ചമയപ്പുര: മേക്കപ്പ് വര്‍ക്ക്ഷോപ്പ് തുടങ്ങി
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ചയമയപ്പുര നാഷണല്‍ മേക്കപ്പ് വര്‍ക്ക്ഷോപ്പിന് അക്കാദമിയില്‍ വര്‍ണ്ണാഭമായ തുടക്കം. ചലച്ചിത്ര സംവിധായകന് കമല്‍ ഉദ്ഘാടനം ചെയ്തു. കഥയെയും കഥാപാത്രങ്ങളെയും പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്നതില്‍ അഭിനയത്തോളം തന്നെ ചമയത്തിനും പ്രാധാന്യം ഉണ്ട്. പക്ഷെ പലരും ആ പ്രാധാന്യം മനസ്സിലാക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
സെല്ലുലോയിഡ് എന്ന സിനിമയില്‍ പൃഥിരാജിന് ജെ.സി. ഡാനിയേലിന്റെ രൂപസാദൃശ്യം വരുത്തിയതിലും ആ കാലത്തെ ജനങ്ങളുടെ ജീവിതം തന്മയത്വത്തോടെ അഭ്രപാളിയില്‍ എത്തിച്ചതിലും പട്ടണം റഷീദ് എന്ന ചമയവിദഗ്ദ്ധന്റെ പ്രതിഭ എടുത്തുപറയണ്ടതാണെന്ന് കമല്‍ പറഞ്ഞു.
അക്കാദമി നിര്‍വാഹക സമിതി അംഗം സഹീര്‍ അലി അധ്യക്ഷത വഹിച്ചു. ശില്പശാല ഡയക്ടര്‍ പട്ടണം റഷീദ് സിനിമാനടന് സുനില്‍ സുഖദയുടെ മുഖത്ത് മേക്കപ്പ് ഇട്ടു കൊണ്ട് ക്ലാസ്സ് ആരംഭിച്ചു. വര്‍ക്ക്ഷോപ്പ് ഡേലിഗേറ്റുകള്ക്കുള്ള ബാഗ് വിതരണം കലാമണ്ഡലം പി.എസ്. ശാലിനിക്ക് നല്കി കമല്‍ നിര്‍വഹിച്ചു.
അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ആമുഖഭാഷണം നടത്തി. അക്കാദമി പ്രോഗ്രാം ഓഫീസര്‍ വി.കെ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. 30 ചമയകലാകാരന്മാരാണ് ശില്പശാലയില് പങ്കെടുക്കുന്നത്. ശില്പശാല ജൂണ്‍ 26ന് സമാപിക്കും.




















