നെഹ്റു ട്രോഫി ഭാഗ്യചിഹ്നമായ കുട്ടിയാനയ്ക്ക് പേരിട്ടു- കേശു

ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന കുട്ടിയാനയ്ക്ക് കേശു എന്ന് പേരിട്ടു. ജില്ല കളക്ടര്‍ ഹരിത വി. കുമാറാണ് കേശു എന്ന പേര് പ്രഖ്യാപിച്ചത്. ചലച്ചിത്ര സംവിധായകനും അഭിനേതാവുമായ സാജിദ് യഹിയ പേര് പതിച്ച ഭാഗ്യചിഹ്നം കളക്ടര്‍ക്ക് കൈമാറി.

വാട്സപ്പിലൂടെ 3217 എന്‍ട്രികളാണ് ലഭിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പടെ നിരവധി മലയാളികളും പേര് നിര്‍ദേശിച്ചിരുന്നു. കേശു എന്ന പേര് 25 പേര്‍ നിര്‍ദേശിച്ചു. ഇവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ പത്തനംതിട്ട മണ്ണടി പ്ലാവില പുത്തന്‍വീട്ടില്‍ വൃന്ദകുമാറിനെ വിജയിയായി പ്രഖ്യാപിച്ചു. വിജയിക്ക് ആലപ്പുഴ മുല്ലയ്ക്കല്‍ നൂര്‍ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നല്‍കുന്ന സ്വര്‍ണ നാണയം സമ്മാനമായി ലഭിക്കും.

സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് ജേതാവ് സുധര്‍മദാസ്, ദൂരദര്‍ശന്‍ കമന്റേറ്റര്‍ ഹരികുമാര്‍ വാലേത്ത്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍. റോയ് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പേര് തിരഞ്ഞെടുത്തത്.

കളക്ടറുടെ ചേംബറില്‍ നടന്ന പ്രഖ്യാപനച്ചടങ്ങില്‍ പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ നസീര്‍ പുന്നയ്ക്കല്‍, കൗണ്‍സിലര്‍ സിമി ഷാഫി ഖാന്‍, കമ്മിറ്റി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ കെ. നാസര്‍, ഹരികുമാര്‍ വാലേത്ത്, എബി തോമസ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *