ള യക്ഷഗാനം. ബണ്ണദമാലിംഗ, കാവു കണ്ണൻ, ചന്ദ്രഗിരി അമ്പു, പട്ടർ ചന്ദു, കുളിയൻ കണ്ണൻ, കുരിയ വിട്ടല ശാസ്ത്രി, ഗോവിന്ദ ഭട്ട്, ഷേണി ഗോപാലകൃഷ്ണഭട്ട്, നീലേശ്വരം ഗോപാലകൃഷ്ണകുറുപ്പ് , കുമ്പള സുന്ദർ റാവു, കൊളീയൂർ

രാമചന്ദ്ര റാവു തുടങ്ങിയ മഹാരഥന്മാരെല്ലാം കാസർകോട് സ്വദേശികളും യക്ഷഗാനത്തിലെ തെക്കൻ ശൈലിയുടെ വക്താക്കളുമാണ്. കഥകളിയിൽ കോട്ടയത്ത് തമ്പുരാൻ്റെ അതേ സ്ഥാനം യക്ഷഗാനത്തിന് അവകാശപ്പെടുന്ന പാർത്ഥി സുബ്ബ കുമ്പള സ്വദേശിയായിരുന്നു. മാത്രമല്ല രണ്ട് ശൈലികളിലുമുള്ള യക്ഷഗാനവും തുടങ്ങുന്നത് മധൂർ ഗണപതിയെ സ്തുതിച്ചു കൊണ്ടാണെന്നത് യക്ഷഗാന കലയ്ക്ക് കാസർകോടുമായുള്ള പൊക്കിൾക്കൊടിബന്ധം വ്യക്തമാക്കുന്നതാണ്.

( തൃക്കരിപ്പൂർ ഫോക് ലാൻറ് ഇൻറർ നാഷനൽ സെൻറർ ഫോർ ഫോക് ലോർ ആൻറ് കൾച്ചറിൻ്റെ ചെയർമാനാണ് ലേഖകൻ )

Leave a Reply

Your email address will not be published. Required fields are marked *