നാലു മാസം കൊണ്ട് ചെണ്ട പഠിക്കാൻ മഡിയൻ രാധാകൃഷ്ണമാരാരുടെ ക്ലാസ്

തായമ്പകയും പഞ്ചാരിമേളവും പാണ്ടിമേളവും കേട്ടാൽ ആരും കോരിത്തരിച്ചു പോകും. വാദ്യ കലാകാരന്മാരുടെ കഴിവിനും മികവിനും തൃശ്ശൂർ പൂരം തന്നെ സാക്ഷി. ചെണ്ട പഠിച്ചെടുക്കാൻ കഠിനാധ്വാനം വേണമെന്ന ധാരണയോട് കാസർകോട് ജില്ലക്കാരനായ മഡിയൻ രാധാകൃഷ്ണമാരാർക്ക് യോജിപ്പില്ല. സാധാരണ സംഗീത ഉപകരണം പോലെ ചെണ്ടയും താല്പര്യമുണ്ടെങ്കിൽ പഠിച്ചെടുക്കാം. നാലു പതിറ്റാണ്ടായി വാദ്യമേ

ളങ്ങൾക്ക് നേതൃത്വം നൽകുന്ന രാധാകൃഷ്ണമാരാർക്ക് വാദ്യകല പാരമ്പര്യമായി കിട്ടിയതാണ്. അച്ഛൻ കെ.വി.കൃഷ്ണൻ കുട്ടി മാരാർ തന്നെയാണ് ആദ്യ ഗുരു. അച്ഛൻ ചെണ്ടയും തിമിലയും പഠിപ്പിക്കുന്ന കാലത്ത് 1984 ൽ എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചെണ്ട പരിശീലിച്ചു തുടങ്ങിയത്. എട്ടാം ക്ലാസിൽ തിരുവനന്തപുരം ഈസ്റ്റ് ഫോർട്ട് സെൻട്രൽ ഹൈസ്ക്കൂളിൽ ചേർന്നു.

സദനം വാസുദേവന്റെ ശിക്ഷണത്തിൽ ചെണ്ട പഠിക്കാനായിരുന്നു ഇത്. അന്ന് കഥകളി അവിടെ ഒരു വിഷയമായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ പോയും പഠിച്ചു. പത്താം ക്ലാസായപ്പോൾ നാട്ടിലേക്ക് തിരിച്ചു വന്ന് വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ഹയർ സെക്കന്ററി സ്ക്കൂളിൽ ചേർന്നു. ഈ കാലത്താണ് സംസ്ഥാന യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം കിട്ടിയത്. തുടർന്ന് പല്ലാവൂർ കുഞ്ഞുകുട്ടൻമാരാരുടെ കീഴിൽ തിമില പഠിച്ചു. പിന്നീട് മുഴുവൻ സമയ വാദ്യകലാകാരനായി. മഡിയൻ കൂലോം, 
രാധാകൃഷ്ണമാരാരും കഥകളി നടൻ കോട്ടക്കൽ സി.എം ഉണ്ണികൃഷ്ണനും കാഞ്ഞങ്ങാട്ടെ യുവജനോത്സവ വേദിയിൽ

 പയ്യന്നർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, കൂടൽമാണിക്യ ക്ഷേത്രം തുടങ്ങി കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും തായമ്പകയും പഞ്ചവാദ്യവും അവതരിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ ശിഷ്യന്മാരുണ്ട്. കാഞ്ഞങ്ങാട് അജാനൂർ പഞ്ചായത്തിൽ ഉദ്യോഗസ്ഥനായ അനുജൻ പി.ശ്രീധരനും ശിഷ്യന്മാരിൽപ്പെടുന്നു. നാലു മാസത്തെ ചെണ്ട പരിശീലനത്തിന്റെ ക്ലാസ് രാധാകൃഷ്ണന്റെ യുട്യൂബ് ചാനലിലുണ്ട്. ആദ്യ രണ്ടു മാസം പ്രതലം നിരപ്പായ കരിങ്കല്ലിൽ പുളിമുട്ടി കൊണ്ട് കൊട്ടി പഠിക്കണം.അദ്യത്തെ ഗണപതിക്കൈ കഴിഞ്ഞാൽ പാഠ കൈകൾ പഠിക്കണം. പിന്നീട് ചെണ്ടയിൽ വലംതലയിലാണ് പരിശീലിക്കേണ്ടത്. തുടർന്നാണ് സാധാരണ കൊട്ടുന്ന ഇടം തലയിൽ പരിശീലിക്കുക. അതു കഴിഞ്ഞാൽ തായമ്പക കൊട്ടാനുള്ള പരിശീലനമാണ്. ഇതെല്ലാം യു ട്യൂബിൽ വളരെ ലളിതമായി രാധാകൃഷ്ണൻ വിവരിക്കുന്നുണ്ട്. പാഠകൈകൾ നല്ലപോലെ സാധകം ചെയ്താൽ പിന്നീട് കാര്യങ്ങൾ എളുപ്പമാണ്.

താളബോധവും കൊട്ടിനോടുള്ള വാസനയുമുണ്ടെങ്കിൽ നാലുമാസം കൊണ്ട് തായമ്പക പഠിച്ചെടുക്കാം. ആഴ്ചയിൽ അഞ്ചു ദിവസം ഒരു മണിക്കൂർ വീതം പരിശീലിക്കണം. എല്ലാ ഞായറാഴ്ചയും പുതിയ ക്ലാസുകൾ യുട്യൂബിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. ചെണ്ടയുടെ വായ്ത്താരിക്ക് ലിപി കണ്ടു പിടിച്ച് ഈ രംഗത്ത് ഗവേഷണം നടത്തി വരികയാണ് രാധാകൃഷ്ണൻ. കാഞ്ഞങ്ങാട് സൗത്തിൽ താമസിക്കുന്ന രാധാകൃഷ്ണൻ ചെണ്ട – സർവ്വ വാദ്യകലാശാല എന്നൊരു ട്രസ്റ്റും നടത്തുന്നുണ്ട്. സുജാതയാണ് ഭാര്യ. ശില്പ, ശ്രേയ എന്നിവർ മക്കളാണ്.

 

Leave a Reply

Your email address will not be published. Required fields are marked *