പുളിമാത്തിൻ്റെ കാർട്ടൂണുകളിലെ ‘പുളിമധുരം’ നുണയാം

JORDAYS DESK

പ്രതാപൻ പുളിമാത്തിൻ്റെ വരയിലെ ‘പുളിമധുരം’ നുണയാൻ ആസ്വാദകർ ഏറെ. വരയിലെ കൗതുകങ്ങൾ കാണാം. ഒപ്പം ചിരിക്കാനും ചിന്തിക്കാനും ഇവിടെ വിഭവങ്ങൾ ഒട്ടേറെയുണ്ട്. തിരുവനന്തപുരം കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രതാപൻ പുളിമാത്തിൻ്റെ ‘പുളിമധുരം’ കാർട്ടൂൺ പ്രദർശനം ഒരാഴ്ച പിന്നിട്ടു. തിരഞ്ഞെടുത്ത 56 കാർട്ടൂണുകളാണ് പ്രദർശനത്തിലുള്ളത്. എല്ലാം

വലിയ ഡ്രോയിങ്ങ് ഷീറ്റിൽ സ്കെച്ച് പേന കൊണ്ട് വരച്ചതാണ്. നിത്യജീവിതത്തിലെ സംഭവങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ, രാഷ്ട്രീയം എന്നിവ കുറിക്കുകൊള്ളുന്ന രീതിയിൽ നർമ്മത്തിൽ കലർത്തിയാണ് വര. കാർട്ടൂൺ പ്രദർശനത്തിൻ്റെ ഉൽഘാടനം വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ആർട്ട് ഗാലറിയിൽ കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ്റെ അധ്യക്ഷതയിൽ കാരക്കാമണ്ഡപം വിജയകുമാർ ഉൽഘാടനം ചെയ്തു. കോവിഡ് കാലത്തെ കാർട്ടൂൺ രചനയിൽ

റെക്കോർഡിട്ട കലാകാരനാണ് പ്രതാപൻ. കോവിഡിൻ്റെ തുടക്കം തൊട്ട് ദിവസവും ഒരു കാർട്ടൂൺ എന്ന തോതിൽ വരച്ചത് ഇപ്പോൾ 643 ൽ എത്തി നിൽക്കുന്നു. പ്രതാപനെ മലയാളികൾക്ക് പരിചയപ്പെട്ടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലെ മിക്ക പ്രസിദ്ധീകരണങ്ങളിലും പ്രതാപൻ കാർട്ടൂൺ വരച്ചിട്ടുണ്ട്. ആഴ്ചപ്പതിപ്പുകളിൽ ഒരു കാലത്ത് കാർട്ടൂണിൽ തിളങ്ങുന്ന പേരായിരുന്നു ‘പ്രതാപൻ പുളിമാത്ത്’. ഇപ്പോഴും പല

ആനുകാലികങ്ങളിലും വരയ്ക്കുന്നു. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനടുത്ത പുളിമാത്താണ് വീട്. കിളിമാനൂര്‍ ഗവ.ഹൈസ്ക്കൂൾ, നിലമേൽ എൻ.എസ്.എസ്.കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കലാപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത പ്രതാപൻ പ്രീഡിഗ്രി പഠിക്കുമ്പോഴാണ്‌
കാർട്ടൂൺ വരച്ചു തുടങ്ങിയത്.1979 ൽ മാമാങ്കം വാരികയിലാണ് ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. ‘ഈ രംഗത്ത് പ്രോത്സാഹിപ്പിക്കാനും

ആരും ഉണ്ടായില്ല. വരയ്ക്കണ്ട എന്ന് ആരും പറഞ്ഞിട്ടില്ല. അതു തന്നെയാണ് വലിയ പ്രോത്സാഹനം’ – പ്രതാപൻ പറയുന്നു. പിന്നീട് മനോരമ, മംഗളം, ദീപിക, മനോരാജ്യം, വനിത, ബാലരമ തുടങ്ങി പല മാസികകളിലും കാലങ്ങളോളം വരച്ചു.1994 ൽ തിരുവനന്തപുരത്ത് കോളേജ് വിദ്യാഭ്യാസ ഡയരക്ടറേറ്റിൽ ക്ലാർക്കായി ചേർന്നു. 

പിന്നീട് അവധിയെടുത്ത് തിരുവനന്തപും ടൂൺസ്, നെസ്റ്റ്, ബാംഗ്ലൂരിലെ ആൻ്റ്സ് എന്നീ സ്ഥാപനങ്ങളിൽ ആനിമേഷൻ രംഗത്ത് ജോലി ചെയ്തു. ഇതിനിടയിൽ ആനുകാലികങ്ങളിൽ കാർട്ടൂൺ വരയ്ക്കുകയും ചെയ്തു. 1993 ൽ പുറത്തിറങ്ങിയ ‘ഓ ഫാബി ‘ എന്ന മലയാള സിനിമയിൽ ആനിമേഷൻ ചെയ്തിട്ടുണ്ട്. മുംബൈയിൽ പോയാണ് ഇതിൻ്റെ ജോലി ചെയ്തത്. ഇപ്പോൾ ഓൺലൈനായി കാർട്ടൂൺ ക്ലാസുകൾ

നടത്തുന്നുണ്ട്. രണ്ടര വർഷം മുമ്പാണ് സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ചത്. പരേതനായ വേലായുധൻ പിള്ളയുടെയും സുമതി അമ്മയുടെയും മകനാണ്. ശ്രീലതയാണ് ഭാര്യ. അഖിൽ പ്രതാപ് ( മർച്ചൻ്റ് നേവി), അതുൽ പ്രതാപ് (ഡിഗ്രി വിദ്യാർത്ഥി ) എന്നിവർ മക്കളാണ്. മരുമകള്‍: വിഷ്ണുപ്രിയ.

Leave a Reply

Your email address will not be published. Required fields are marked *