മനം നിറച്ച് കരസേനയുടെ സംഗീത-ആയോധന വിരുന്ന്
കരസേനയുടെ സംഗീത-ആയോധന വിരുന്ന് ബേപ്പൂരിന് വിസ്മയമായി. കലയും, ആയോധന മുറകളും ചേർന്നുള്ള വൈവിദ്ധ്യമാർന്ന പരിപാടിയാണ് രണ്ടാമത് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിൽ കരസേനയുടെ 122 ഇൻഫന്ററി ബറ്റാലിയൻ അവതരിപ്പിച്ചത്. തീവലയങ്ങൾക്കുള്ളിലൂടെ ചാടിമറിഞ്ഞ് അവതരിപ്പിച്ച ഫയർ ഡാൻസും അഭ്യാസങ്ങളും വേറിട്ട അനുഭവമായി.
ചെണ്ടമേളത്തോടെ തുടക്കമിട്ട പരിപാടിയിൽ ഫയർ ഡാൻസും കളരിമുറകളും അരങ്ങേറി. ചെണ്ടയുടെ അകമ്പടിയോടെ വാളും പരിചയുമേന്തി മെയ്വഴക്കത്തോടെ അവതരിപ്പിച്ച കളരിമുറകൾ സദസ്സിനെ കോരിത്തരിപ്പിച്ചു. വാൾപ്പയറ്റ്, കുന്തപ്പയറ്റ്, മെയ്പ്പയറ്റ്, വിവിധ ആയോധന ഉപകരണങ്ങൾ കൊണ്ടുള്ള അഭ്യാസപ്രകടനം എന്നിവയാണ്
അരങ്ങേറിയത്. ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മറ്റു ജനപ്രതിനിധികൾ എന്നിവരും ബീച്ചിലെ പ്രധാന വേദിയിൽ നടന്ന പരിപാടിക്ക് കാഴ്ച്ചക്കാരായി. സുബേദാർ സന്തോഷ് വി.വിയുടെ നേതൃത്വത്തിലാണ് സംഗീത-ആയോധന കലാപരിപാടി നടന്നത്. ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ ഇന്ത്യൻ ആർമിയുടെ പ്രദർശനവും നടക്കുന്നുണ്ട്. ആർമിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മനസിലാക്കാനും പഠിക്കാനും സാധിക്കും.
ഇൻഫെൻട്രി ബറ്റാലിയൻ മദ്രാസ്, ഇന്ത്യൻ ആർമിയുടെ ഭാഗമായ മദ്രാസ് റെജിമെന്റിന്റെ കീഴിലുള്ള ഈ യൂണിറ്റ് കോഴിക്കോട് വെസ്റ്റ്ഹിൽ ബാരക്സിലാണ് സ്ഥിതി ചെയ്യുന്നത്. മലബാർ ടെറിയേഴ്സ് എന്ന പേരിലും അറിയപ്പെടുന്ന ഈ യൂണിറ്റ് കേണൽ ഡി.നവീൻ ബൻജിറ്റ്, സുബേദാർ മേജർ അശോകൻ. പി, സെക്കന്റ് ഇൻ കമാന്റ് വിശ്വനാഥൻ. എസ്, മേജർ പവൻ കുമാർ യാദവ്, ക്യാപ്റ്റൻ അങ്കിത് ത്യാഗി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.