മകനെ സാക്ഷിയാക്കി അച്ഛന്‍റെ ത്രീഡി ചിത്രം വരച്ച് ഡാവിഞ്ചി സുരേഷ്

അകാലത്തില്‍ പൊലിഞ്ഞ കളമെഴുത്ത്പാട്ട് കലാകാരനായിരുന്ന അജീഷ് പുത്തൂരിന്‍റെ സ്മരണയ്ക്ക് 20 അടി വലുപ്പത്തില്‍ അജീഷിന്‍റെ ത്രിമാന ചിത്രം തീർത്ത് ഡാവിഞ്ചി സുരേഷ്. ചിത്രരചനയ്ക്ക് സാക്ഷിയായി അജീഷിൻ്റെ മകനും ഒപ്പമുണ്ടായിരുന്നു. കൊടുങ്ങല്ലൂര്‍ മേത്തല പറമ്പികുളങ്ങര എൻ.എസ്.എസ്.വി സഭാ ഹാളിൽ നവതേജസ്‌ ആര്‍ട്സ് ആൻ്റ് സ്പോര്‍ട്സ് ക്ലബ്ബിന്‍റെ നേതൃത്വത്തിലാണ് 12 മണിക്കൂര്‍ സമയം ചെലവഴിച്ച് ത്രീഡി ചിത്രം തയ്യാറാക്കിയത്. കളമെഴുത്ത് പാട്ട് കലാരംഗത്ത് അസാധാരണ പ്രതിഭകൊണ്ട് ശ്രദ്ധേയമായ കഴിവുകള്‍ പ്രകടിപ്പിച്ചിരുന്ന കലാകാരനായിരുന്നു അജീഷ് പുത്തൂർ. 

അജീഷിൻ്റെ വിയോഗത്തിനു ശേഷം 12 വയസു മാത്രം പ്രായമുള്ള മകന്‍ അജ്വൽറാം അച്ഛന്‍റെ പാത പിന്തുടര്‍ന്ന്  കളമെഴുത്ത്പാട്ട് രംഗത്തേക്ക്‌ വന്നിരിക്കുകയാണ്. അജീഷിന്‍റെ ശിഷ്യന്മാരായ ഷൈന്‍മോന്‍, ദിബിൻ, സഹോദരിയുടെ മകന്‍ ജിത്തു തുടങ്ങിയ നവതേജസിലെ കൂട്ടുകാരും ഡാവിഞ്ചി സുരേഷിനെ സഹായിക്കാനുണ്ടായിരുന്നു. നൂറു മീഡിയത്തിൽ ചിത്രരചന നടത്താനുള്ള ഡാവിഞ്ചി സുരേഷിൻ്റെ ദൗത്യത്തിൽ എഴുപത്തി ഏഴാമത്തെ മീഡിയമാണ് കളര്‍ പൗഡർ ചിത്രം. കളര്‍ പൗഡര്‍ ഉപയോഗിച്ച് 25 വര്‍ഷം മുമ്പ് ചിത്രം ചെയ്തിട്ടുണ്ട്. കളമെഴുത്ത് നിറങ്ങൾ ഉപയോഗിച്ച്  ചിത്രം

ചെയ്യണമെന്നു തീരുമാനിച്ചപ്പോള്‍ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അജീഷിൻ്റെ രൂപം മനസ്സിൽ വന്നു. അമ്പതോളം നിറങ്ങളാണ് അരിപ്പൊടിയിലും വാകപച്ചയിലും ഉമിക്കരിയിലുമായി മിക്സ് ചെയ്തെടുത്തത്. ചിത്ര രചനയിലെ വ്യത്യസ്തമായ ത്രിമാന ചിത്ര രചനാരീതിയാണ് അജീഷിനെ വരക്കാന്‍ സുരേഷ് തെരഞ്ഞെടുത്തത്. തുടക്കം മുതല്‍ അജീഷിന്റെ മകന്‍ അജ്വൽറാം സാക്ഷിയായിരുന്നു ഈ ചിത്രം വരയ്ക്ക്. പ്രജീഷ് ട്രാന്‍സ്മാജിക് ചിത്രം ക്യാമറയിൽ പകർത്തി.

Leave a Reply

Your email address will not be published. Required fields are marked *