എന്റെ മനസ്സിലെന്നും പ്രകൃതിയുടെ വേദന
നമ്മൾ ദ്രോഹിക്കുന്ന സമയത്ത് തിരിച്ചടിക്കാൻ പ്രകൃതിക്കറിയില്ല. കുറച്ചു കാലം കഴിഞ്ഞാണ് അത് രൗദ്ര രൂപം പൂണ്ട് നമുക്ക് നേരെ വരുക. അതാണ് നമ്മൾ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനെതിരെ തന്റെ കലാസൃഷ്ടികളിലൂടെ എന്നും പ്രതികരിക്കുന്ന കാർട്ടൂണിസ്റ്റ് പി.വി.കൃഷ്ണൻ പറയുന്നു.
പണ്ട് കത്തിയും കൈക്കോട്ടും മഴുവുമൊക്കെയായിരുന്നു മനുഷ്യന്റെ പ്രകൃതിക്കെതിരെയുള്ള ആയുധം. ഇന്ന് നമ്മൾ പുരോഗമിച്ചു. യന്ത്രങ്ങൾ കൊണ്ടാണ് ഇപ്പോഴത്തെ അക്രമണം. മണ്ണുമാന്തിയും ബുൾഡോസറും കട്ടറും കൊണ്ട് കാട് വെട്ടിത്തെളിച്ചാണ് കെട്ടിടം പണിയുന്നത്.
വരൾച്ചയും കനത്ത മഴയും പ്രളയവും മഹാമാരികളും നമ്മെ തേടി എത്തിക്കഴിഞ്ഞു. മനുഷ്യൻ ചെയ്തു കൂട്ടിയതിന് അവൻ അനുഭവിച്ചേ തീരു. അത് പ്രകൃതി നിയമമാണ് – കൃഷ്ണൻ മാഷ് പറയുന്നു. നാല് പതിറ്റാണ്ട് മുമ്പ് സംസ്ഥാന പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ ഡിസൈനറായി പ്രവർത്തിക്കുമ്പോൾ പി.വി.കൃഷ്ണൻ വരച്ച പോസ്റ്റർ ഇന്നും പ്രസക്തം.
കൂടു വെക്കാൻ സ്ഥലമില്ലാതെ മരക്കുറ്റിക്കു മുകളിൽ മുട്ടയുമായി ഇരിക്കുന്ന കുരുവിയുടെ ചിത്രം പോസ്റ്ററായി ഇറങ്ങിയത് ഇന്നും ചർച്ച ചെയ്യപ്പെടുന്നു. സൈലന്റ് വാലി പ്രക്ഷോഭം നടക്കുന്ന കാലത്ത് ഇറങ്ങിയ ആ പോസ്റ്റർ കേരളത്തിൽ പരിസ്ഥിതി നാശത്തിനെതിരെയുള്ള ശക്തമായ പ്രചാരണ ആയുധമായി.
കാലങ്ങളോളം അത് ചർച്ച ചെയ്യപ്പെട്ടു. അന്നുതൊട്ട് ഇന്നോളം വരച്ച പല കാർട്ടൂണുകളും പ്രകൃതിയെ രക്ഷിക്കാൻ വെമ്പുന്ന കലാകാരന്റെ ആവിഷ്ക്കാരമായിരുന്നു. സർവ്വീസിൽ നിന്ന് വിരമിച്ച ശേഷവും പ്രകൃതിയെ സംരക്ഷിക്കണമെന്ന സന്ദേശവുമായി പല കാർട്ടൂണുകളും ആ തൂലികയിൽ വിരിഞ്ഞു. പ്രളയവും മാലിന്യവും വനനശീകരണവുമെല്ലാം വിഷയങ്ങളാക്കി അദ്ദേഹം കുറിക്കുകൊള്ളുന്ന കാർട്ടൂണുകൾ വരച്ചു.
