പ്ലാവിൻ തോട്ടത്തിൽ ചക്ക കൊണ്ട് ലാലേട്ടൻ്റെ ചിത്രം
ചക്ക കൊണ്ട് പ്ലാവിൻ തോട്ടത്തിൽ മോഹൻലാലിൻ്റെ ചിത്രം തീർത്ത് ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷ്. ചക്കച്ചുള, ചക്കക്കുരു, ചക്കമടല്‍ തുടങ്ങി ചക്കയുടെ വിവിധ ഭാഗങ്ങൾ കൂട്ടിചേര്‍ത്താണ് ലാലേട്ടന്‍റെ മുഖം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തലത്തില്‍ പച്ചയും മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പ്ലാവിലകളും നിരത്തി.
അറുപത്തഞ്ച് വയസ്സ് തികയുന്ന മലയാളത്തിന്റെ സൂപ്പർതാരം മോഹലാലിന്റെ ചിത്രം ചെയ്തിരിക്കന്നത് അറുപത്തഞ്ച് ഇനം പ്ലാവുകള്‍ ഉള്ള തോട്ടത്തിന് നടുവിലാണെന്ന കൗതുകവുമുണ്ട്. തൃശൂര്‍ വേലൂരിലെ കുറുമാല്‍കുന്ന് വര്‍ഗ്ഗീസ് തരകന്‍റെ ആയുര്‍ ജാക്ക് ഫാമിലാണ് ചക്ക കൊണ്ടുള്ള ചിത്രം ഉണ്ടാക്കിയിരിക്കുന്നത്
എട്ടടി വലുപ്പത്തില്‍ രണ്ടടി ഉയരത്തില്‍ ഒരു തട്ടുണ്ടാക്കി തുണി വിരിച്ച് അതില്‍ മോഹന്‍ലാലിന്‍റെ മുഖം സ്കെച്ച് ചെയ്ത് ആണ് ചക്കചുളകള്‍ നിരത്തിയത്. യു.എന്‍ അവാര്‍ഡ് നേടിയ കേരളത്തിലെ ആദ്യത്തെ പ്ലാവിൻ തോട്ടമായ ആയുര്‍ ജാക്ക് ഫാമിലെ തൊഴിലാളികളും ക്യാമാറമെന്‍ സിംബാദും സുഹൃത്തുക്കളായ റിയാസ് മാടവനയും സെയ്ത് ഷാഫിയും ആണ് സഹായികളായി എത്തി.
അഞ്ചു മണിക്കൂര്‍ സമയമാണ് ചിത്രം ഒരുക്കാൻ വേണ്ടി വന്നത്. ഇരുപതു ചക്കയോളം ഇതിനായി ഉപയോഗിച്ചു. അപൂര്‍വ്വമായി മാത്രം കിട്ടുന്ന ചുവന്ന ചക്കയാണ് ഈ ചിത്രം ചെയ്യാനുള്ള പ്രചോദനമായതെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു.