തിരുവനന്തപുരത്ത് രാജാ രവിവർമ ആർട്ട് ഗ്യാലറി തുറന്നു
സംസ്ഥാന മ്യൂസിയം വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മ്യൂസിയത്തിൽ ഒരുക്കിയ രാജാ രവിവർമ ആർട്ട് ഗ്യാലറി തുറന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
രാജാ രവിവർമയുടെ അത്യപൂർവ ചിത്രങ്ങൾ ഉൾക്കൊള്ളിച്ച് സംസ്ഥാന സർക്കാർ ഒരുക്കിയ ആർട്ട് ഗ്യാലറി രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ രവിവർമ ചിത്രങ്ങളുള്ള ആർട്ട് ഗ്യാലറിയാണ് തിരുവനന്തപുരത്തേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചിത്രങ്ങളിലൂടെ സാർവദേശീയത പുലർത്തിയ മഹാ ചിത്രകാരനാണ് രാജാ രവിവർമ. ഓരോ ദേശത്തെയും കലാരൂപങ്ങളെയും സാംസ്‌കാരിക ജീവിതങ്ങളെയും അദ്ദേഹം അടയാളപ്പെടുത്തി. രാജാ രവിവർമയുടെ വില ലോകമാകെ അറിയുമ്പോഴും കേരളം വേണ്ടത്ര അറിയുന്നില്ലെന്നതു നിർഭാഗ്യകരമാണ്.
ഒരു വർഷം മുമ്പ് മുംബൈയിൽ ഒരു ചിത്രലേല കമ്പോളത്തിൽ രാജാരവിവർമയുടെ യശോദയും കൃഷ്ണനും എന്ന ചിത്രം 28 കോടി രൂപയ്ക്കാണ് വിറ്റുപോയത്. രവിവർമ ചിത്രങ്ങൾ ഇനി കടൽകടന്നു പുറത്തുപോകാതിരിക്കാനാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ ദേശീയസമ്പത്തായി പ്രഖ്യാപിച്ചത്.
കിളിമാനൂർ കൊട്ടാരം കൈമാറിയ ചിത്രങ്ങളാണ് ആർട്ട് ഗ്യാലറിയിലുള്ളത്. അദ്ദേഹം വരച്ച് കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന ചിത്രങ്ങളാണ് പൊതുജനങ്ങൾക്ക് കാണുന്നതിനായി കിളിമാനൂർ കൊട്ടാരം സംഭാവനയായി നൽകിയത്. രാജാരവിവർമ, സഹോദരനായ രാജ രാജ വർമ, സഹോദരി മംഗളാഭായി തമ്പുരാട്ടി, മറ്റു സമകാലിക ചിത്രകാരന്മാർ എന്നിവരുടെ 135 ചിത്രരചനകളും സ്‌കെച്ചുകളുമാണ് പുതിയ ഗ്യാലറിയിലുള്ളത്.
7.90 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഗ്യാലറി നാടിന് സമർപ്പിക്കുന്നതിലൂടെ വിശ്വവിഖ്യാത ചിത്രകാരന് ഉചിതമായ ആദരം സംസ്ഥാനം നൽകുകയാണ് – മുഖ്യമന്ത്രി പറഞ്ഞു. 1977 മുതലുള്ള കേരളത്തിന്റെ സ്വപ്നമാണ് ആർട്ട് ഗ്യാലറി യാഥാർഥ്യമായതിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
തിരുവനന്തപുരം മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ.ചിഞ്ചുറാണി, വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് സെക്രട്ടറി മിനി ആന്റണി, കൗൺസിലർ കെ.എസ്. റീന, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ എസ്. അബു, കിളിമാനൂർ പാലസ് ട്രസ്റ്റ് അംഗം കെ.ആർ. രാമവർമ തുടങ്ങിയവർ പങ്കെടുത്തു.