ചലച്ചിത്രമേള: ടാഗോർ തീയേറ്ററിൽ മീഡിയ സെൽ തുറന്നു
മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ സെൽ തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഉദ്ഘാടനം ചെയ്തു. മലയാള സിനിമയുടെ ഭാവുകത്വത്തെയും സൗന്ദര്യ ബോധത്തെയും വലിയ രീതിയിൽ മാറ്റി മറിക്കാൻ കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു.
അതിവേഗം മാറുന്ന ഡിജിറ്റൽ ലോകത്തും മുൻതലമുറ കൈമാറിയ മൂല്യങ്ങളും നിരൂപകബോധവും സാംസ്കാരിക പൈതൃകവുമാണ് കേരളത്തിന്റെ സിനിമാ സംസ്കാരത്തെ ദിശാബോധത്തോടെ നയിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള മീഡിയ അക്കാദമി ചെയർപേഴ്സൺ ആർ.എസ്.ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി.സുഭാഷ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, മീഡിയ കമ്മിറ്റി കൺവീനർ അനുപമ ജി.നായർ, നടി സരയു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഡിസംബർ 12 മുതൽ 19 വരെയുള്ള ചലച്ചിത്രമേളയിലെ ഔദ്യോഗിക വാർത്തകളും പ്രദർശന വിവരങ്ങളും കലാ-സാംസ്കാരിക വിശേഷങ്ങളും ടാഗോർ തീയേറ്ററിൽ പ്രവർത്തിക്കുന്ന മീഡിയ സെല്ലിലൂടെ മാധ്യമ പ്രവർത്തകർക്ക് തത്സമയം ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.




















