‘എം.ടി: കാലം, കാഴ്ച’ ഫോട്ടോ പ്രദർശനം തുടങ്ങി

‘എം.ടി: കാലം, കാഴ്ച’ ഫോട്ടോ പ്രദർശനം കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങി. സീനിയർ ജേണലിസ്‌റ്റ്‌സ്‌ ഫോറം കോഴിക്കോട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രദർശനം കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

35 ഫോട്ടോഗ്രാഫർമാരുടെ നൂറിലധികം ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. 22 വരെയാണ് പ്രദർശനം. എം.ടി. വാസുദേവൻ നായരുടെ ജീവിതം, സാഹിത്യം, സിനിമ, ജന്മദേശമായ കൂടല്ലൂർ, തുഞ്ചൻ പറമ്പ്‌

തുടങ്ങിയവയുമായി ബന്ധപ്പെട്ട  ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്.
ഫോട്ടോഗ്രാഫർ പി.മുസ്‌തഫയുടെ നേതൃത്വത്തിൽ ഒരു സംഘം ന്യൂസ്‌ ഫോട്ടോഗ്രാഫർമാരാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.

പുനലൂർ രാജൻ, നീന ബാലൻ, ബി. ജയചന്ദ്രൻ, അജീബ്‌ കോമാച്ചി, റസാഖ്‌ കോട്ടക്കൽ, ഷാജുജോൺ, കെ.കെ.സന്തോഷ്‌, വിനയൻ, എ.കെ.ബിജുരാജ്‌, പ്രവീൺകുമാർ തുടങ്ങിയവരാണ് ചിത്രങ്ങൾ പകർത്തിയത്. ദേശാഭിമാനിയുടെയും എം.ടിയുടെയും ശേഖരത്തിലുള്ള ചിത്രങ്ങളും ഇതിൽ ഉൾപ്പെടും. എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകിട്ട്‌ ഏഴുവരെയാണ്‌ പ്രദർശനം.

സീനിയർ ജേണലിസ്‌റ്റ്‌സ്‌ ഫോറം സംസ്ഥാന പ്രസിഡന്റ്‌ അലക്‌സാണ്ടർ സാം, ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ, ജില്ലാ പ്രസിഡണ്ട് പി.പി. അബൂബക്കർ, സെക്രട്ടറി എം.സുധീന്ദ്രകുമാർ എന്നിവർ

ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ജനുവരി 19 ന് വൈകിട്ട്‌ അഞ്ച് മണിക്ക്‌ എം.ടിയുടെ ജീവിതത്തിലെ അസുലഭ നിമിഷങ്ങൾ പകർത്തിയ പ്രശസ്‌ത ഫോട്ടോഗ്രാഫർമാർ അവരുടെ അനുഭവം പങ്കുവയ്‌ക്കും.  കെ.എഫ്‌. ജോർജ്‌ അധ്യക്ഷനായിരിക്കും.

ജനുവരി 20ന്‌ തിങ്കളാഴ്‌ച ഡോക്യുമെന്ററി പ്രദർശനമാണ്‌. എം.ടിയുടെ  ‘നിർമാല്യം’ എന്ന ചലച്ചിത്രത്തെക്കുറിച്ച്‌ കാണി ഫിലിം സൊസൈറ്റി നിർമിച്ച ‘നിർമാല്യം പി.ഒ’, ചലച്ചിത്രകാരൻ കെ.പി. കുമാരന്റെ ‘എ മൊമന്റസ്‌ ലൈഫ്‌ ഇൻ ക്രിയേറ്റിവിറ്റി’ എന്നീ ഡോക്യുമെന്ററികളാണ്‌ വൈകിട്ട്‌ ആർട്ട്‌ ഗ്യാലറി പരിസരത്ത്‌ പ്രദർശിപ്പിക്കുക.

ജനുവരി 21ന്‌ വൈകിട്ട്‌ അഞ്ച് മണിക്ക്‌ ‘ഓർമ്മ മരത്തണലിൽ’ എന്ന പരിപാടിയാണ്‌. എം.ടിയുമായി അടുപ്പമുള്ള മാധ്യമ പ്രവർത്തകരായ  സാഹിത്യകാരന്മാർ എം. ടി.യെ അനുസ്‌മരിക്കുന്ന പരിപാടിയിൽ എം.ടി.യുടെ മകൾ അശ്വതി മുഖ്യാതിഥിയായിരിക്കും. യു.കെ കുമാരൻ, പി.കെ. പാറക്കടവ്‌, ജമാൽ കൊച്ചങ്ങാടി, ഡോ. കെ. ശ്രീകുമാർ, കെ.സി. നാരായണൻ, ഗോപി പഴയന്നൂർ, മധുശങ്കർ, ആർട്ടിസ്‌റ്റ്‌ മദനൻ തുടങ്ങിയവർ പങ്കെടുക്കും. കവി ഒ. പി. സുരേഷ്‌ അധ്യക്ഷനായിരിക്കും.

സമാപന ദിവസമായ ജനുവരി 22ന്‌ ബുധനാഴ്‌ച വൈകിട്ട്‌ അഞ്ച് മണിക്ക്‌ ‘എം ടി: ഭാഷയുടെ കാവലാൾ’ എന്ന വിഷയത്തിൽ  എഴുത്തുകാരൻ കെ. പി.രാമനുണ്ണി പ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *