മുത്താച്ചിപ്പാറയുടെ സൗന്ദര്യം നുകർന്ന് കലാകാരന്മാർ
ക്യാമ്പിൽ പങ്കെടുത്ത ചിത്രകാരൻ
രമേഷ് കോവുമ്മൽ എഴുതുന്നു
പ്രകൃതി സൗന്ദര്യം നുകർന്ന് കലാകാരന്മാർ മുത്താച്ചിപ്പാറയിൽ വർണ്ണ വിസ്മയം തീർത്തു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്ക് സമീപമാണ് തുറസ്സായ പാറപ്രദേശമുള്ള ഈ കുന്നിൻപുറം. കായണ്ണ ഗ്രാമ പഞ്ചായത്താണ് ‘വർണ്ണശില’ എന്ന പേരിൽ ചിത്രകലാ ക്യാമ്പ് നടത്തിയത്.
രണ്ടു ദിവസമായിരുന്നു ക്യാമ്പ്. പഞ്ചായത്താണ് ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കിയത്.16 ചിത്രകാരന്മാരാണ് ഇവിടെയെത്തി ചിത്രങ്ങൾ വരച്ചത്. നാലുപാടും പ്രകൃതി ആസ്വദിക്കാൻ പറ്റുന്ന വ്യൂ
പോയിൻ്റാണ് മുത്താച്ചിപ്പാറ. രണ്ടു ദിവസങ്ങളിലായി ഇവിടെ ക്യാമ്പ് ചെയ്ത കലാകാരന്മാർ ഒപ്പിയെടുത്തത് ചുറ്റുമുള്ള മനോഹര ദൃശ്യങ്ങൾ തന്നെ. പല സ്ഥലങ്ങളിലായി ഇരുന്ന് കലാകാരന്മാർ വർണ്ണം ചാലിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശശി, വൈസ് പ്രസിഡണ്ട് പി.ടി.ഷീബ എന്നിവർ ക്യാമ്പിലെത്തിയിരുന്നു. ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാൻ കഴിയുന്ന മുത്താച്ചിപ്പാറയുടെ സൗന്ദര്യം ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശവും ക്യാമ്പിനുണ്ടായിരുന്നു. ഈ പ്രദേശം കാണാൻ വാഹനങ്ങളിൽ സംഘങ്ങളായി
സഞ്ചാരികൾ എത്താറുണ്ട്. തണുപ്പും മഴയും ആസ്വദിച്ച് ചിത്രകാരമാർ വരയ്ക്കുന്നത് കാണാൻ നാട്ടുകാർ എത്തിയിരുന്നു. താമസ സൗകര്യം ഇല്ലാത്തതിനാൽ ചില വീടുകളിലാണ് കലാകാരന്മാർ തങ്ങിയത്. ഭക്ഷണവും മറ്റു സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കിയിരുന്നു. കോഴിക്കോട് നിന്ന് 40 കിലോമീറ്ററോളം ദൂരെയാണ് മുത്താച്ചിപ്പാറ.
പേരാമ്പ്ര റൂട്ടിൽ
മുളിയങ്ങൽ എന്ന സ്ഥലത്തിറങ്ങിയാൽ കായണ്ണ വഴി കരികണ്ടൻപാറ എന്ന പ്രദേശത്തേക്ക് ജീപ്പ് സർവ്വീസ് ഉണ്ട്. ഇതിനടുത്താണ് മുത്താച്ചിപ്പാറ. കലാകാരന്മാർ വരച്ച ചിത്രങ്ങൾ പഞ്ചായത്തിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.