പാഴ് വസ്തുക്കൾ കൊണ്ട് പാർക്ക് പണിത് മിഥുൻ വിശ്വനാഥ്
പി. പ്രകാശ്
പഴയ ടയറും കുപ്പിയും ആക്രി സാധനങ്ങളും കൊണ്ട് കോഴിക്കോട് ബീച്ചിൽ വിശ്രമകേന്ദ്രം ഒരുക്കിയിരിക്കുകയാണ് ഉണ്ണികുളം സ്വദേശി മിഥുൻ വിശ്വനാഥ്. ഈ വിശ്രമ കേന്ദ്രം ബീച്ചിൽ എത്തുന്നവർക്ക് കൗതുക കാഴ്ചയാണ്. രണ്ടു മാസമായി ഇതിൻ്റെ പണി തുടങ്ങിയിട്ട്. പുതുതായി സാധനങ്ങൾ കിട്ടുമ്പോൾ ഇപ്പോഴുള്ള ഡിസൈൻ മാറ്റി ഭംഗിയാക്കും.
വലിച്ചെറിയുന്ന കുപ്പികൾ ഉപയോഗിച്ചുള്ള നങ്കൂര മാതൃക, പായ്കപ്പൽ, ടയറുകളും മറ്റും ഉപയോഗിച്ച് ലൈറ്റ് ഹൗസ് ( ഇതിൽ എഴ് കടൽജീവികളുടെ രൂപങ്ങൾ ഒളിച്ചിരിപ്പുണ്ട്) എന്നിവയും കുപ്പികൾ
ഉപയോഗിച്ച് ആകർഷകമായ കലാസൃഷ്ടികളും ഒരുക്കിയിരിക്കുന്നത് കാണാം. ബദാം മരത്തിന്റെ തണലിൽ ആളുകൾ ഈ പാർക്കിൽ വന്നിരുന്ന് മിഥുൻ്റെ കലാസൃഷ്ടി ആസ്വദിക്കുന്നു.
‘മ്മടെ കടപ്പുറം’ എന്നെഴുതിയ കമാനമാണ് നമ്മെ ഈ വിശ്രമ കേന്ദ്രത്തിലേക്ക് സ്വാഗതം ചെയ്യുക. പലരും കാണാൻ വരുന്നുണ്ട്, ഇവിടെ കെട്ടിയ ഊഞ്ഞാലിന് ഇതുവരെ വിശ്രമം ഉണ്ടായിട്ടില്ല – മിഥുൻ പറഞ്ഞു.
സ്ക്കൂൾ കാലഘട്ടത്തിൽ സംസ്ഥാന പ്രവൃത്തിപരിചയ മേളയിലും ശാസ്ത്ര മേളയിലും കഴിവുകൾ തെളിയിച്ചിട്ടുള്ള കലാകാരനാണ് മിഥുൻ. കോഴിക്കോട് കോർപ്പറേഷൻ്റെ പിന്തുണയോടെയാണ് ബീച്ചിൽ
പാർക്ക് ഒരുക്കിയിരിക്കുന്നത്. കോർപ്പറേഷൻ വെള്ളയിൽ സർക്കിളിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനോജിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ബീച്ചിലെ തട്ടുകടക്കാരും മറ്റുമാണ് മിഥുന് ആവശ്യമായ സഹായം നൽകുന്നത്.
പാർക്കിൻ്റെ ഉദ്ഘാടനം നേരത്തെ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് നിർവ്വഹിച്ചു. ജില്ലാ കളക്ടർ ഡോ. എൻ. തേജ്ലോഹിത് റെഡ്ഡി പാർക്ക് സന്ദർശിച്ച് ഈ കലാകാരനെ അഭിനന്ദിച്ചിരുന്നു. കാക്കകൾക്കും പരുന്തുകൾക്കും തീറ്റ നൽകി ശ്രദ്ധേയനായ അസീസ്, ബീച്ചിൽ കച്ചവടം നടത്തുന്ന ഷമീർ തോപ്പയിൽ, അസ്കർ, റെജീഷ്, ശിവൻ എന്നിവരെല്ലാം മിഥുന് ആവശ്യമായ ഭക്ഷണവും മറ്റു സഹായങ്ങളും നൽകി വരുന്നത്.
വേസ്റ്റ് മാനേജ്‌മെന്റ് രംഗത്ത് പ്രവർത്തിക്കുന്ന ‘ഗ്രീൻ വേംസ് ‘ ഏജൻസിയും മിഥുന് പിന്തുണ നൽകുന്നുണ്ട്. ഈ പ്രദേശത്ത് സോളാർ വിളക്കോ മറ്റെന്തെങ്കിലും വെളിച്ചമോ ആവശ്യമുണ്ട്. ഇത് പരിഹരിക്കാനും ശ്രമിക്കുന്നുണ്ട്.പൂനൂർ ഹയർ സെക്കൻഡറി
സ്കൂളിൽ 2011-12 വർഷത്തെ പ്ലസ്‌ടു ബാച്ച് വിദ്യാർത്ഥിയായിരുന്നു മിഥുൻ. തുടർന്ന് ഈസ്റ്റ്ഹിൽ ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിൽ പഠിച്ച് ബാലുശ്ശേരി പഴശ്ശിരാജ യൂണിവേഴ്സൽ പബ്ലിക് സ്കൂളിൽ താൽക്കാലികമായി ജോലി ചെയ്തു വരുകയായിരുന്നു. കോവിഡ് കാലത്ത് ആ ജോലി നഷ്ടപ്പെട്ടു.
പാഴ്വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയുന്നതിൻ്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും മിഥുൻ വരച്ചു കാട്ടുന്നു. ‘നിങ്ങൾ പ്രകൃതിയുടെ നിരീക്ഷണത്തിലാണ് ‘എന്ന അർത്ഥവത്തായ ബോർഡും ഇവിടെ കാണാം. ( ഹരിത കേരളം മിഷൻ കോഴിക്കോട് ജില്ലാ കോ-ഓർഡിനേറ്ററാണ് ലേഖകൻ )