ഫോട്ടോഗ്രാഫറും ചിത്രകാരനും കവിയുമായ അദ്ദേഹം എല്ലാ പരിസ്ഥിതി സമ്മേളനങ്ങൾക്കുമെത്താറുണ്ട്. കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരി പഞ്ചായത്തിലെ അരോളിയിൽ ജനിച്ച കൃഷ്ണൻ മാഷ് കല്യാശ്ശേരി സ്ക്കൂളിൽ നിന്നാണ് എസ്.എസ്.എൽ.സി പാസായത്. സ്ക്കൂളിലെ ചിത്രകലാ അധ്യാപകനായ കെ.കെ.ആചാരിയിൽ നിന്ന് ചിത്രകല പഠിച്ച് കെ.ജി.ടി.ഇ.പെയിന്റിങ്ങ് ഡിപ്ലോമ പാസായി.
കാസർകോട് ബേക്കൽ ഫിഷറീസ് ഹൈസ്കൂളിൽ താൽക്കാലിക ചിത്രകലാ അധ്യാപകനായി. അതു കഴിഞ്ഞ് മുല്ലക്കൊടി എ.യു.പി സക്കുളിലും മായിപ്പാടി ബേസിക് ട്രെയിങ്ങ് സ്ക്കൂളിലും പ്രവർത്തിച്ചു.1976 ൽ തിരുവനന്തപുരത്ത് പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ ഒരു വർഷം ഡെപ്യൂട്ടേഷനിൽ ഡിസൈനറായി പ്രവർത്തിച്ചു.പിന്നെ അവിടെ സ്ഥിരപ്പെടുത്തി. സർക്കാർ പരസ്യങ്ങൾക്കും മറ്റും ഡിസൈൻ തയ്യാറാക്കലും പുസ്തക കവർ രൂപപ്പെടുത്തലുമൊക്കെയായിരുന്നു അവിടെ ജോലി.
പബ്ലിക്ക് റിലേഷൻസിന്റെ ‘ ജനപഥം ‘ മാസികയും ഡിസൈൻ ചെയ്തു. ഇതിനിടയിലാണ് കവയിത്രി സുഗതകുമാരിയും മറ്റും മുൻ നിരയിൽ നിന്ന് സൈലന്റ് വാലി ജലവൈദ്യുത പദ്ധതിക്കെതിരെ പ്രക്ഷോഭം തുടങ്ങിയത്. അന്ന് തോട്ടം രാജശേഖരനായിരുന്നു പബ്ലിക്ക് റിലേഷൻസ് ഡയരക്ടർ .അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണമാണ് കുരുവിയുടെ ചിത്രമുള്ള പോസ്റ്റർ ഡിസൈൻ ചെയ്തത്. ‘പ്രകൃതിയുടെ കണ്ണുനീർ ‘ എന്ന ഇതിന്റെ തലക്കെട്ട് അദ്ദേഹത്തിന്റേതാണ്. പോസ്റ്റർ ഇംഗ്ലീഷിലും ഇറക്കി.
കുങ്കുമം എഡിറ്ററായിരുന്ന എൻ.വി.കൃഷ്ണവാരിയർ പറഞ്ഞതനുസരിച്ച് തുടങ്ങിയ അഴ്ചപ്പതിലെ ‘സാക്ഷി ‘ എന്ന കാർട്ടൂൺ 40 വർഷം മുടങ്ങാതെ വരച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘കുട്ടൻ കണ്ടതും കേട്ടതും’ എന്ന കാർട്ടൂൺ പംക്തിയും രണ്ടു വർഷം വരച്ചു. 1997ലാണ് സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ചത്. ഇപ്പോൾ കാസർകോട് നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ ഉത്തരദേശം ‘ ദിനപ്പത്രത്തിൽ കാർട്ടൂൺ വരക്കുന്നുണ്ട്.
ഒട്ടേറെ കാർട്ടൂൺ പ്രദർശനങ്ങൾ നടത്തിയിട്ടുള്ള പി.വി.കൃഷണന് കാർട്ടൂണിസ്റ്റ് ശിവറാം പുരസ്ക്കാരമടക്കം പല അവാർഡുകളും കിട്ടിയിട്ടുണ്ട്. വിരമിച്ച ശേഷം തിരുവനന്തപുരം ശ്രീകാര്യത്തിനടുത്ത് കരിയത്താണ് താമസം. റിട്ട. അധ്യാപിക വി.വി. മേഴ്സിയാണ് ഭാര്യ. മക്കൾ: രേഖ, ബിന്ദു. മരുമകൻ: അഡ്വ.കെ.ജെ.സനൽ
Good