പ്രകൃതിയിലെ അതിജീവനം…നൊമ്പരമായി ഈ മൈനയമ്മ

ഒറ്റക്കാലിൽ നടന്ന് ഇര തേടുന്ന മൈനയുടെ അപൂർവ്വ ചിത്രം ക്യാമറയില്‍ പകർത്തിയ ഡോ. പി.വി.മോഹനൻ പ്രകൃതിയിലെ അതിജീവനത്തെക്കുറിച്ച് എഴുതുന്നു. മൃഗസംരക്ഷണ വകുപ്പിൽ നിന്ന് അസിസ്റ്റന്റ് ഡയരക്ടറായി വിരമിച്ച മോഹനൻ ഫോട്ടോഗ്രാഫറും ഗ്രന്ഥകാരനുമാണ്.

ഒരു ദിവസം കാറോടിച്ചു പോകുന്ന സമയത്ത് റോഡരികിൽ ഒരു മൈന ചാടി ചാടി പോകുന്നതു കണ്ടു.  മൈന സാധാരണ ചാടി  നടക്കുന്ന പക്ഷിയല്ല. എന്തോ പന്തികേടുണ്ടെന്ന് എന്റെ മനസ്സ് പറഞ്ഞു. 

കാർ മെല്ലെ നിർത്തി ക്യാമറയുമായി പുറത്തേക്കിറങ്ങി. പതുങ്ങി നിന്ന് സൂക്ഷിച്ചു നോക്കിയപ്പോഴാണ് മൈനക്ക് ഒരു കാലേ ഉള്ളൂ എന്ന് മനസ്സിലായത് . ഒറ്റക്കാലിലാണ് ചാട്ടം. പത്ത് മിനുട്ടോളം ഞാൻ മൈനയെ ശ്രദ്ധിച്ചു. അത് അടുത്തുള്ള പുല്ലിലേക്കിറങ്ങി അവിടെ കാത്തിരുന്നു. ഇരയ്ക്കായുള്ള കാത്തിരിപ്പ് .

പുൽക്കൊടിയിൽ വന്നിരുന്ന ഒരു തൂവാന തുമ്പിയെ കൊക്കിലാക്കി പുല്ലിൽ നിന്ന് പുറത്തേക്ക് വന്നു. തുമ്പിയെ തിന്നാനുള്ള ശ്രമമൊന്നും കണ്ടില്ല. പെട്ടെന്നാണ് കൊക്കിലൊതുക്കിയ തുമ്പിയുമായി  അത് പറന്നകന്നത്. കൂട്ടിൽ കാത്തിരിക്കുന്ന കുഞ്ഞുങ്ങൾക്കു വേണ്ടി ഇര തേടിപ്പിടിച്ച വികലാംഗയായ മൈനയമ്മ. കണ്ണു നനയുന്ന കാഴ്ച !

ഇരയെ കൊക്കിലാക്കി പറന്നുയരാൻ മൈന പ്രത്യേക പരിശ്രമം നടത്തുക തന്നെ ചെയ്തു. ഒറ്റക്കാലിൽ ഒന്ന് അമർത്ത് ചവിട്ടിയാണ് അത് ഉയർന്നുപൊങ്ങിയത്. പ്രകൃതിയിലെ അതിജീവനമാണ് ഈ കാഴ്ച. പക്ഷികൾക്കും മറ്റ് മൃഗങ്ങൾക്കും എന്തെങ്കിലും അപകടം പറ്റി മുറിവുണ്ടായാൽ അത് താനേ ഉണങ്ങും. ഒരു ചികിത്സയും വേണ്ട.

എന്നാൽ ഈ സമയത്തും അവ ഇര തേടിയിറങ്ങും. മൈന പറന്നു പോയപ്പോഴേക്കും കുറേയേറെ ചിത്രങ്ങൾ എന്റെ ക്യാമറയിൽ പതിഞ്ഞു. ഞാൻ ഈ ചിത്രങ്ങൾ വലുതാക്കി നോക്കക്കണ്ടു. വേലിപ്പടർപ്പിലോ കമ്പികൾക്കിടയിലോ കുടുങ്ങിയാവാം മൈനയുടെ കാൽ നഷ്ടപ്പെട്ടതെന്ന് തോന്നി. ഈ ദൃശ്യം കണ്ടപ്പോൾ ഞാൻ പണ്ട് എടുത്ത ഒരു ഫോട്ടോയാണ് ഓർമ്മ വന്നത്.

എന്റെ അയൽവാസിയായ അനന്തേട്ടൻ എന്ന കർഷകൻ വൈകല്യത്തെ വെല്ലുവിളിച്ച് ജീവിക്കുന്ന കാലത്തെ ഫോട്ടോ. 1996 ൽ ദേശീയ കാർഷിക മേളയിൽ ഫോട്ടോഗ്രാഫി മത്സരത്തിൽ ഇതിന് എനിക്ക് ഒന്നാം സമ്മാനവും കിട്ടി. അനന്തേട്ടൻ  ചെറുപ്പത്തിൽ മരത്തിൽ നിന്ന് വീണ് ഒരു കാൽമുട്ടിനു താഴെ നഷ്ടപ്പെട്ടു. ഒരു വടിയൂന്നിയായിരുന്നു അദ്ദേഹം എല്ലാ കൃഷിപ്പണിയും മറ്റ് ജോലികളും ചെയ്തിരുന്നത്. രണ്ടര  കിലോമീറ്റർ ദൂരം ശ്രീണ്ഠാപുരം വരെ ഈ വടിയൂന്നി അനന്തേട്ടൻ യാത്ര ചെയ്യും. ഏത് കുന്നും മലകളും അനന്തേട്ടന് കയറാൻ ഈ വടി മതി. തന്റെ അംഗ വൈകല്യം മറന്ന് അതിനെ അതിജീവിച്ച് അദ്ദേഹം എല്ലാവരെയും പോലെ സാധാരണ മനുഷ്യനായി ജീവിച്ചു. കൃത്രിമക്കാല് വെക്കാനൊന്നും അദ്ദേഹം പോയില്ല. അതിനുള്ള സാഹചര്യവും അന്നുണ്ടായിരുന്നില്ല.

പശുവിനെ പറമ്പിൽ കെട്ടാൻ കൊണ്ടുപോകുന്ന അനന്തേട്ടൻ

രണ്ട് കൊല്ലം കഴിയുന്തോറും വടി തേഞ്ഞ് നീളം കുറയുമെന്ന് അനന്തേട്ടൻ ഒരിക്കൽ പറഞ്ഞത് ഞാൻ ഓർക്കുന്നു. രാവിലെ പശുവിനെ പറമ്പിൽ കെട്ടാൻ കൊണ്ടുപോകുന്ന ആ ചിത്രം എടുത്തത് 1991 ൽ ആണ്. വളരെ അനുസരണയിൽ പിറകെ നടക്കുന്ന പശു തന്റെ ഉടമയുടെ വൈകല്യം തിരിച്ചറിഞ്ഞ പോലെയുണ്ട്. കയർ കക്ഷത്ത് ചുരുട്ടി  വെച്ചാണ് അനന്തേട്ടന്റെ വടികുത്തിയുള്ള നടപ്പ്. അദ്ദേഹം മരിച്ചിട്ട് 20 വർഷമായി. അന്ന് അനന്തേട്ടൻ നടന്ന ഈ മൺപാത ഇപ്പോൾ മെക്കാഡം റോഡായി മാറി.  ഫിലിം ക്യാമറയിലാണ് ചിത്രമെടുത്തത് . ഒളിമ്പസ് ആണെന്നാണ് ഓർമ്മ. 

One thought on “പ്രകൃതിയിലെ അതിജീവനം…നൊമ്പരമായി ഈ മൈനയമ്മ

Leave a Reply

Your email address will not be published. Required fields are marked *