രാജീവിന്റെ സൗദിയിലെ വീട്ടിൽ തൃശ്ശൂർ പൂരത്തിന്റെ വർണ്ണ മേളം
ലോക് ഡൗണായതിനാൽ ഇത്തവണ തൃശ്ശൂര്‍പൂരമില്ല.എന്നാൽ സൗദിയിൽ വീട്ടിൽ തൃശ്ശൂര്‍പൂരം തീർക്കാൻ വർണ്ണങ്ങൾ കൊണ്ട് പഞ്ചാരിമേളം ഒരുക്കുകയാണ് കണ്ണൂര്‍ ജില്ലക്കാരനായ ഈ ചിത്രകാരൻ.
ജോലിക്കൊപ്പമുള്ള കലാജീവിതത്തെക്കുറിച്ച് സൗദി അറേബ്യയിലെ റിയാദിൽ നിന്ന് രാജീവ് ഓണക്കുന്ന്
കൊറോണയെ തുടർന്നുള്ള ലോക് ഡൗണായതിനാല്‍ ഫ്ലാറ്റിൽ ഇഷ്ടം പോലെ സമയം. ഫ്ലാറ്റിൽ കുടുംബത്തോടൊപ്പം മുഴുവൻ സമയവും കഴിയാൻ പറ്റിയതിനാൽ അഞ്ച് മാസം മുമ്പ് തുടങ്ങി വെച്ച തൃശ്ശൂര്‍ പൂരത്തിന്റെ ചിത്രം പൂർത്തിയാക്കി.
ഒന്നര മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള ഈ ഓയിൽ പെയിന്റിങ്ങ് സുഹൃത്തും തൃശ്ശൂര്‍ സ്വദേശിയുമായ ഗോപന് വേണ്ടിയാണ് വരച്ചത്.ഗോപൻ വീടുവെച്ചപ്പോൾ ഒരു ചുവര് ചിത്രം തൂക്കാനായി ഒരുക്കി വെച്ചിരുന്നു. വ്യത്യസ്തമായ ചിത്രം വരച്ചു തരണമെന്ന് പറഞ്ഞപ്പോൾ പല വിഷയങ്ങളും ആലോചിച്ചു. അവസാനം ഗോപൻ തന്നെ വിഷയം തന്നു. തൃശ്ശൂര്‍ പൂരക്കാഴ്ച മതി – ക്ഷേത്രം നന്നായി കാണണം, കുടചൂടി നെറ്റിപ്പട്ടം കെട്ടിയ15 ആനകൾ വേണം, തിങ്ങിനിറഞ്ഞ കാണികളും വേണം. എത്ര സമയം വേണമെങ്കിലും എടുത്തോളു… ചിത്രത്തിൽ കാര്യങ്ങൾ വിശദമായി വേണം – ഇതായിരുന്നു ഗോപന്റെ നിർദ്ദേശം.ഓഫീസ് ജോലി കഴിഞ്ഞ് വൈകുന്നേരവും രാത്രിയും വരച്ചു. അങ്ങിനെ ചിത്രം പൂര്‍ത്തിയാക്കി

ലോക് ഡൗണിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യ പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും കഷ്ടപ്പെടുന്ന വാർത്ത ടി.വിയിൽ എന്നും കാണാറുണ്ട്. ലോക് ഡൗണിൽ ഒറ്റപ്പെട്ട യാചകന് ഭക്ഷണം ക്കൊടുക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ കണ്ടത് ഈയിടെ വരച്ചു.

ഒരിക്കൽ പ്രദർശനത്തിൽ വെച്ച സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ , പ്രധാന മന്ത്രി നരേന്ദ്ര മോദി എന്നിവരുടെ ചിത്രങ്ങൾ ഏറെ പേരെആകർഷിച്ചു കണ്ണുർ ജില്ലയിലെ കരിവെള്ളൂർ ഓണക്കുന്നാണ് എന്റെ സ്വദേശം. സ്കൂൾ കാലഘട്ടത്തിൽ ചിത്രം വരക്കുമായിരുന്നു. ചിത്രം വര പഠിച്ചിട്ടൊന്നുമില്ല. നല്ല ആശയങ്ങൾക്ക് യുട്യൂബിനെ ആശ്രയിക്കും.സൗദി അറേബ്യയിൽ വന്നിട്ട് 10 വർഷമായി. ഇപ്പോൾ താമസം റിയാദിൽ .എയർബസ് ഡിഫെൻസ് ആന്റ് സ്പേസിൽ ഓട്ടോകാഡ് ഡിസൈനറായി ജോലി ചെയ്യുന്നു. കരിവെള്ളൂർ ഗവ.ഹൈസ്ക്കൂളിലും കണ്ണൂർ ഐ. ടി. ഐയിലും പഠിച്ചു. പിന്നീട് കാഞ്ഞങ്ങാട് സ്വാമിനിത്യാനന്ദ പോളീ ടെക്നിക്കിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിങ്ങ് കഴിഞ്ഞ് ബാംഗ്ലൂരിൽ ജോലി ചെയ്തു. റിയാദിലെ മലയാളികളുടെ കൂട്ടായ്മയായ ‘തറവാട് ‘ എന്റെ ചിത്രരചനയ്ക്ക് വേണ്ടത്ര പ്രോത്സാഹനം തന്നുപലരും വരയ്ക്കാൻ നിർബന്ധിച്ചു.

കുറേ ചിത്രങ്ങളായപ്പോൾ രണ്ടു തവണ ചിത്രപ്രദർശനം നടത്തി.എല്ലാ മീഡിയത്തിലും വരയ്ക്കും. പെൻസിൽ ഡ്രോയിങ്ങിൽ നല്ല താൽപ്പര്യമാണ്. സുഹൃത്തുക്കളെയൊക്കെ നോക്കി വരയ്ക്കും. അര മണിക്കൂർ കൊണ്ട് ചിത്രം പൂർത്തിയാവുന്നതിന്നാൽ അപ്പോൾ തന്നെ ചിത്രം അവർക്ക് സമ്മാനിക്കാൻ പറ്റും.അവർക്കും അതൊരു കൗതുകമാണ്.പെൻസിൽ സ്കെച്ച് ഭംഗിയാക്കണമെങ്കിൽ സാധാരണ രണ്ട് മണിക്കൂർ വരെ വേണ്ടി വരും.

ആറുമാസം മുമ്പ് തൃശ്ശൂർ പൂരത്തിന്റെ മേളപ്രമാണിയായ പെരുവനം കുട്ടൻ മാരാർ ഇവിടെ വന്നിരുന്നു. അദ്ദേഹത്തിന് ഒരു സമ്മാനം കൊടുക്കാൻ തീരുമാനിച്ചപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യൻ തൃശൂർക്കാരനായ നന്ദുവാണ് കുടുംബചിത്രം എന്ന ആശയം പറഞ്ഞത്. അന്ന് ഭാര്യയോടൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രം വരച്ച് സമ്മാനിച്ചു.

കഴിഞ്ഞ വർഷം മാന്ത്രികൻ മുതുകാട് തറവാടിന്റെ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ വന്നിരുന്നു. അന്ന് എന്റെ ചിത്ര പ്രദർശനവും ഉണ്ടായിരുന്നു. അമ്മയോടൊപ്പമുള്ള ചിത്രം അദ്ദേഹത്തിന് വേദിയിൽ വെച്ച് സമ്മാനിക്കാൻ കഴിഞ്ഞു.ചിത്രം അദ്ദേഹത്തിന് വളരെ ഇഷ്ടമായി. നാട്ടിലേക്ക് കൊണ്ടുപോകാൻ നോക്കിയപ്പോൾ ഫ്രെയിമുള്ളതിനാൽ പെട്ടിയിൽ വെക്കാൻ പറ്റിയില്ല. പിന്നീട് അദ്ദേഹം ചിത്രം വേണമെന്ന് പറഞ്ഞപ്പോൾ തറവാടിന്റെ സംഘാടകർ അത് നാട്ടിലെത്തിച്ചു കൊടുത്തു.

ഭാര്യ ഐശ്വര്യ പാപ്പിനിശ്ശേരി സ്വദേശിയാണ്. കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് ക്ലിനിക്കൽ ആന്റ് കൗൺസിലിങ്ങ് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.നല്ല കലാസ്വാദകയാണ്. കിടിലൻ ആശയങ്ങൾ പറഞ്ഞു തന്ന് പ്രോത്സാഹിപ്പിക്കും. നാടകത്തിൽ അഭിനയിക്കാറുണ്ട്.മോണോ ആക്ടും ചെയ്യും. മക്കൾ: റിയനന്ദ ,ദർഷ്അച്ഛൻ : പരേതനായ കരുണാകരൻ , അമ്മ കല്ലാണി,സഹോദരങ്ങൾ: മധുസൂദനൻ, ഉഷ. ചെറുപ്പത്തിൽ ചിത്രം വര പഠിക്കാൻ പറ്റാത്തതിന്റെ വിഷമം ഇപ്പോഴില്ല. തറവാട്

മലയാളി കൂട്ടായ്മയുടെ സഹായം വേണ്ടുവോളമുണ്ട്. അതിനാൽ ചിത്രങ്ങൾ ഇഷ്ടം പോലെ വരയ്ക്കുന്നുണ്ട്. ഇപ്പോൾ തറവാടിന്റെ കലാകായിക വിഭാഗം കൺവീനർ കൂടിയാണ്.