വിറകില്‍ വിരിഞ്ഞത്‌ നടൻ പൃഥ്വിരാജിന്റെ ചിത്രം

ചിത്രരചനയിലും ശില്പ നിർമ്മാണത്തിലും പുതുമ തേടുന്ന ഡാവിഞ്ചി സുരേഷിന്റെ പുതിയ പരീക്ഷണം ഇതാ. ഇത്തവണ വിറകുകൾ ചേർത്ത് വെച്ചാണ് ചിത്രം തീർത്തിരിക്കുന്നത്‌

ഒന്നര ദിവസത്തെ പ്രയത്നത്തിലൂടെ നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ ചിത്രമാണ് കൊടുങ്ങല്ലൂർ തിരുവള്ളൂരിലെ വീട്ടിലുണ്ടാക്കിയിരിക്കുന്നത്. മഴക്കാലം അടുത്തു വരുന്നത് കൊണ്ട് അടുപ്പില്‍ കത്തിക്കാനുള്ള വിറകു വീട്ടിലെത്തിച്ചപ്പോഴാണ് വി‌റകിലും ചിത്രം ചെയ്താലോ എന്ന്  തോന്നിയതെന്ന് സുരേഷ് പറയുന്നു.  വീടിനോട് ചേര്‍ന്ന കാര്‍പ്പോര്‍ച്ചില്‍ ചിത്രം ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങി.

ഡാവിഞ്ചി സുരേഷ്

പത്തടി നീളവും പന്ത്രണ്ടടി വീതിയുമുള്ള കാർപോർച്ചിൽ മഞ്ഞ, ഇളംമഞ്ഞ, ഇളംചുവപ്പ് തുടങ്ങിയ നിറത്തിലുള്ള വിറകുകഷ്ണങ്ങളും ചെറിയ പലക കഷ്ണങ്ങളും അടുക്കി വെച്ചു.  കറുത്ത നിറം കിട്ടാന്‍ കൊതുമ്പും അടുപ്പിനരികിൽ വെച്ച തെങ്ങിന്റെ മടലും ഉപയോഗിച്ചു. വലിയ പലകകൾ വീട്ടിലെ വർക്ക്ഷോപ്പിൽ നിന്ന് മുറിച്ച് ചെറുതാക്കികിയെടുത്തു. ഒന്നര ദിവസത്തെ പ്രയത്നത്തിനൊടുവിൽ വിറകിൽ പൃഥ്വിരാജിന്റെ ചിരി വിടർന്നതോടെ ഇത്  കാണാനും ആസ്വാദകർ വീട്ടിലെത്തി. ഇതിന്റെ ഫോട്ടോ സിനിമാ സുഹൃത്തുക്കള്‍ വഴി പൃഥ്വിരാജിന് അയച്ചുകൊടുത്തപ്പോൾ അദ്ദേഹം അത് ഇന്‍സ്റ്റാഗ്രാമിലിട്ടതായിി സുരേഷ് പറഞ്ഞു.

പേപ്പറിൽ  വരക്കുന്ന  പോലെ  എളുപ്പമല്ല  വിറകുകൾ  കൊണ്ട്  ചിത്രം  വരക്കുന്നതെന്ന് സുരേഷ് പറയുന്നു.  നടന്റെ രൂപം കൊണ്ടു വരാൻ  പരമാവധി  ശ്രമിച്ചിട്ടുണ്ട്. ഇതിനു മുമ്പ് പഴയ തുണി ഉപയോഗിച്ചും ഉറുമ്പുകളെക്കൊണ്ടുമൊക്കെ സുരേഷ് ചിത്രം ഉണ്ടാക്കിയിട്ടുണ്ട്. ഈയിടെ എണ്ണായിരത്തി അഞ്ഞൂറ് ആണി ബോർഡിൽ തറച്ച് നടൻ ഫഹദ് ഫാസിലിന്റെ ചിത്രം ഉണ്ടാക്കിയിരുന്നു.’