ശിശുദിന സ്റ്റാമ്പ് 2024; ചിത്രരചനകൾ ക്ഷണിച്ചു
കേരള സംസ്ഥാന ശിശുക്ഷേമ സമിതി നവംബർ 14 ശിശുദിനത്തിന് പുറത്തിറക്കുന്ന ശിശുദിന സ്റ്റാമ്പ് 2024നായി ചിത്രരചനകൾ ക്ഷണിച്ചു. ‘ബാലസൗഹൃദ കേരളം’ എന്ന ആശയത്തെ ആസ്പദമാക്കി നാലു മുതൽ പ്ലസ്ടു തലം വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് ചിത്രരചന മത്സരത്തിൽ പങ്കെടുക്കാം.
ചിത്രങ്ങൾക്ക് ജലഛായം, പോസ്റ്റർ കളർ, ക്രയോൺസ്, ഓയിൽ പെയിന്റ് ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാവുന്നതാണ്. 15×12 സെന്റീമീറ്റർ അനുപാതത്തിലാണ് ചിത്രരചന നടത്തേണ്ടത്.
സ്റ്റാമ്പിന്റെ വലിപ്പമായ 5×4 സെന്റീമീറ്ററിലേക്ക് ചിത്രം ചെറുതാക്കേണ്ടതിനാൽ വിശദാംശങ്ങൾ വ്യക്തമാകുന്ന തരത്തിൽ പശ്ചാത്തലവും നിറങ്ങളും രചനാ സാമഗ്രികളും കൊണ്ട് ചിത്രരചന നടത്തണം.
തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം വരയ്ക്കുന്ന വിദ്യാർത്ഥിക്ക് പ്രശസ്തി ഫലകവും ക്യാഷ് അവാർഡും പഠിക്കുന്ന വിദ്യാലയത്തിന് റോളിംഗ് ട്രോഫിയും നൽകി ആദരിക്കും. നവംബർ 14 ന് ശിശുദിനസ്റ്റാമ്പ് പ്രകാശന ചടങ്ങിലാണിത്.
ചിത്രം വരയ്ക്കുന്ന വിദ്യാർത്ഥിയുടെ പേര്, ക്ലാസ്സ്, വയസ്സ്, സ്‌കൂളിന്റേയും വിദ്യാർത്ഥിയുടെ വീടിന്റേയും ഫോൺ നമ്പരോടുകൂടിയ മേൽവിലാസം എന്നിവ ചിത്രത്തിന്റെ പിറകുവശത്ത് എഴുതി പ്രിൻസിപ്പൽ / ഹെഡ്മാസ്റ്റർ/ഹെഡ്മിസ്ട്രസ് മുദ്ര പതിപ്പിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കണം.
ചിത്രരചനകൾ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ തപാൽ മാർഗ്ഗമോ നേരിട്ടോ 2024 ഒക്ടോബർ 26 വരെ എത്തിക്കാവുന്നതാണ്. കവറിനു പുറത്ത് ശിശുദിനസ്റ്റാമ്പ് ‘ബാലസൗഹൃദ കേരളം’ എന്ന് രേഖപ്പെടുത്തിയിരിക്കണം.