മുളയും ഈയ്യാം പുല്ലും കൊണ്ട് പെയിന്റിങ്ങ് ബ്രഷ് ഉണ്ടാക്കാം
പറമ്പിലും പാടത്തും കാണുന്ന ഈയ്യാം പുല്ലുകൊണ്ട് പെയിന്റിങ്ങ് ബ്രഷ് സ്വന്തമായി ഉണ്ടാക്കാം. കോവിഡ് കാലമായതിനാൽ കടകളിലും മറ്റും പോയി ബ്രഷ് വാങ്ങാൻ ബുദ്ധിമുട്ടു വരുമ്പോൾ ഇത്തരത്തിൽ ബ്രഷ് ഉണ്ടാക്കി ഉപയോഗിക്കാം. കോഴിക്കോട് മേപ്പയ്യൂർ സ്വദേശിയും മ്യൂറൽ ചിത്രകാരനുമായ രമേഷ് കോവുമ്മലാണ് ഇത്തരത്തിൽ ബ്രഷ് ഉണ്ടാക്കി ചിത്രരചന നടത്തുന്നത്.
ഉണങ്ങിക്കിടക്കുന്ന പ്രദേശങ്ങളിലെല്ലാം ഈയ്യാം പുല്ല് കാണാം. മുളകൊണ്ട് ബ്രഷിന്റെ പിടി ഉണ്ടാക്കി അതിൽ പുല്ല് പിടിപ്പിക്കുകയാണ് ചെയ്യുന്നത്. മുള നല്ലപോലെ ചെത്തി ബ്രഷിന്റെ പിടിയുടെ രൂപത്തിലാക്കണം. ഇതിന്റെ ഒരറ്റം കൂർപ്പിച്ചെടുക്കണം. ഈയ്യാം പുല്ല് തണ്ടിൽ നിന്ന് ആവശ്യമുള്ളത്ര ഊരിയെടുത്ത് വെള്ളത്തിലിട്ട് കുതിർത്ത് കൈയിലെടുത്ത് ബ്രഷിന്റെ പീലിപോലെയാക്കി കടഭാഗത്ത് നീളമുള്ള നൂലുകൊണ്ട് കെട്ടി ബാക്കി മുറിച്ചു മാറ്റണം.
ഇതിനകത്തേക്ക് പിടിയുടെ കൂർത്ത അറ്റം കയറ്റി നൂലുകൊണ്ട് ചുറ്റിക്കെട്ടിയാൽ ബ്രഷ് തയ്യാറായി. ഈയ്യാം പുല്ലിൽ പെയിന്റ് നല്ല പോലെ പിടിക്കും. സാധാരണ ബ്രഷ് പോലെ ഇത് ഉപയോഗിക്കാം. വളരെ നേരിയ പീലിയുള്ള ബ്രഷും ഈ രീതിയിൽ ഉണ്ടാക്കാം. പുല്ലിന്റെ കട്ടി കൂട്ടി 1, 2, 3 എന്നിങ്ങനെ ഏത് നമ്പർ ബഷും ഉണ്ടാക്കിയെടുക്കാമെന്ന് രമേഷ് പറയുന്നു. പഴയ കാലത്ത് ക്ഷേത്ര ചുവരുകളിൽ പ്രകൃതിദത്ത വർണ്ണങ്ങൾ കൊണ്ട് ചുവർചിത്രം വരയ്ക്കുമ്പോൾ ഇതു പോലുള്ള ബ്രഷ് ഉപയോഗിച്ചിരുന്നു. മുമ്പ് ഗുരുവായൂർ മമ്മിയൂർ ക്ഷേത്രത്തിൽ ചുവർ ചിത്രം വരക്കുമ്പോൾ ഇത്തരം ബ്രഷ് താൻ ഉപയോഗിച്ചിരുന്നുവെന്ന് രമേഷ് പറഞ്ഞു.
പയ്യോളി കീഴൂർ ക്ഷേത്രത്തിലും ചുവർ ചിത്രം വരയ്ക്കുമ്പോൾ ഈ ബ്രഷ് ഉപയോഗിച്ചിരുന്നു. ഗുരുവായൂർ ദേവസ്വത്തിന്റെ ചുവർ ചിത്രകലാ പഠന കേന്ദ്രത്തിൽ നിന്ന് പഠനം പൂർത്തിയാക്കിയ രമേഷ് കോവുമ്മൽ മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂർ തുടങ്ങി പല നഗരങ്ങളിലേയും സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലും ചുവർ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. 30 വർഷമായി ഈ രംഗത്ത് പ്രവർത്തിച്ചു വരുന്നു. ഇത്തരത്തിൽ ബ്രഷ് ഉണ്ടാക്കുന്ന രീതി രമേഷ് യു ട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.