രജീന്ദ്രകുമാറിന്റെ കാരിക്കേച്ചറിന് അന്താരാഷ്ട്ര പുരസ്കാരം
ബ്രസീൽ ലിമായിറയിലെ ഇന്റർനാഷണൽ ഹ്യൂമർസലോൺ, 2021 കാർട്ടൂൺ-കാരിക്കേച്ചർ മത്സരത്തിൽ കാരിക്കേച്ചർ വിഭാഗത്തിൽ കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാറിന് പ്രത്യേക പരാമർശം. ക്യാഷ് അവാർഡും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ദലൈലാമ, ഫ്രാൻസിസ് മാർപ്പാപ്പ എന്നിവരുടെ കാരിക്കേച്ചറുകളാണ് സമ്മാനാർഹമായത്. മത്സരത്തിൽ നൂറു പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തിരുന്നു. അതിൽ നിന്നാണ് അവസാന സെലക് ഷൻ നടത്തിയത്. തുർക്കി, ക്യൂബൻ കാർട്ടൂണിസ്റ്റുകൾ കാർട്ടൂൺ, കാരിക്കേച്ചർ വിഭാഗത്തിൽ
ഒന്നാം സ്ഥാനം നേടി. 48 രാജ്യങ്ങളിൽ നിന്നുള്ള കാർട്ടൂണിസ്റ്റുകൾ മത്സരത്തിൽ പങ്കെടുത്തു. കോഴിക്കോട് മാതൃഭൂമിയിൽ ഉദ്യോഗസ്ഥനായ രജീന്ദ്രകുമാർ ഇൻ്റർനാഷണൽ കാരിക്കേച്ചർ സ്പിരിറ്റ് കണ്ടസ്റ്റ് (ഇന്ത്യ) – അന്താരാഷ്ട്ര കാരിക്കേച്ചർ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. പെൻസിലിൽ വരച്ച എബ്രഹാം ലിങ്കൻ്റെ കാരിക്കേച്ചറിനാണ് സമ്മാനം.
റൊമാനിയയിലെ ഗുറ ഹ്യുമറുലുയിൽ നടന്ന 31-ാമത് ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് സറ്റയറിക്കൽ ഗ്രാഫിക്സ് ആൻഡ് ഹ്യൂമറസ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ കാർട്ടൂൺ വിഭാഗത്തിൽ രജീന്ദ്രകുമാർ മൂന്നാംസ്ഥാനം നേടിയിരുന്നു. ബൾഗേറിയൻ കാർട്ടൂണിസ്റ്റുമായി സമ്മാനം പങ്കിടുകയായിരുന്നു. സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ കാർട്ടൂണിലും കാരിക്കേച്ചറിലും നേടിയിട്ടുള്ള രജീന്ദ്രകുമാറിന്റെ
കാർട്ടൂണുകൾ റഷ്യ, ജർമനി, ഈജിപ്ത്, പോർച്ചുഗൽ, ഇസ്താംബൂൾ, ഇറാൻ, ഇൻഡോനേഷ്യ, സെർബിയ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പ്രദർശന മത്സരങ്ങളിൽ ഇടം നേടിയിട്ടുണ്ട്. യൂണിയൻ ഓഫ് വേൾഡ് കാർട്ടൂൺ മാഗസിൻ ഉൾപ്പെടെ ഒട്ടേറെ കാർട്ടൂൺ മാഗസിനുകളിൽ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂത്തുപറമ്പ് മാങ്ങാട്ടിടം കെ.ടി.ഗോപിനാഥിൻ്റെയും (റിട്ട. മാതൃഭൂമി) സി.ശാരദയുടെയും മകനാണ്. കോഴിക്കോട് മേത്തോട്ട്താഴത്താണ് താമസിക്കുന്നത്. ഭാര്യ മിനി. മാളവിക, ഋഷിക എന്നിവർ മക്കളാണ്