ചുണ്ടിലും കൈമുട്ടിലും വിരിഞ്ഞ മോഹന്‍ലാല്‍ ചിത്രങ്ങള്‍
ചിത്രം വരക്കാൻ ബ്രഷ് തന്നെ വേണമെന്നില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കലാകുടുംബത്തിൽ നിന്നുള്ള സഹോദരങ്ങൾ. മൂക്ക് കൊണ്ട് സൂര്യയെ വരച്ച ഡാവിഞ്ചി സുരേഷിന്‍റെ മകന്‍ ഇന്ദ്രജിത്തും നൃത്ത ചുവടുകളോടെ കാലുകൊണ്ടു നടൻ ഫഹദിനെ വരച്ച ഡാവിഞ്ചി ഉണ്ണികൃഷ്ണന്‍റെ മകള്‍ അശ്വതിയുമാണ് വ്യത്യസ്തമായ രീതിയില്‍ ലാലേട്ടന്‍റെ രണ്ടു ചിത്രങ്ങള്‍ വരച്ചത്. ഇത്തവണ വരക്കാനായി ഇന്ദ്രജിത്ത് തെരഞ്ഞെടുത്തത് സ്വന്തം ചുണ്ടുകള്‍.
കിസ് ആര്‍ട്ട് എന്ന് പറയപ്പെടുന്ന ചിത്രരചന കളര്‍ ചുണ്ടുകളില്‍തേച്ചു ബോര്‍ഡില്‍ ഉമ്മ വെച്ച് വരയ്ക്കുന്ന രീതിയാണ്. ആറടി വലുപ്പമുള്ള ബോര്‍ഡില്‍ പെന്‍സില്‍ സ്കെച്ച് ചെയ്തതിനു ശേഷമാണ് ചുണ്ടുകള്‍ ഉപയോഗിച്ച് ചിത്രം വരച്ചത്. മൂന്നു ദിവസങ്ങളിലായി പത്തു മണിക്കൂര്‍ ചെലവഴിച്ചായിരുന്നു ചിത്രരചന. അശ്വതിയാകട്ടെ എല്‍ബോ ആര്‍ട്ട് എന്ന പേരില്‍ കൈ മുട്ടുകളാണ് ചിത്ര രചനയ്ക്കായി തെരഞ്ഞെടുത്തത്. പതിനഞ്ചു മണിക്കൂര്‍ സമയമെടുത്താണ് അശ്വതി വരച്ചത്. അക്രിലിക് കളറാണ് ഇതിനായി ഉപയോഗിച്ചത്. കലകളിലെ വ്യത്യസ്തമായ കണ്ടെത്തലുകളോടുള്ള
താല്പര്യമാണ് ഇത്തരത്തിലുള്ള ചിത്രരചന ചെയ്യാൻ ഇവരെ പ്രേരിപ്പിച്ചത്. കൊടുങ്ങല്ലൂരിലെ ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷിൻ്റെയും ജ്യേഷ്ഠൻ്റെയും കുടുംബത്തിലെ ഒന്‍പതുപേര്‍ ഈയിടെ ഡാന്‍സും വരയുമായി രംഗത്ത് വന്നിരുന്നു. ഡാൻസ് ചെയ്തു കൊണ്ട് നടൻ ജയസൂര്യയുടെ ചിത്രമാണ് ഇവർ വരച്ചത്.